Wednesday, April 21, 2010

സൈലന്റ്വാലി- a travelogue

നിളാതീരത്തിലൂടെ..
2008 ലെ വിഷുക്കാലത്താണ് ഞങ്ങളുടെ സൈലന്റ് വാലി യാത്ര. ഞങ്ങള്‍ എന്ന് പറയുമ്പോള്‍ ഞാനും ഷാനും പിന്നെ ഹനീഷും. ആദ്യമേ തന്നെ പറയട്ടെ..ഇത് പോലുള്ള യാത്രകള്‍ പോകുമ്പോള്‍ "നിനക്ക് വല്ല വട്ടുണ്ട്രാ..ഒരു സൈലന്റ് വാലി. നമുക്ക് വല്ല അതിരപ്പിള്യോ മൂന്നാറോ പൂവാഡാ. അതാവുമ്പോ രണ്ടെണ്ണം വിട്ടു സുഖായി വണ്ടീല് കിടക്കാല്ലോ.." എന്ന് പറയുന്ന സഖാക്കളെ ഒഴിവാക്കുന്നതാവും നല്ലത്. ഹനീഷ് ഈ ഒരു ടൈപ്പായിരുന്നെങ്കിലും ഞാനും ഷാനും കൂടെ അവനെ അടിച്ചമര്‍ത്തി. [അവന് ഇത് കാണില്ലെന്ന് കരുതാം].

സൈലന്റ് വാലി സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന തിയ്യതിക്ക് ഒരാഴ്ച മുന്‍പെങ്കിലും മുക്കാലിയിലെ ഫോറെസ്റ്റ് റേഞ്ച് ഓഫീസില് നിന്നും അനുമതി വാങ്ങേണ്ടതുണ്ട്. [ഫോണ് വഴി അനുമതി വാങ്ങാം. വിളിക്കേണ്ട നമ്പര്‍: 04924 - 253225 (ഫോറെസ്റ്റ് റേഞ്ച് ഓഫിസ്, മുക്കാലി)] നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന തിയ്യതി, സമയം, അംഗങ്ങളുടെ എണ്ണം എന്നിങ്ങനെ വിവരങ്ങള്‍ എല്ലാം അവര്‍ ശേഖരിക്കും. അവധിക്കാലത്തിനു നാട്ടിലെത്തുന്നതിന് മുന്പേ തന്നെ ഷാന്‍ അനുമതി വാങ്ങിവെച്ചിരുന്നു.

സൈലന്റ് വാലിയുടെ ബഫ്ഫര്‍ സോണില്‍ 4 മണിക്കൂര് നേരം നീണ്ടു നില്ല്ക്കുന്ന ഒരു ട്രെക്കിംഗ് മാത്രമേ അനുവദനീയമായുള്ളൂ. വൈകുന്നേരത്തോടെ മുക്കാലിയിലെ ഫോറെസ്റ്റ് റേഞ്ച് ഓഫീസില്‍ നിന്ന് തിരിച്ചു പോരണം. പുറത്തു രാത്രി തങ്ങാന്‍ പറ്റിയ ഹോട്ടെലോ റിസോര്‍ട്ടോ ഹോംസ്റ്റെയോ ഒന്നുമില്ല. കോര്‍ സോണിലേക്ക് സാധാരണ യാത്രികര്ക്ക് പ്രവേശനം കിട്ടില്ല. നിങ്ങള്‍ ഒരു serious naturalist ആണെങ്കില്‍ സ്പെഷ്യല്‍ അനുവാദം വാങ്ങാം, തിരുവനന്തപുരത്തെ ഫോറെസ്റ്റ് ഡിപ്പാര്ട്ട്മെന്റ് ഓഫീസില് നിന്നും. എന്നിരുന്നാലും കോര്‍ സോണിലെ കനത്ത ഉള്‍ക്കാടുകളിലേക്ക് പ്രവേശനാനുവാദം കിട്ടുക ഒരു മാതിരി അസാധ്യമാണ്; [നിങ്ങള് ഒരു ഫീല്‍ഡ് റിസര്‍ച്ചറോ മറ്റോ അല്ലെങ്കില്].
സൈലന്റ് വാലിയുടെ പ്രാധാന്യം, ചരിത്രം, ഇപ്പോള് നടന്നു കൊണ്ടിരിക്കുന്ന പ്രോജെക്ട്സ്, ജന്തുജാലങ്ങളുടെ സംക്ഷിപ്ത വിവരണം, അവിടെ എത്തിച്ചേരുന്ന വഴി, പാലിക്കേണ്ട നിയമങ്ങള്, പ്രവേശന/ ഗൈഡ്/ വാഹന/ ക്യാമറ ഫീസ്, സംബന്ധിച്ച കൂടുതല് വിവരങ്ങള്‍
ഇവിടെ. (ഈ വഴി നേരെ പോവല്ലേ..ബാക്ക് അടിച്ചു തിരിച്ചു വരണേ..)

2008 ഏപ്രില് 5നു പുലര്ച്ചെ 5 മണിക്കാണ് ഞങ്ങള്‍ യാത്ര തുടങ്ങുന്നത്. രണ്ടു ബൈക്കില്‍(യമഹ- ലിബറോ) ആയിരുന്നു യാത്ര.നാനൂറിലേറെ കിലോമീറ്റര്‍..എന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ബൈക്ക് യാത്രയായിരുന്നു അത്.കോളേജില്‍ പഠിക്കുമ്പോള്‍ മുതലേ അതിരപ്പിള്ളിക്ക്‌ നടത്തിയിട്ടുള്ള ചില ബൈക്ക് യാത്രകളാണ് ഇതിനു മുന്‍പത്തെ അനുഭവങ്ങള്‍.ഏറ്റവും അടുത്ത,നമ്മുടെ ചിന്തകളുമായി യോജിച്ചു പോകുന്ന സുഹൃത്തുക്കളുമായി ഇതുപോലെ ബൈക്കില്‍ യാത്രകള്‍ നടത്തുന്നതാണ് എന്റെ അഭിപ്രായത്തില്‍ നല്ലത്.2 ബൈക്കിലായി മൂന്നോ നാലോ പേര്‍..യാത്ര തുടങ്ങുന്നതിനു മുന്പേ തന്നെ ഷാന്റെ നിര്ദ്ദേശം.40കിലോമീറ്ററിലേറെ സ്പീഡ് വേണ്ട.സ്പീഡ് കൂടിയാല് പെട്ടെന്ന് ക്ഷീണമാവും.വര്‍ത്തമാനമൊക്കെ പറഞ്ഞു പതുക്കെ പോവാം.


ഷാന്, ഞങ്ങളുടെ team captain, tour co-ordinator.

ഹനീഷും ഞാനും.


വണ്ടി സ്റ്റാര്ട്ട് ചെയ്തതും ഞാന് കത്തിച്ചു വിട്ടു 80ഇല്‍. കുവൈറ്റില് വെച്ച് പല രാത്രികളിലും NH-17 ഹൈവേയിലൂടെ ബൈക്ക് കത്തിച്ചു വിടുന്നത് ഞാന് സ്വപ്നം കണ്ടിട്ടുണ്ട്.ഒരിക്കല് ഒരു ട്രാന്സ്പോര്ട്ട് ബസിന്റെ അടിയിലേക്ക് കുതിച്ചു പായുന്ന എന്നെക്കണ്ട് ഞാന് തന്നെ ഞെട്ടി ഉണര്‍ന്നിട്ടുണ്ട്.ബ്രേക്ക് പിടിക്കാന് എത്ര ആഗ്രഹിച്ചാലും കാലും വിരലുമോന്നും അനങ്ങില്ല. ഇതാണ് ഈ ജാതി സ്വപ്നങ്ങളുടെ കുഴപ്പം. ഞെരമ്പ് തന്നെ ഫ്രീസ് ആക്കിക്കളയും.
നമുക്ക് യാത്രയിലേക്ക് വരാം. ഈ പറഞ്ഞ വിവരങ്ങളൊന്നും ഷാന് അറിയില്ലല്ലോ.. 'ഇവനെന്താ വട്ടു പിടിച്ചോ..' എന്നും കരുതി തെറി വിളിച്ചു കൊണ്ട് ഷാനും അതെ സ്പീഡില് എന്നെ പിന്തുടരണ്ടി വന്നു.

ഇരിഞ്ഞാലക്കുട നിന്നുള്ള റോഡ് ഗുരുവായൂര്-കൊടുങ്ങല്ലൂര് (NH17) ഹൈവേയില് സന്ധിക്കുന്ന മൂന്നുപീടിക വഴിയായിരുന്നു യാത്ര. അവിടെ നിന്നും വണ്ടിയുടെ പള്ള നിറച്ചു യാത്ര തുടര്ന്നു.യാത്ര തുടങ്ങി അര മണിക്കൂറിനു ശേഷം ചേറ്റുവ പാലത്തിലാണ് പിന്നെ വണ്ടി നിര്ത്തിയത്. അപ്പോഴേക്കും ഉദയമായി.


മേഘങ്ങള്‍ കാരണം സൂര്യോദയം ഞങ്ങള്‍ക്ക് ക്യാമറയില്‍ കിട്ടിയില്ല. ചേറ്റുവ പാലത്തില്‍ നിന്നുള്ള പുഴയുടെ ചില ദൃശ്യങ്ങള്‍..


റൂട്ട് മാപ് നോക്കി മുന്കൂട്ടി നിശ്ചയിച്ചൊന്നുമായിരുന്നില്ല ഞങ്ങളുടെ യാത്ര. ഈ അനിശ്ചിതത്വം തന്നെയാണ് ഇത്തരം യാത്രകളുടെ ഭംഗിയും. പിന്നെ കാണുന്ന സ്ഥലത്തെല്ലാം വണ്ടി നിര്‍ത്തി കാഴ്ചകളെല്ലാം പകര്‍ത്തി..

സത്യത്തില് വയനാട്ടിലേക്ക് എന്ന് പറഞ്ഞാണ് ഞങ്ങള് യാത്ര തുടങ്ങിയത്. അവിടെ പൂക്കോട് തടാകം, മീന്മുട്ടി വെള്ളച്ചാട്ടം, എടക്കല് ഗുഹ ഒക്കെ ചുറ്റിക്കറങ്ങി വരുന്ന വഴിക്ക് പിറ്റേ ദിവസം സൈലന്റ് വാലി കണ്ടു മടക്കം. ഇങ്ങനെ 2 മുഴുവന് ദിവസ പരിപാടി. സൈലന്റ് വാലിയില് ട്രെക്കിംഗ് അടക്കം 4 മണിക്കൂര് നേരത്തെ പരിപാടിയെ ഉള്ളൂ. അതില്‍ കൂടുതല്‍ അവിടെ അനുവദനീയമല്ല. ഞങ്ങള്‍ തൃപ്രയാര്‍, ചേറ്റുവ, ചാവക്കാട്, ഗുരുവായൂര്, കുന്നംകുളം കഴിഞ്ഞു ഹൈവെയില്‍ നിന്ന് പട്ടാമ്പിയിലേക്ക് ഇടത്തോട്ട് തിരിയുന്ന മെയിന്‍ റോഡില് എത്തിയപ്പോള് ടീം ലീഡര് ഷാന് വണ്ടി നിര്ത്തി. 'ഡാ, നമുക്ക് പട്ടാമ്പി, ഷോര്ണൂര്, ഒറ്റപ്പാലം വഴി തിരുവില്വാമല പോയാലോ. എന്നിട്ട് രാത്രി ഒറ്റപ്പാലം തങ്ങി നാളെ പുലര്ച്ചെ സൈലന്റ് വാലിക്ക് പോകാം. വയനാട്ടിലേക്ക് 340 കിലോ മീറ്ററോളം അങ്ങോട്ടും പിന്നെ തിരിച്ചിങ്ങോട്ടും വണ്ടിയോടിച്ചാല് നടുവിന്റെ ഊപ്പാട് ഇളകുമെന്നു മനസ്സിലാക്കി ഞാന് പെട്ടെന്ന് തന്നെ സമ്മതം മൂളി. വെറുതെയല്ല സായിപ്പന്മാര്‍ ഇത്തരം യാത്രകള്ക്ക് ബുള്ളെറ്റ് ഉപയോഗിക്കുന്നത്! ഹനീഷും വീട്ടില് നിന്ന് കൂളിംഗ്ഗ്ലാസ് ഒക്കെ വെച്ച് ചുള്ളനായി ഇറങ്ങി പുറപ്പെട്ട ഉഷാറില്ല. അങ്ങനെ പാതിവഴിയില്‍ ഗതി തിരിച്ചു ഭാരതപ്പുഴയുടെ തീരം പറ്റി വള്ളുവനാട്ടിലൂടെ..


ഷോര്‍ണൂര്‍ എത്തുന്നതിനു മുന്പ് പട്ടാമ്പി പാലത്തില് നിന്നുള്ള കാഴ്ച:


ഭാരതപ്പുഴയുടെ ന്യൂസ് വാല്യുവുള്ള ചില ചിത്രങ്ങള്‍.. നദിയില് നിന്നുള്ള മണല്‍ വാരല്‍ നേരിട്ട് ബാധിക്കില്ലെന്ന് കരുതുന്ന നാട്ടുകാരും എറണാകുളത്തിന് വടക്ക് കേരളമില്ലെന്നു കരുതുന്ന ചാനലുകാരും ഇടപെടാത്തത് കാരണം ഇവിടെ നദിയില്‍ നിന്നുള്ള മണല്‍വാരല്‍ നിര്‍ബാധം തുടരുന്നു. ഇവരൊന്നും ഇടപെടാതെ അധികൃതര്‍ ഇടപെടുന്നതെങ്ങനെ?!
ഇവിടെ ഈ നിളാതീരത്ത് ഇന്ന് ഇതൊരു പതിവുകാഴ്ചയാണ്..


ഞാന് ആദ്യം ഉപയോഗിച്ചിരുന്ന
canon s2isന്റെ 12X [432mm] സൂമിന്റെ സഹായത്തോടെ പകര്ത്തിയ ദൃശ്യമാണിത്. റോഡില് നിന്ന് കൊണ്ട് പുഴയ്ക്കു അപ്പുറത്ത് നിന്നുമെടുത്ത ചിത്രം.

ഷോര്‍ണൂര്‍ കഴിഞ്ഞു ഉച്ചയ്ക്ക് മുന്പ് പാലക്കാടന്‍ ജില്ലാ അതിര്‍ത്തി കടന്നു ഒറ്റപ്പാലത്തെത്തി. ഭക്ഷണം കഴിഞ്ഞു ഹോട്ടെലില്‍ റൂം എടുത്ത് വിശ്രമം. മലയാള സിനിമയുടെ ലോകേഷന്‍ തലസ്ഥാനമാണ്‌ ഈ കൊച്ചു ഗ്രാമം. മലയാളത്തിനു അന്യം നിന്ന് കൊണ്ടിരിക്കുന്ന കുളവും കല്‍പ്പടവുകളും നെല്‍പ്പാടങ്ങളും മണപ്പുറങ്ങളും നീണ്ട വരാന്തകളും നടുമുറ്റവുമുള്ള നാലുകെട്ടുകളും മനകളും പിന്നെ ഭാരതപ്പുഴയുടെ സാന്നിധ്യവും തന്നെ കാരണം. നാട്ടുപ്രമാണിമാരുടെ കഥകള്‍ പലതും ചിത്രീകരിച്ച 'വരിക്കാശ്ശേരി മന' സ്ഥിതി ചെയ്യുന്ന മനിശ്ശേരി ഒറ്റപ്പാലത്താണ്. സിനിമാ താരങ്ങളുടെ തിരക്ക് കാരണമാവാം കേരളത്തിലെ ഏതു പട്ടണത്തെക്കാലും കൂടുതല്‍ ഹോട്ടെലുകളും നല്ല സൌകര്യങ്ങളുള്ള റേസ്റ്റൊരെന്റുകളും ഈ ചെറുപട്ടണത്തിലുണ്ട്.

കൂര്‍ക്കം വലിച്ചുള്ള ഒരു ഉറക്കം കഴിഞ്ഞപ്പോളെക്കും 7 മണി! തിരുവില്വാമല പോക്ക് ക്യാന്‍സല്‍. പിന്നെ കഥകളും വിശേഷങ്ങളുമൊക്കെ പറഞ്ഞു രാത്രി ഏറെ വൈകും വരെ ഒറ്റപ്പാലം ബസ് സ്റാന്ടിലെ രാത്രി നഗരക്കാഴ്ചകള് കണ്ടു റൂമിന്റെ ബാല്‍ക്കണിയില്‍.. അനീറ്റയുടെ ഗവേഷണം,
മനോജിന്റെ ആദര്‍ശങ്ങളിലെ കടുംപിടുത്തവും പിന്നെ ഒരിക്കലും തീരാത്ത പഠനവും പരീക്ഷകളും, ഗോപന്റെയും പ്രിയയുടെയും സിന്ഗപ്പൂര്‍ വിശേഷങ്ങള്‍, ഹനീഷിന്റെ പ്രണയം, സെറാഫിന്‍ മാഷും ടീച്ചറും ചെയ്തു കൊണ്ടിരിക്കുന്ന പുതിയ പ്രൊജക്റ്റ്‌കള്‍ , കിരന്റെ പ്രണയസാക്ഷാത്ക്കാരവും വിവാഹവും പിന്നെ ക്യാമറ കൊണ്ടുള്ള വിക്രിയകളും! ..അങ്ങനെയങ്ങനെ. ഒരു കണക്കിന് സായാഹ്ന സവാരി ഒഴിവാക്കിയത് നന്നായി. അത്രയും എനര്‍ജി സേവ് ചെയ്തു നാളെ വീണ്ടും സൈലന്റ് വാലി യാത്ര തുടരാം...

23.04.2010 11.30PM

മാര്‍കഴിയില്‍ മല്ലിക പൂത്താല്‍..

ഏപ്രില്‍-6
പുലര്‍ച്ചെ 5 മണിക്ക് തന്നെ എഴുന്നേറ്റു ഞങ്ങള്‍ യാത്രക്ക് തയ്യാറായി. തലേന്നത്തെ യാത്രാക്ഷീണവും രാത്രി ബാല്‍കണിയില്‍ ഇരുന്നു അടിച്ച വിജയ്‌ മല്യയുടെ ബീയറും കാരണം ഉറക്കം സുഖമായിരുന്നു. ഹനീഷിന്റെ ഓരോ നിര്‍ബന്ധങ്ങള്‍.. [ഇത് ആരൊക്കെ വായിക്കുമെന്ന് എനിക്കൊരു ഊഹവുമില്ല; ഒരു തയ്യാറെടുപ്പ് എപ്പൊഴും നല്ലതല്ലേ. :)] അവനെ തലക്കടിച്ചു എണീപ്പിക്കാനും കുറച്ചു പ്രയാസപ്പെട്ടു. റൂം vacate ചെയ്തു ഷെഡില്‍ നിന്നും ബൈക്കുകള്‍ എടുത്ത് ഞങ്ങള്‍ റോഡിലേക്ക് ഇറങ്ങി.
റോഡ്‌ വിജനം. ബസ്‌ സ്ടണ്ടിനു അടുത്ത് ഒരു പെട്ടിക്കട തുറന്നിട്ടുണ്ട്. പുലര്‍ച്ചെ ഓടുന്ന ചില ആന വണ്ടികളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മാത്രം. പുലര്‍ച്ചെ തണുപ്പില്‍ കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ചു ഞങ്ങള്‍ അന്നത്തെ യാത്ര തുടങ്ങി. കൂട്ടത്തില്‍ പോകേണ്ട വഴിയുടെ ഒരു ധാരണയും കിട്ടി. ഒറ്റപ്പാലത്ത് നിന്നും പാലക്കാട് വഴിയും സൈലന്റ് വാലിക്ക് പോകാം. റോഡ്‌ നല്ലതാണെങ്കിലും ദൂരം ഒരുപാട് കൂടുതലാണ്.. അത്കൊണ്ട് ഞങ്ങള്‍ ഒറ്റപ്പാലത്ത് നിന്നും നേരിട്ട് മണ്ണാര്‍ക്കാട്-സൈലന്റ് വാലി റൂട്ട് തിരഞ്ഞെടുത്തു. നൂറിലേറെ കിലോമീറ്റര്‍ ഉള്ളത് കൊണ്ടാണ് യാത്ര അതിരാവിലെ തന്നെ തുടങ്ങാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. ഒരു പത്തു മണിക്കെങ്കിലും സൈലന്റ് വാലി എത്തിയില്ലെങ്കില്‍ പിന്നെ തിരിച്ചു വീട്ടിലെത്തുമ്പോള്‍ ഒരുപാട് വൈകും! സൈലന്റ് വാലിയിലെ ട്രെക്കിംഗ് ഒരു നാല് മണിക്കൂര്‍.. അങ്ങനെ 2 മണിക്ക് മടങ്ങിയാല്‍ 6-7 മണിക്കൂര്‍ വണ്ടിയോടിച്ചു രാത്രി 8-9 മണിക്ക് വീട്ടിലെത്താം. ഇതായിരുന്നു ഞങ്ങളുടെ പ്ലാന്‍.
അല്പം കൂടെ കാത്തിരിക്കു. ഇപ്പോഴും ഇരുട്ടാണ്‌. ഫോട്ടോ എടുക്കാനുള്ള പ്രകാശമായില്ല.

ഒരുപാട് വളവുകളും തിരിവുകളുമുള്ള വഴിയാണ് ഒറ്റപ്പാലം-മണ്ണാര്‍ക്കാട് റോഡ്‌ . ഞാന്‍ ഓടിച്ച ബൈക്കിലായിരുന്നു ഹനീഷ്. പലപ്പോളും എനിക്ക് തിരിവുകളില്‍ വണ്ടിയുടെ കണ്ട്രോള്‍ കിട്ടുന്നുണ്ടായിരുന്നില്ല. റോഡിന്‍റെ മധ്യം രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വണ്ടി പലപ്പോളും സൈടിലേക്കു തെന്നുന്നുണ്ടായിരുന്നു. റോഡിലാണെങ്കില്‍ ശരിക്ക് വെളിച്ചവുമില്ല. വണ്ടി തിരിയാതെ ഹെഡ് ലൈറ്റ് വെളിച്ചം റോഡില്‍ വീഴില്ലല്ലോ. അത് കൊണ്ട് ഷാര്‍പ് തിരിവുകളില്‍ മുന്‍കൂട്ടി റോഡ്‌ കാണാനാവുമായിരുന്നില്ല. റോഡില്‍ മറ്റു വണ്ടികള്‍ ഇല്ലാത്തത് കാരണം മാത്രം അപകടമൊന്നും സംഭവിച്ചില്ല.

എങ്കിലും ഈ യാത്ര ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. തമ്മില്‍ സംസാരിക്കുന്നില്ലെങ്കിലും ഷാനും അങ്ങനെ തന്നെയെന്നു എനിക്കറിയാമായിരുന്നു.
ഈ വഴികളിലെ സംസാരം തീര്‍ച്ചയായും അപകടമുണ്ടാക്കും.
ഷാന്‍ കാട്ടിലൂടെ നടക്കുന്നത് കണ്ടിട്ടുണ്ടോ? ആ മുഖം കണ്ടാലറിയാം. ഓരോ നിമിഷവും ആസ്വദിച്ച്‌..ഓരോ ചിറകടിയോച്ചയും കാതോര്‍ത്ത്..കാട്ടിലെ കരിയിലകള്‍ക്ക് പോലും ആലോസരമുണ്ടാക്കാതെ..പിപ്പനും അത് പോലെ തന്നെ. ഇവരുടെ കൂടെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ കാട് കയറിയിട്ടുള്ളത്.


കാടിനേയും പുഴകളെയും സ്നേഹിച്ച്..-ഷാനും പിപ്പനും (സുഗീഷ്)- ഒരു ഫയല്‍ ചിത്രം.[2009 ജനുവരിയിലെ ഞങ്ങളുടെ പീച്ചി യാത്രയില്‍ നിന്ന്..]

ഞങ്ങള്‍ മണ്ണാര്‍ക്കാട് എത്താറായി. വഴികളില്‍ പ്രകാശം വീണു തുടങ്ങി. നെല്ലിപ്പുഴയുടെ തീരത്ത്‌കൂടെയാണിപ്പോള്‍ ഞങ്ങളുടെ യാത്ര. നെല്ലിപ്പുഴയുടെയും സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയുടെയും ഇടയില്‍ കിടക്കുന്ന മനോഹരമായ ഒരു ചെറുപട്ടണമാണ് മണ്ണാര്‍ക്കാട്. മലയടിവാരത്തിലെ ഒരു താഴ്വാര പ്രദേശം..


സൂര്യോദയത്തിനു മുന്‍പത്തെ നാട്ടു വെളിച്ചത്തില്‍ നെല്ലിപ്പുഴ..അന്നത്തെ യാത്രയിലെ ഈ സുന്ദരദൃശ്യം മനസ്സില്‍ നിന്ന് മായില്ല. ഘനീഭവിച്ചു നില്‍ക്കുന്ന മഞ്ഞും frozen lake പോലെ ഓളങ്ങളില്ലാത്ത നിശ്ചലമായ പുഴയും..


കൂടുതലും കൃഷിപ്പണിക്കാരും കച്ചവടക്കാരും പിന്നെ കാടിനെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികളുമാണ് ഇവിടത്തെ നാട്ടുകാര്‍. കണ്ണടയും തമിഴും തുളുവുമൊക്കെ സംസാരിക്കുന്നവര്‍..ഇത്രയധികം വൈജാത്യമുള്ള ഒരു ജനത ഇത്ര സഹിഷ്ണുതയോടെ ജീവിക്കുന്ന ഒരു പട്ടണം കേരളത്തില്‍ വേറെ കാണില്ല. ഭൂരിഭാഗവും അന്നത്തെ അന്നത്തിനു വേണ്ടി വേല ചെയ്യുന്ന പാവങ്ങള്‍..അവര്‍ക്ക് വെറുതെ ചിലവഴിക്കാന്‍ സമയം ഇല്ലാത്തതാവാം കാരണം. മലയാറ്റൂര്‍ രാമകൃഷ്ണന്റെ 'പൊന്നി' ഇവിടത്തെ ആദിവാസി സമൂഹത്തെ അധികരിച്ച് എഴുതിയ നോവലാണ്‌. പത്താം ക്ലാസ്സ് കഴിഞ്ഞു ഇനിയെന്ത് എന്ന് അന്തം വിട്ടു നില്‍ക്കുന്ന സമയത്ത് പഞ്ചായത്ത് ലൈബ്രറിയിലെ ശശി ചേട്ടന്റെ കയ്യില്‍ നിന്ന് 'ഒന്ന് വീതം രണ്ടു നേരം' എന്ന കുറിപ്പടിയില്‍ ആര്‍ത്തി പിടിച്ചു വായിച്ചു തീര്‍ത്ത നോവലുകളില്‍ ഒന്നാണ് 'പൊന്നി'.

ടിപ്പു സുല്‍ത്താന്റെ പാലക്കാടന്‍ പടയോട്ടം മണ്ണാര്‍ക്കാട് വഴിയായിരുന്നു. അന്ന് ചരിത്രത്തിലെ പേര് 'mannarghat'. മണ്ണാര്‍ക്കാട് പൂരം പ്രസിദ്ധമാണ്. കേട്ടിട്ടില്ലേ- 'മാര്‍കഴിയില് മല്ലികൈ പൂത്താല്‍ മണ്ണാര്‍ക്കാട് പൂരം.. '.


അല്പം വ്യത്യസ്തമായ ഒരു സ്നാപ്, വിത്ത്‌ കുറച്ചു ജാഡ :)

രാവിലെ 7 മണി കഴിഞ്ഞു. നല്ല രീതിയില്‍ സൂര്യപ്രകാശം വീണു തുടങ്ങി. ഒറ്റപ്പാലം-മണ്ണാര്‍ക്കാട് റൂട്ടില്‍ ഹൃദയഹാരിയായ ഒരുപാട് പ്രകൃതി ദൃശ്യങ്ങളുണ്ട്. അങ്ങനെയുള്ളിടത്തോക്കെ ബൈക്ക് നിര്‍ത്തിയായിരുന്നു ഞങ്ങളുടെ യാത്ര. അത്തരമൊരു സ്ഥലം-പാലക്കാട് ജില്ലയില്‍ വിസിബിലിറ്റി പൊതുവേ കൂടുതലാണ്. ഒരു വസ്തുവോ പ്രകാശമോ കൃത്യമായി കാണുന്ന ദൂരത്തിന്റെ അളവാണ് വിസിബിലിറ്റി. ഇവിടത്തെ ഊഷരത, അന്തരീക്ഷത്തിലെ ഹുമിടിറ്റിയുടെ കുറവ്; ഇതൊക്കെയാവാം കാരണം. സൂര്യപ്രകാശത്തിന്റെ glare ഒഴിവായിക്കിട്ടിയാല്‍ പനകളുടെയും അത് പോലെയുള്ള വിദൂരദൃശ്യങ്ങളുടെയും തെളിമയാര്‍ന്ന ചിത്രങ്ങള്‍ കിട്ടാന്‍ ഇതാവാം കാരണം!ഏതൊരു ഹില്‍ സ്റ്റേഷന്‍ന്റെയും താഴ്വാരത്ത് കിടക്കുന്ന പട്ടണങ്ങളില്‍ ഹില്‍ സ്റ്റേഷന്‍ന്റെ ടൂറിസം സാധ്യതകള്‍ വികസിക്കുന്നതിനനുസരിച്ച് സൌന്ദര്യം നഷ്ടപ്പെടുന്നു. തെക്കടിയോടു ചേര്‍ന്ന് കിടക്കുന്ന കുമളി ഏറ്റവും നല്ല ഉദാഹരണമാണ്. പ്രകൃതി സൌന്ദര്യമെല്ലാം നഷ്ട്ടപ്പെടുത്തി അവിടെ കോണ്‍ക്രീറ്റ് കാടുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. സൈലന്റ് വാലിയില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശനനിയന്ത്രങ്ങളാവാം മണ്ണാര്‍ക്കാടിനെ സംരക്ഷിക്കുന്നത്! സൈലന്റ്വാലിയിലും റിസോര്‍ട്ടുകള്‍ ഉയരാന്‍പോകുന്നതിന്റെ വാര്‍ത്തകള്‍ അടുത്ത കാലത്ത് വാര്‍ത്തകളില്‍ കണ്ടിരുന്നു. സൈലന്റ് വാലിയുടെ ടൂറിസം സാധ്യതകള്‍ ചൂഷണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ റിയല്‍ എസ്റ്റേറ്റ്‌ മാഫിയയും കേരളത്തില്‍ കൂണ് പോലെ പൊട്ടിമുളച്ചിട്ടുള്ള പുത്തല്‍ റിസോര്‍ട്ടുകാരും ആദ്യം പിടിമുറുക്കുന്നത് ഈ ചെറുപട്ടണത്തിലായിരിക്കും!

മണ്ണാര്‍ക്കാട് പട്ടണത്തില്‍ നിന്നും ചായ കുടിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇനിയും ഒന്നര മണിക്കൂറില്‍ കൂടുതല്‍ യാത്രയുണ്ട് മുക്കാലിയിലുള്ള ഫോറെസ്റ്റ് റേഞ്ച് ഓഫീസിലേക്ക്. അവിടെ നിന്നുമാണ് ഞങ്ങളുടെ സൈലന്റ് വാലി ട്രെക്കിംഗ് തുടങ്ങുന്നത്.മണ്ണാര്‍ക്കാട് നിന്നും മുക്കാലിയിലേക്കുള്ള യാത്ര രസമാണ്. ശരിക്കും വനമേഖലയിലൂടെയാണിപ്പോള്‍ ഞങ്ങളുടെ യാത്ര. ചുറ്റും പ്രസരിപ്പ് പ്രദാനം ചെയ്യുന്ന പ്രകൃതി ദൃശ്യങ്ങള്‍..

മനോഹരമായ കാഴ്ചകളുള്ളിടത്തെല്ലാം ഞങ്ങള്‍ ബൈക്ക് നിര്‍ത്തി. ബൈക്ക് യാത്രയുടെ ഒരു സൗകര്യം ഇതാണ്. കാറിലോ ജീപ്പിലോ പോയാല്‍ ഈ സൗകര്യം ബുദ്ധിമുട്ടാണ്.

ഇടയ്ക്കു സൈലന്റ് വാലി കേരളജനതയ്ക്ക് മുന്‍പില്‍ ആദ്യമായി ഉയര്‍ത്തി വിട്ട പരിസ്ഥിതി ചിന്തകളുടെയും പോരാട്ടത്തിന്റെയും ചരിത്രം ഓര്‍മിപ്പിച്ചു കൊണ്ട് ചില ചുവരെഴുത്തുകളും..


9 മണിയോടെ ഞങ്ങള്‍ മുക്കാലിയിലെത്തി. വിചാരിച്ചതിലും ഒരു മണിക്കൂര്‍ നേരത്തെ..


8 മുതല്‍ 2 വരെയാണ് സൈലന്റ് വാലി ട്രെക്കിങ്ങിനുള്ള സന്ദര്‍ശക സമയം. നേരത്തെ കൂട്ടി ബുക്ക്‌ ചെയ്യാതെ കോയമ്പത്തൂര്‍ നിന്ന് വന്ന ചില സുഹൃത്തുക്കള്‍ പുറത്തു നില്‍പ്പുണ്ടായിരുന്നു. ദൂരസ്ഥലത്ത് നിന്ന് അവിടത്തെ നിയമങ്ങള്‍ അറിയാതെ എത്തിപ്പെടുന്നവര്‍ക്ക് ചില സഹായങ്ങള്‍ റേഞ്ച് ഓഫീസര്‍ ചെയ്തു കൊടുക്കാറുണ്ട്. അവരെയും കൂട്ടി ഞങ്ങളുടെ യാത്രക്കുള്ള ജീപ്പും ഗൈഡ്നെയും റേഞ്ച് ഓഫീസര്‍ ശരിയാക്കിതന്നു. മുക്കാലിയിലുള്ള നാലോ അന്ജോ പ്രൈവറ്റ് ജീപ്പുകളാണ് ഇങ്ങനെ 30 കിലോമീറ്റര്‍ അകലെയുള്ള വാച്ച് ടവറിലേക്ക് സര്‍വീസ് നടത്തുന്നത്. സ്വന്തം വാഹനത്തില്‍ ട്രെക്കിംഗ് നടത്തണമെന്നുള്ളവര്‍ക്ക് 500 രൂപ അടച്ചാല്‍ പ്രൈവറ്റ് വാഹനങ്ങള്‍ അകത്തേക്ക് അനുവദിക്കും [അപ്പോളും ഗൈഡ് നിര്‍ബന്ധമാണ്‌]. ജീപ്പോ SUV വാഹനങ്ങളോ ആണെന്ന്കില്‍ മാത്രം പ്രൈവറ്റ് വണ്ടികള്‍ അകത്തേക്ക് കൊണ്ട് പോകുന്നതായിരിക്കും ബുദ്ധി. അത്ര തന്നെ പൈസക്കാന് ജീപ്പ് അവിടെ സര്‍വീസ് നടത്തുന്നത്. 10 പേരോളം ഒരു ജീപ്പില്‍ കൊണ്ട് പോകും. അങ്ങനെ ഒരു 5 ട്രിപ്പ്‌. പരമാവധി 50 പേരില്‍ കൂടുതല്‍ ഒരു ദിവസം സൈലന്റ് വാലിയില്‍ നിയമപ്രകാരം അനുവദനീയമല്ല. ജീപ്പ് വാച് ടവറിനരികെയിട്ടു 2 കി.മി. നടന്നാല്‍ കുന്തിപ്പുഴക്ക്‌ കുറുകെ കെട്ടിയ തൂക്കുപാലത്തിലെത്താം.


-മുക്കാലിയിലെ ഫോറെസ്റ്റ് റേഞ്ച് ഓഫീസിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ്‌-

ഞങ്ങളുടെ ബാഗ്‌, ഹെല്‍മെറ്റ്‌ എല്ലാം റേഞ്ച് ഓഫീസില്‍ സൂക്ഷിക്കാനേല്‍പ്പിച്ചു ഞങ്ങള്‍ പുറത്തിറങ്ങി.
മുക്കാലിയില്‍ ഭക്ഷണത്തിന് എല്ലാവര്ക്കും ആശ്രയമായി ഒരു ഹോട്ടെലേയുള്ളൂ..ഫോറെസ്റ്റ് ഓഫീസിന്റെ നേരെ എതിര്‍വശത്തുള്ള ഇതിനെ ചായപ്പീടിക എന്ന് വിളിക്കുന്നതായിരിക്കും നല്ലത്. ദോശയും പഴം പൊരിയും തട്ടി ഉച്ചക്ക് ഫുഡിനുള്ള പാര്‍സെലുമെടുത്തു ഞങ്ങള്‍ ജീപ്പ് യാത്രക്ക് തയ്യാറായി.


മുക്കാലിയിലെ റേഞ്ച് ഓഫീസാണ് വലതു വശത്ത് കാണുന്നത്. ചെക്ക്‌ പോസ്റ്റ്‌ കടന്നു 'മരുത്' എന്ന ഗൈഡ്നെയും കൂട്ടി ഞങ്ങള്‍ യാത്രയാവുകയാണ്;
മനുഷ്യന്റെ കരസ്പര്‍ശമേറ്റു പങ്കിലമാകാത്ത കേരളത്തിന്റെ കന്യാവനങളിലേക്ക്..
5 കോടി വര്‍ഷങ്ങളിലൂടെ ഉരുത്തിരിഞ്ഞ മഴക്കാടുകളുടെ നിശ്ശബ്ദതയിലേക്ക്..


ഞങ്ങള്‍ പിന്തുടര്‍ന്ന വഴി:
പടിയൂര്‍, മൂന്നുപീടിക, തൃപ്രയാര്‍, ചേറ്റുവ, ഗുരുവായൂര്‍, കുന്നംകുളം, പെരുമ്പിലാവ്, പട്ടാമ്പി, ഷോര്‍ണൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, മുക്കാലി, സൈലന്റ്വാലി.


26.04.2010, 9.00PM
കന്യാവനങ്ങള്‍

ചെക്ക്‌ പോസ്റ്റ്‌ കഴിഞ്ഞു ജീപ്പ് യാത്ര തുടങ്ങിയപ്പോള്‍ തന്നെ അന്തരീക്ഷത്തിലെയും പരിസ്ഥിതിയിലെയും വ്യത്യാസം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. ഏതു വനത്തിലും കേള്‍ക്കുന്ന കാത്തു തുളക്കുന്ന ചീവീടിന്റെ മുഴക്കമില്ല. വനമേഖല നിശ്ശബ്ദമാണ്.പുരാതന കാലം മുതല്‍ക്കേ 'സൈരന്ധ്രി വനം' എന്നാണ് സൈലന്റ് വാലി അറിയപ്പെട്ടിരുന്നത്. കൌരവരുമായി പകിട കളിച്ചു രാജ്യം നഷ്ട്ടപ്പെടുത്തിയ പാണ്ഡവര്‍ 13 വര്‍ഷത്തെ വനവാസത്തില്‍ സൌത്ത് ഇന്ത്യ ഏരിയയാണ് പ്രധാനമായും എക്സ്പ്ലോര്‍ ചെയ്തത്. വനവാസത്തിനു ശേഷം സൈരന്ധ്രിയായി ഫാന്‍സി ഡ്രസ്സ്‌ ചെയ്ത പാന്ജാലി മുങ്ങിക്കുളിച്ച സ്വിമ്മിംഗ് പൂള്‍ സൈലന്റ് വാലിയിലുണ്ടത്രെ.. അതിനു ശേഷമാണ് പാന്ജാലിയുടെ പേരില്‍ 'സൈരന്ധ്രി വനം' എന്ന് ഈ വനം അറിയപ്പെടാന്‍ തുടങ്ങിയത്. കുന്തിപ്പുഴയില്‍ 'കുന്തി' മുങ്ങിക്കുളിച്ചിരുന്നോ എന്നറിയില്ല.

ബ്രിട്ടീഷ്‌ അധിനിവേശത്തിനു ശേഷം പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇവിടത്തെ ജൈവ വൈവിധ്യത്തെ കുറിച്ച് പഠിക്കാന്‍ വന്ന ചില ബ്രിട്ടിഷ് ബോട്ടാണിസ്റ്സ് ആണ് ഇതിനെ സൈലന്റ് വാലി എന്ന് വിളിച്ചത്. 'cicada' എന്ന് വിളിക്കുന്ന ചീവീട് വര്‍ഗ്ഗത്തില്‍ പെട്ട ഇന്ത്യയിലെ ട്രോപ്പിക്കല്‍ വനങ്ങളില്‍ കാണപ്പെടുന്ന ജീവിയുടെ അസാന്നിധ്യമാണ് ഈ താഴ്വരയിലെ വിസ്മയപ്പെടുത്തുന്ന നിശ്ശബ്തതക്ക് കാരണം.

ഈ പഠനങ്ങള്‍ക്ക് ശേഷമാണ് സൈലന്റ് വാലിയുടെ പ്രത്യേകതകളും 5 കോടി വര്‍ഷങ്ങള്‍ കൊണ്ട് ഉരുത്തിരിഞ്ഞ ഇവിടത്തെ ജൈവ വൈവിധ്യവും ലോകശ്രദ്ധ നേടുന്നത്. പരിണാമ സിദ്ധാന്തത്തിനു ശേഷം പല ശാസ്ത്രീയ പഠനങ്ങള്‍ക്കും സൈലന്റ് വാലി അതിന്റെ സ്വതസിദ്ധമായ പ്രത്യേകതകള്‍ കൊണ്ട് വേദിയായിട്ടുണ്ട്. 'മനുഷ്യന്റെ ഇടപെടലുകള്‍ ഇല്ല' എന്നത് തന്നെയാണ് അതിലെ ഏറ്റവും വലിയ പ്രത്യേകത.

സ്വാതന്ത്ര്യാനന്തര സൈലന്റ് വാലിയുടെ ചരിത്രം കേരളത്തിന്റെ പരിസ്ഥിതി ചിന്തകളുടെയും ചരിത്രമാണ്. കേരളജനതയുടെ മനസ്സില്‍ പരിസ്ഥിതി ചിന്തകളെ കുറിച്ചുള്ള ആകുലതകള്‍ക്കു വഴി മരുന്നിട്ടത് സൈലന്റ് വാലി പ്രക്ഷോഭമായിരുന്നു. അത് തന്നെയാണ് സൈലന്റ് വാലിയുടെ പ്രാധാന്യവും..
കേരള ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങി വെച്ച് കേരളജനത ഏറ്റെടുത്ത സമരമായിരുന്നു സൈലന്റ് വാലി പ്രക്ഷോഭം. 'മെയ്ദിനം' എന്ന് കേള്‍ക്കുമ്പോള്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ രക്തം തിളയ്ക്കുന്ന പോലെയായിരുന്നു (പണ്ട്, ഇപ്പോഴല്ല..)പരിസ്ഥിതി പ്രവര്‍ത്തകര്‍ സൈലന്റ് വാലിയെ കേട്ടിരുന്നത്. ഒരു കാലത്ത് പരിസ്ഥിതി പ്രവര്‍ത്തകരുടെ തീര്‍ഥാടനകേന്ദ്രമായിരുന്നു ഈ മഴക്കാടുകള്‍..ഇവിടെ തലം കെട്ടി നില്‍ക്കുന്ന നിശ്ശബ്ദത വായിച്ചെടുക്കാന്‍ ആവുന്നില്ലേ? ഡ്രാക്കുള കോട്ടയിലേക്ക് കുതിരവണ്ടിയില്‍ പോകുന്ന ജോനാതന്‍ ഹാര്‍ക്കരുടെ യാത്ര ഓര്‍മയില്‍ വന്നു.. എന്തോ ഒരു നിഗൂഡമായ ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നതിന്റെ ദുരൂഹതകള്‍..
ഈ ജീപ്പോടുന്ന വഴിത്താരകള്‍ ശ്രദ്ധിക്കു..പണ്ടെന്നോ കരിങ്കല്ല് പാകിയുണ്ടാക്കിയ ഈ വഴിയും അതിലൂടെ ദിവസേന ഓടുന്ന അന്ജോ ആറോ ജീപ്പിന്റെ ചക്രപ്പാടുകള്‍ ഒഴികെ മറ്റൊന്നും മനുഷ്യനിര്‍മ്മിതമായി നിങ്ങള്‍ക്കിവിടെ കാണാനാവില്ല. ഒരു കടലാസ് തുണ്ടോ പ്ലാസ്റ്റിക്‌ കവറോ കേരളത്തിന്റെ ഏതു നാട്ടുവഴികളില്‍ നിന്നും ഇഷ്ടം പോലെ പെറുക്കിയെടുക്കാവുന്ന ഹാന്‍സ് കവറുകളോ ഒന്നും.. സൈലന്റ് വാലി വനമേഖലയില്‍ ആത്മാര്‍ഥമായി പണിയെടുക്കുന്ന വനപാലകരുടെ കര്‍ശനനിര്‍ദ്ദേശം ഇക്കാര്യത്തിന് പുറകിലുണ്ട്.
കോയമ്പത്തൂര്‍ നിന്നും വന്ന 5 സുഹൃത്തുക്കള്‍, ഞങ്ങളുടെ ഗൈഡ് മരുത്, പിന്നെ ജീപ്പിന്റെ ഡ്രൈവര്‍ ഇവരാണ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത്. 'ഇരുള' എന്ന ആദിവാസി വിഭാഗത്തില്‍ പെട്ട മരുതിനു കാടിന്റെ മുക്കും മൂലയും പരിചിതമാണ്. അവിടെ കാണപ്പെടുന്ന ഔഷധസസ്യങ്ങളെ പ്പറ്റിയും ഇദ്ദേഹത്തിനു നല്ല ജ്ഞാനമുണ്ട്. ഇവര്‍ താമസിക്കുന്നത് തൊട്ടടുത്ത അട്ടപ്പാടി സംരക്ഷിത വനപ്രദേശത്താണ്. മുദുഗര്‍, കുറുമ്പര്‍, ഇരുളര്‍ എന്നീ ആദിവാസി വിഭാഗങ്ങളില്‍ പെട്ട പലരും ഇന്ന് ദിവസക്കൂലിക്ക് വനമേഖലയില്‍ പണിയെടുക്കുന്നു. ചിലര്‍ ഫോറെസ്റ്റ് ഗാര്‍ഡുമാരായും ചിലര്‍ വിസിറ്റര്‍ ഗൈഡ്മാരായും വനം വകുപ്പില്‍ ജോലി നോക്കുന്നു.ഫോട്ടോയെടുക്കാനുള്ള സൌകര്യത്തിനു മഹിന്ദ്ര ജീപ്പിന്റെ പുറകു വശത്ത് പുറത്തോട്ടുള്ള വ്യൂ കിട്ടുന്ന ഭാഗത്താണ് ഞാന്‍ ഇരുന്നിരുന്നത്. തൊട്ടടുത് ഹനീഷും പിന്നെ മുന്‍ സീറ്റില്‍ ഗൈഡ്ന്റെ കൂടെ വഴികാട്ടിയായി ഷാനും! ഷാന്റെ ആധികാരികമായ ചില ഡയലോഗുകള്‍ കേട്ടിട്ടാവണം മരുത് ഞങ്ങള്‍ക്ക് വേണ്ടി ചില സ്പെഷ്യല്‍ സഹായങ്ങളും ചെയ്തു തന്നു. ഞങ്ങള്‍ കേള്‍ക്കാത്ത ചില ശബ്ദങ്ങള്‍ കേട്ട് മരുത് വണ്ടി നിര്‍ത്തി. അപ്പോളൊക്കെ എന്തെങ്കിലും ജീവികളെയും ഞങ്ങള്‍ കണ്ടു.

30 കിലോമീറ്റര്‍ അകലെയുള്ള വാച്ച് ടവര്‍ ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ യാത്ര. കണ്ണിനും മനസ്സിനും കുളിരേകുന്ന കാഴ്ചകളാണ് റോഡിനു ഇരുവശവും. താഴെ താഴ്വാരങ്ങളില്‍ നില്‍ക്കുന്ന വൃക്ഷഭീമാന്മാരുടെ കൊമ്പുകള്‍ ഞങ്ങള്‍ പോകുന്ന വഴിയിലും തണല്‍ വിരിക്കുന്നുണ്ട്‌. സൈലന്റ് വാലിയുടെ യഥാര്‍ത്ഥ അതിര് കാണിക്കുന്ന കമാനം വഴിയില്‍ കാണുന്നുണ്ട്.ഏതോ ശബ്ദം കേട്ടിട്ടാവണം മരുത് വണ്ടി നിര്‍ത്താന്‍ പറഞ്ഞു.
ജീപ്പ് പോകുന്ന വഴിയുടെ ഒരു വശം ഉയര്‍ന്ന പ്രദേശവും മറുവശം കൊക്കയുമാണ്. അവിടെ വഴിയുടെ താഴെ അല്‍പ്പം അകലെയായി കണ്ട വലിയ ഒരു മരത്തിന്റെ ഉയര്‍ന്ന ചില്ലയില്‍ ഒരാള്‍ ഞങ്ങളെ തുറിച്ചു നോക്കി നില്‍ക്കുന്നു.ഞങ്ങളെക്കണ്ട് കാട്ടിലെ മറ്റു കൂട്ടുകാര്‍ക്കു സിഗ്നല്‍ കൊടുത്തതാണ് അദ്ദേഹം. 'ഏതോ മാരണങ്ങള്‍ നാട്ടില്‍ നിന്ന് കുറ്റിയും പറിച്ചു വരുന്നുണ്ട്. ബിവെയര്‍..'കാട്ടിലെ 'സിഗ്നല്‍ ബോയ്‌' എന്നറിയപ്പെടുന്ന
മലയണ്ണാന്‍. അതിരപ്പിള്ളി കാടുകളിലെങ്ങും ഇവിടെ കണ്ട അത്രയും വലിയ മലയണ്ണാനെ ഞാന്‍ കണ്ടിട്ടില്ല. തിളങ്ങുന്ന ചെമ്പന്‍ നിറവും കറുപ്പ് നിറവും ഇട കലര്‍ന്ന കോട്ടിന് നല്ല ഭംഗിയുണ്ടല്ലേ..

മരുതിന്റെ അഭിപ്രായത്തില്‍ ഭാഗ്യം ഉണ്ടെങ്കില്‍
സിംഹവാലന്‍ കുരങ്ങുകളെ കാണാം. ലോകത്തില്‍ സിംഹവാലന്‍ കുരങ്ങുകളുള്ള ഏകപ്രദേശമാണ്‌ സൈലന്റ് വാലി. സൈലന്റ് വാലി പ്രക്ഷോഭം ചൂടുപിടിച്ചിരുന്ന എഴുപതു-എണ്‍പത് കാലഘട്ടങ്ങളില്‍ സൈലന്റ് വാലിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും തന്നെ ഐക്കണ്‍ എമ്ബളമായിരുന്നു സിംഹവാലന്‍ കുരങ്ങുകള്‍. ചൈനയിലെ ഭീമന്‍ പാന്ടയെപ്പോലെ...

വണ്ടിയുടെ ഹനുമാന്‍ ഗിയറിന്റെ മൂളലില്‍ നിന്ന് വേറിട്ട്‌ ദൂരെയേതോ ഇലച്ചില്ലകള്‍ ഞെരിയുന്ന ശബ്ദം!
വണ്ടി നിര്‍ത്തി..
ക്യാമറയെടുത്തോളൂ എന്ന് മരുത്..വെയിറ്റ്..ഒന്ന് കൂടെ സൂം ചെയ്തോട്ടെ..കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മരുതിന്റെ കൂടെ പോയ സഞാരികള്‍ക്ക് കിട്ടാത്ത ഭാഗ്യമാണ്.
അദ്ധേഹത്തിന്റെ കണക്കില്‍ ഞങ്ങള്‍ ഭാഗ്യവാന്മാര്‍.വളരെയൊന്നും ജീവികളെ നിങ്ങള്‍ക്കീ യാത്രയില്‍ കാണാനാവില്ല. വന്യ ജീവികള്‍ക്ക് ആലോസരമുണ്ടാക്കണ്ട എന്നതിനാലാണ് 8 മണി മുതല്‍ 2 മണി വരെയായി മാത്രം സന്ദര്‍ശനസമയം ചുരുക്കിയിരിക്കുന്നത്.

30 കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചു ഞങ്ങള്‍ വാച്ച് ടവറിനരികെയെത്തി.

മനോഹരമായ കാഴ്ചകളാണ് ചുറ്റും..
നിങ്ങള്‍ ഒരു പൈന്റെര്‍ ആണെങ്കില്‍ എവിടെ ബോര്‍ഡ്‌ വെച്ച് ഏത് ദൃശ്യം പകര്‍ത്തണമെന്നറിയാതെ വിഷമിക്കും..
ഫോട്ടോഗ്രാഫര്‍ ആണെങ്കില്‍ എവിടേക്ക് ക്യാമറ തിരിക്കണമെന്നറിയാതെ വിഷമിക്കും..
കവിയാണെങ്കില്‍ ഏതു ദൃശ്യം വര്‍ണ്ണിക്കണമെന്നറിയാതെ വിഷമിക്കും..
മറ്റൊരിടത്തും കാണാത്ത 360 ഡിഗ്രിയില്‍ കടുംപച്ചപ്പട്ടു വിരിച്ചുകിടക്കുന്ന മലനിരകളുടെ ഒരു പനോരമിക് ദൃശ്യം ഇവിടെ നിങ്ങള്ക്ക് കാണാം.സൈലന്റ് വാലി കോര്‍ സോണിന്റെ ചില വിദൂര ദൃശ്യങ്ങളും ഇവിടെ നിന്ന് കാണാം.

വാച്ച് ടവറിന്റെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ താഴെ മലനിരകളിലൂടെ ഒഴുകുന്ന കുന്തിപ്പുഴ കാണാം.
ലാസ്യഭംഗിയില്‍ മയങ്ങിക്കിടക്കുന്ന പാര്‍വത കന്യകയുടെ അരയില്‍ ചുറ്റിപ്പിണര്‍ന്നു കിടക്കുന്ന വെള്ളിയരഞഞാണം പോലെ..

വാച്ച് ടവറില്‍ നിന്ന് 2 കിലോമീറ്റര്‍ നടന്നാല്‍ കാണുന്ന തൂക്കുപാലത്തിന്റെ ഒരു വിദൂര ദൃശ്യവും ടവറില്‍ നിന്നാല്‍ കാണാം.സൈലന്റ് വാലിയിലെ ജന്തുജാലങ്ങളെ സ്ലൈഡ് ഷോയുടെ സഹായത്തോടെ പരിചയപ്പെടുത്തുന്ന വനം വകുപ്പിന്റെ ഒരു എക്സിബിഷന്‍ സെന്‍റെര്‍ വാച്ച് ടവറിനു അടുത്തുണ്ട്.

ഇവിടെയുള്ള ഗാര്‍ഡുമായി ഞങ്ങള്‍ പെട്ടെന്ന് ചങ്ങാത്തത്തിലായി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് സൈലന്റ് വാലിയിലുള്ളതെന്നു ഞാന്‍ മുന്‍പ് പറയാന്‍ കാരണം ഇദ്ദേഹത്തെ പോലുള്ളവരെ ഓര്‍ത്തിട്ടാണ്.108 തരം ഓര്‍ക്കിടുകളെ സൈലന്റ് വാലിയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓഫീസിനു മുന്നിലും പലതരം ഓര്‍ക്കിഡുകള്‍ പരിപാലിക്കപ്പെടുന്നു..വാച്ച് ടവറിനടുത്തായി ഞങ്ങളുടെ ജീപ്പ് പാര്‍ക്ക് ചെയ്തിരിക്കുകയാണ്. അവിടെ നിന്നും കാട്ടുപാതയിലൂടെ 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുന്തിപ്പുഴക്ക്‌ കുറുകെ കെട്ടിയ തൂക്കുപാലത്തിലെത്താം. ഞങ്ങളുടെ അടുത്ത ലക്‌ഷ്യം അതാണ്‌. ഇരുവശത്തും വണ്ണം കുറഞ്ഞു വളരെ ഉയരം കൂടിയ മരങ്ങളുള്ള ഈ വഴിയില്‍ കുത്തനെയുള്ള കയറ്റിറക്കങ്ങളുണ്ട്. വഴിയില്‍ വെച്ച് സൈലന്റ് വാലി പദ്ധതിയുടെ പുതിയ പതിപ്പ് 'പാത്രക്കടവ് പദ്ധതി'ക്ക് വേണ്ടി സ്ഥലം എടുത്തിട്ടുള്ള ഭാഗവും ഷാന്‍ ചൂണ്ടിക്കാണിച്ചു. ആ പദ്ധതി വിവാദത്തില്‍ കുടുങ്ങി ഇപ്പോള്‍ കോള്‍ഡ്‌ സ്ടോറജിലാണ്.
ഈ നടത്തത്തിനിടയില്‍ പകര്‍ത്തിയ ചില കാട്ടുപൂക്കള്‍..ചില കൌതുകക്കാഴ്ചകള്‍..


മനുഷ്യന്റെ ബലാല്‍ക്കാരത്തിനു ഇതുവരെ സൈലന്റ് വാലി കാടുകള്‍ ഇരയായിട്ടില്ല. 'കന്യാവനങ്ങള്‍' [വെര്‍ജിന്‍ ഫോറസ്റ്സ് ] എന്ന് പേരുവരാന്‍ കാരണമിതാണ്. സൈലന്റ് വാലി കാടുകള്‍ ലോകത്തിലെ മറ്റു കാടുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നതും ഇത് കൊണ്ടാണ്. ആദിവാസികള്‍ പോലുമില്ലാത്ത ഇവിടെ മനുശ്യസ്പര്‍ശമേല്ക്കാതെ ഒഴുകുന്ന ചില തെളിനീരുറവകളുണ്ട്.കുറെയായി നടക്കുന്നു, അല്ലെ? ക്ഷീണിച്ചോ..
ഇവിടെയിറങ്ങി കാലും മുഖവും കഴുകിയിട്ട് പോകാം..ഹനീഷ് തൂക്കുപാലത്തില്‍..


ഈ കാണുന്ന സ്ഥലത്താണ് എഴുപതുകളില്‍ സൈലന്റ് വാലി ഡാമിന് വേണ്ടി പ്രപ്പോസല്‍ വന്നത്. ഇവിടെ ഡാം കെട്ടിയാല്‍ വെള്ളമുയര്‍ന്നു നമ്മളിപ്പോള്‍ നടന്നു വന്ന 2 കിലോമീറ്റര്‍ കാട്ടുപാതയും, ഇരുവശത്തുമുള്ള കൂറ്റന്‍ മരങ്ങളും, 16 തരം വംശനാശഭീഷണി നേരിടുന്ന പക്ഷികളും, സിംഹവാലന്‍ കുരങ്ങുകളും നീലഗിരി വരയാടുകളും മലയണ്ണാനുമടക്കം 34 തരം സസ്തനികളുമടക്കം 8 ചതുരശ്ര കിലോമീറ്റര്‍ നിബിഡവനം നശിക്കുമായിരുന്നു. ഏതു കാട് നശിക്കുമ്പോഴും കൂടെ നശിക്കുന്ന ഒരു പുഴയും..പിന്നീട് സൈലന്റ് വാലി ഡാമിന്റെ 'tailrace' എന്നറിയപ്പെടാനുള്ള കുന്തിപ്പുഴയുടെ ദുര്യോഗവും..


തൂക്കു പാലത്തിലേക്കുള്ള വഴിയില്‍ ഷാനും ഹനീഷും..

ഇനി അല്പം വിശ്രമം..എഴുപതുകളില്‍ സൈലന്റ് വാലി ഹൈഡ്രോഇലക്ട്രിക്‌ പ്രൊജക്റ്റ്‌നു[SVHEP]എതിരായി കേരള ശാസ്ത്രസാഹിത്യപരിഷത്തും റോമുലുസ് വിറ്റെക്കറെയും സുഗതകുമാരിയും പോലുള്ള പരിസ്ഥിതി പ്രവര്‍ത്തകരും തുടങ്ങി വെച്ച പ്രക്ഷോഭം ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. ഒടുവില്‍ 1983ഇല്‍ ഇന്ദിരാഗാന്ധി KSEBയുടെ പ്രൊജക്റ്റ്‌ റദ്ദാക്കി സൈലന്റ്വാലി പ്രദേശം സംരക്ഷിതവനമായി ഏറ്റെടുത്ത് 'നാഷണല്‍ പാര്‍ക്ക്' ആയി പ്രഖ്യാപിച്ചു.1985ഇല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി സൈലന്റ് വാലി ദേശീയോദ്യാനം ഔദ്യോഗികമായി രാഷ്ട്രത്തിനു സമര്‍പ്പിച്ചു കൊണ്ട് സ്ഥാപിച്ച സ്തംഭം. [വാച്ച് ടവറിനരികെ സ്ഥിതി ചെയ്യുന്നു.. ]

കോടിക്കണക്കിനു വര്‍ഷങ്ങളുടെ എവല്യുഷന്റെ ഭാഗമായി ഉരുത്തിരിയുന്നതാണ് വനമെന്നും അവിടത്തെ ജൈവ വൈവിധ്യമെന്നും അറിയാതെ തലയുടെ ഒരു ഭാഗം മുടി വടിച്ചാല്‍ വീണ്ടും കിളിര്‍ക്കുന്ന പോലെ മരങ്ങള്‍ കിളിര്‍ത്തു വരുമെന്നും അതാണ്‌ കാടെന്നും കരുതുന്ന മണ്ടശിരോമണികളാണ് നമ്മെ ഭരിച്ചതും ഭരിച്ചുകൊണ്ടിരിക്കുന്നതും..അതുകൊണ്ടാണല്ലോ സാമൂഹ്യവനവല്‍ക്കരണമെന്ന പേരുമിട്ടു നാട് മുഴുവന്‍ 'അക്കേഷ്യ'ച്ചെടികള്‍ വെച്ച് പിടിപ്പിച്ചത്. ഇവരുടെ പിന്‍ഗാമികളാണ് ഇപ്പോള്‍ നാട്ടില്‍ പോരാതെ കാട്ടിലും വികസനം എത്തിക്കാന്‍ ആഞ്ഞുപിടിച്ചുകൊണ്ടിരിക്കുന്നത്.

ഞങ്ങള്‍ക്ക് സൈലന്റ് വാലിയില്‍ അനുവദിക്കപ്പെട്ട 4 മണിക്കൂര്‍ കഴിയാറായി. വിശ്രമമെല്ലാം അവസാനിപ്പിച്ചു ഞങ്ങള്‍ തിരിച്ചു വാച്ച് ടവറിനടുത്തേക്ക് നടക്കാന്‍ തുടങ്ങി. അല്‍പ്പം കയറ്റമാണ്. ചുറ്റിലുമുള്ള ഹൃദയഹാരിയായ പ്രകൃതി ദൃശ്യങ്ങളും മേഘങ്ങളില്ലാത്ത നീലാകാശവും ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ നല്‍കുന്ന തണുപ്പും കാരണം നട്ടുച്ചക്കും ക്ഷീണം അറിയുന്നില്ല. ഷാനും ഹനീഷും മുന്‍പില്‍ മറ്റു സുഹൃത്തുക്കളോടൊപ്പം നടക്കുന്നുണ്ട്.ഇടയ്ക്കു ഷാന്‍ ഒരു കൈ കൊണ്ട് തുമ്പിയെ പിടിച്ചു മറുകൈ കൊണ്ട് ഫോട്ടൊയെടുക്കുന്നു; ഉറുമ്പിനെ പിടിച്ചു പാറപ്പുറത്തിരുത്തി മോഡല്‍ ചെയ്യിക്കുന്നു; ഹനീഷിനാണെങ്കില്‍ ഫോട്ടോ എടുക്കാനുള്ള കളെറസ് ഇല്ലാത്തത് കൊണ്ടാവാം അതിലൊന്നും താല്പര്യമില്ല. തിരിച്ചു വീട്ടില്‍ ചെല്ലുമ്പോള്‍ 'നാട്ടിലെത്തിയിട്ട് 2 ദിവസമായില്ല, അതിനു മുന്‍പേ കാട് കയറി നടക്കുന്നു. നിന്നെ ഒന്ന് ശരിക്ക് കാണട്ടെടാ, കുറച്ചു സമയം വീട്ടിലിരിക്കു ' എന്നാവും അമ്മ. അമ്മയെ പറഞ്ഞിട്ട് കാര്യമില്ല. അടുത്ത ബന്ധുക്കള്‍ തിരക്കുമ്പോള്‍ 'അവന്‍ ഏതോ കാട്ടിലാ..' എന്ന് പറയാന്‍ ഒരു ചമ്മല്‍ കാണും..

കാടിന്റെ നിശ്ശബ്തതയെയും എന്റെ ചിന്തകളെയും ഭഞ്ജിച്ചു കൊണ്ട് ചീവീടുകളുടെ കൂട്ടക്കരച്ചിലിനെ വെല്ലുന്ന ഒരു കൊച്ചു കുട്ടിയുടെ അലറിക്കരച്ചില്‍ പുറകില്‍ നിന്ന് കേട്ടു..അട്ട കടിക്കുമ്പോള്‍ വേദന അറിയില്ല. ഒരുപാട് രക്തം വന്നത് കണ്ടു പേടിച്ചാണ് കുട്ടിയുടെ കരച്ചില്‍. ഞങ്ങള്‍ നടത്തം തുടര്‍ന്നു.
ഞങ്ങള്‍ നടത്തം തുടര്‍ന്നു. പെട്ടെന്ന് എനിക്കൊരു തോന്നല്‍.. 'ഡാ ഷാന്‍, എനിക്ക് കാലിലൊരു ചൊറിച്ചില്‍..അട്ട ബ്ലഡ്‌ ടേസ്റ്റ് ചെയ്യണ്‌ണ്ടോന്നൊരു ഡൌട്ട്..' 'അത് നിനക്ക് അട്ടനെ പറ്റി ആലോചിക്കണോണ്ട് തോന്നണതാഡാ' എന്ന് ഷാന്‍. തോന്നുന്നതൊന്നും അല്ല. സംതിംഗ് പ്രോബ്ലം ഉണ്ട്.
അട്ടയെ എനിക്കല്‍പ്പം പേടിയുണ്ട്. ചില ടീംസിന്റെ അടുത്ത് സിക്സ് പായ്ക്ക് മസില്‍ ഷോ കൊണ്ട് കാര്യമില്ല. അതിലൊന്നാണ് അട്ട!മഴ പെയ്തു മണ്ണില്‍ ഈര്‍പ്പമുണ്ടായിരുന്നത് കാരണം അട്ടശല്യം കൂടുതലായിരുന്നു. മൂട്ടയെപ്പോലെ രക്തത്തിന്റെ മണം കിട്ടിയിട്ടോ എന്തോ ഇവറ്റകള്‍ ഡൈവ് ചെയ്തൊക്കെ കാലില്‍ പിടിച്ചു കയറും. ഷൂവില്‍ പിടിക്കുന്ന അട്ടകളെയൊക്കെ ചെറിയൊരു മരക്കമ്പ് കൊണ്ട് ഞാന്‍ ഇടയ്ക്കിടെ തട്ടിക്കളഞ്ഞിരുന്നു. രക്തം പെട്ടെന്ന് തിരിച്ചറിയാന്‍ വെള്ള സോക്സിട്ടു കാര്‍ഗോസ് സോക്സിന് മുകളില്‍ ചുരുട്ടി ക്കയറ്റിയായിരുന്നു ഞാന്‍ നടന്നിരുന്നത്. ഷൂ അഴിച്ചു നോക്കിയപ്പോള്‍ രണ്ടെണ്ണം ഇന്‍വേഷന്‍ നടത്തിയിരിക്കുന്നു. സോക്സ്‌ എല്ലാം രക്തത്തില്‍ കുളിച്ചിരിക്കുന്നു.അല്‍പ്പം ഉപ്പു നനച്ചു കാലില്‍ പുരട്ടിയാല്‍ അട്ടകടി കൊള്ളില്ല. ഷാന്‍ മുന്‍പ് നടത്തിയ സര്‍ക്കാരിന്റെ ചില കാനന സര്‍വ്വെകളില്‍ ഇത് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. എന്തോ ഇത്തവണ യാത്ര പുറപ്പെട്ടപ്പോള്‍ ഈ കാര്യം ഞങ്ങള്‍ മറന്നു പോയി..

1 മണിയോടെ ഞങ്ങള്‍ തിരിച്ചു വാച്ച് ടവറിനരികെയുള്ള ഗാര്‍ഡ് ഓഫീസിലെത്തി. എക്ഷിബിഷന്‍ സെന്ററും ഇവിടെത്തന്നെ. അതിന്റെ ഒരു ഭാഗം ഹാള്‍ പോലെ തിരിച്ചു സൈഡ് വാള്‍ ഇല്ലാതെ അരമതില്‍ വെച്ച് ഉണ്ടാക്കിയിട്ടുണ്ട്. വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണത്തിനു വേണ്ടി ഈ കെട്ടിടത്തിന്റെ ചുറ്റിലും കിടങ്ങ് തീര്‍ത്തിട്ടുണ്ട്.


അവിടെയുള്ള ടാപ്പ് തുറന്നു തലയില്‍ വെള്ളമൊഴിച്ചു ഞങ്ങളൊരു കാക്കകുളി നടത്തി. പിന്നെ കൊണ്ട് വന്ന ഭക്ഷണം കഴിച്ച് അരമതിലില്‍ ഒരു ഉച്ചമയക്കവും..
സന്ദര്‍ശകരുടെയെല്ലാം അടുത്തു വന്നു ഭക്ഷണം കൊണ്ട് വന്ന കവറുകള്‍ എല്ലാം തിരിച്ചു കൊണ്ട് പോകുവാന്‍ ഗാര്‍ഡും ഗൈഡും നിഷ്കര്‍ഷിക്കുന്നുണ്ട്. ഇതല്ലാതെ പ്ലാസ്റ്റിക്‌ വസ്തുക്കളൊന്നും ഇവിടെ കൊണ്ട് വരാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല.
തമിഴ് നാട്ടില്‍ നിന്ന് വന്ന ചില പെണ്‍കുട്ടികള്‍ കെട്ടിടത്തിന്റെ അടുത്തുള്ള പേരമരത്തിലേക്ക് നോക്കി 'പാര്...കീര്..' എന്നൊക്കെ വിളിച്ചു കാറുന്നുണ്ട്. എന്താണെന്ന് നോക്കിയിട്ട് വരാം.

മടക്കയാത്ര തുടങ്ങുകയാണ്...
ഒരുപാട് നല്ല ഓര്‍മ്മകള്‍ മനസ്സില്‍ അവശേഷിപ്പിച്ചു കൊണ്ടാണ് ഞങ്ങള്‍ തിരിച്ചു പോകുന്നത്.
എക്കാലത്തും മനസ്സില്‍ പച്ചപിടിച്ച് നില്‍ക്കുന്ന ഓര്‍മ്മകള്‍..ഞങ്ങള്‍ ഇനിയുമിങ്ങോട്ടു തിരിച്ചുവരും.
സൈലന്റ് വാലിയില്‍ റിസോര്‍ട്ടുകള്‍ തുടങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ ചിന്തകളില്‍ അലോസരമുണ്ടാക്കുന്നു..
നമുക്ക് ശുഭാപ്തിവിശ്വാസികളാവാം...
എന്നും ഈ കാട് നിത്യകന്യകയായി പരിലസിക്കുമെന്നു പ്രതീക്ഷിക്കാം...

ഏറ്റവും നല്ല യാത്ര അവനവനിലേക്കുള്ള യാത്രയാണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു..
ഓരോ യാത്രയും നല്‍കുന്നത് ചില തിരിച്ചറിവുകളാണ്.
നമ്മള്‍ ജീവിക്കുന്ന സമൂഹം, അതിന്റെ സംസ്കാരം, മാനവികത എല്ലാറ്റിനുമുപരി നമ്മളെപ്പറ്റിത്തന്നെയുള്ള ചില തിരിച്ചറിവുകള്‍..

യാത്രയുടെ അന്ത്യം നല്‍കുന്നത് നിരാശയല്ല..
എന്തോ നേടിയെന്ന സംതൃപ്തിയുമില്ല..
യാത്രക്ക് അവസാനമുണ്ടാകുന്നത് നല്ലത് തന്നെ. എങ്കിലും അതിന്റെ പൂര്‍ത്തീകരണമല്ല; യാത്ര തന്നെയാണ് പ്രധാനം.

ജീവിതയാത്ര അവസാനിക്കുന്നില്ല..

ക്യാമറ: കാനോണ്‍ S2IS

28 comments:

ranji said...

ഒരു പരീക്ഷണമാണ്.
വിമര്‍ശനങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു..
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കണം. നന്ദി.

Muhammed Shan said...

നന്നായിട്ടുണ്ട് രണ്ജീ ....
ബ്ലോഗ്‌ അഗ്രിഗടോരില്‍ കണ്ടില്ലല്ലോ ,...
സെറ്റിങ്ങ്സില്‍ അതൊന്നു ചേക്ക് ചെയ്യുക

ranji said...

ചിന്ത മലയാളം ബ്ലോഗ്‌ അഗ്രിഗേറ്റര്‍ഇല്‍ കൊടുത്തിട്ടുണ്ട്‌. കുറച്ചു സമയം കഴിഞ്ഞാലെ ആഡ് ആവു. ഷാന്‍ ഏതിലാണ് നോക്കിയത്?

siva // ശിവ said...

നല്ല പോസ്റ്റ്. എല്ലാ ചിത്രങ്ങളും മനോഹരം. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.

ശ്രീ said...

രസം പിടിച്ചു വന്നപ്പോഴേയ്ക്കും 'തുടരും'

ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്

മാത്തൂരാൻ said...

നന്നായിരിക്കുന്നു..തുടരൂ...

Muhammed Shan said...

രഞ്ജീ..........ആ യാത്ര വീണ്ടും ഓര്‍മയിലേക്ക് ഓടിയെത്തുന്നു .......
ഏറെ മധുരം ,..യാത്ര തുടരുക ........ഭാവുകങ്ങള്‍ .........

ranji said...

പ്രോത്സാഹനങ്ങള്‍ തീര്‍ച്ചയായും ഊര്‍ജ്ജം പകരുന്നുണ്ട്; എല്ലാവര്‍ക്കും നന്ദി.

suvarna krish said...

orupadu nannayirikunu...varshangal kazhinjitum aa yathra ithreyere orthirikunu engil ethreyadhikam aswadhichu ennu manasilkam... ente swantham nadu palakkad ethiya feel.:).great bro!! keep going..awaiting...

Anita said...

valare nannaayrikkunnu avatharanavum chithrangalum.. oppam asooyayum thonnunnu...

abhilash said...

Renji
Very nice,
Photos r really great.
I think I were with u at that time
Keep itup

haneesh said...

Ranju,,,,,nannayirikyunnu ketto....kurachu kudi chithragal avam ranju...kundhi puzhayum mattum....

ranji said...

നീ ഇത് മുഴുവന്‍ വായിച്ചു നോക്കിയിട്ട് തന്നെയാണോ ഹനീഷേ..?
ഞാന്‍ ഒരു തെറി വിളിയാണ് പ്രതീക്ഷിച്ചത്.. :)

ranji said...

അനീറ്റ, അസൂയയോ.. നിന്നെയും മാഷെയും ടീച്ചറെയും ഞങ്ങള്‍ വിളിച്ചതല്ലേ..
നിങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് ഞങ്ങള്‍ യാത്ര ബൈക്കിലാക്കിയത്.

സുവര്‍ണ, ഓര്‍മ്മയുടെ പിന്നില്‍ ഒരു രഹസ്യമുണ്ട്.
ചിത്രങ്ങള്‍ തന്നെയാണ്; ഓരോ പിക്ചര്‍ ഫയലിലും ഡേറ്റ് & ടൈം ഉണ്ടല്ലോ.
ചിത്രം കാണുമ്പോള്‍ സംഭവങ്ങള്‍ എല്ലാം ഓര്‍മ്മ വരും.
പിന്നെ ചിത്രങ്ങള്‍ തമ്മിലുള്ള സമയവ്യത്യാസം നോക്കിയാണ് ഓരോ സ്ഥലവും അവിടെ എത്തിച്ചേരാനെടുക്കുന്ന സമയവും കൃത്യമായി രേഖപ്പെടുത്തിയത്. അല്ലാതെ കുറിപ്പുകള്‍ ഒന്നും സൂക്ഷിച്ചിരുന്നില്ല..
ഇങ്ങനെ ഒരു ഐഡിയ ഉണ്ടായിരുന്നെങ്കില്‍ ചില ഷോട്സ് പ്ലാന്‍ ചെയ്യാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.

നന്ദി അഭിലാഷ്.
അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി.

siju said...
This comment has been removed by the author.
siju said...

രണ്‍ജി..... വളരെ നന്നായിട്ടുണ്ട്........ ഇനിയും പ്രതീക്ഷിക്കുന്നു...... ഇത് പോലെ......

Muhammed Shan said...

രണ്‍ജി..., ഇതൊരു തുടക്കം ആകട്ടെ..!!
അടുത്തത് കുടജാദ്രി യാത്രയെ കുറിച്ച് പറയൂ...

ഒരു യാത്രികന്‍ said...

രണ്‍ജി.....നന്നായി. നമ്മുടെ ജൈവ വൈവിധ്യം കാണാനും സംരക്ഷിക്കുവാനുമുള്ള പ്രജോതനം കൂടുതല്‍ ആളുകളില്‍ ഉണ്ടാവട്ടെ..നിര്‍ഭാഗ്യവശാല്‍ ഞാന്‍ കേരളത്തില്‍ അധികം യാത്ര ചെയ്തിട്ടില. ഇനി തീര്‍ച്ചയായും ഞാന്‍ അതിനു സമയം കണ്ടെത്തും........സസ്നേഹം

കൂതറHashimܓ said...

ഞാന്‍ വായിച്ചില്ലാ, നിങ്ങള്‍ പോയ ബൈക്ക് യമഹയാണെന്ന് പടത്തില്‍ നിന്ന് മനസ്സിലായി, ബുള്ളെറ്റില്‍ ആയിരുന്നെങ്കില്‍ വായിക്കായിരുന്നു, കൂതറ യമഹ, ബുള്ളെറ്റ് അല്ലാത്ത ബൈക്ക് ഒന്നും എനിക്കിഷ്ട്ടൊല്ലാ. “അയ് ലൊവ് ബുള്ളെറ്റ്”

നിരക്ഷരന്‍ said...

ചിത്രങ്ങളും വിവരണവുമൊക്കെ ചേര്‍ന്ന് മനോഹരമായി ഈ യാത്ര. സൈലന്റ് വാലി കോര്‍ സോണിലേക്ക് പോകാന്‍ എനിക്കിനിയും ആയിട്ടില്ല. ബഫ്ഫറില്‍ ഒന്നുരണ്ട് ദിവസം ചിലവഴിച്ചിട്ടുണ്ട്.

സിംഹവാലന്‍ കുരങ്ങിനെ കാണാനും ഫോട്ടോ എടുക്കാനും പറ്റിയത് മഹാഭാഗ്യം. പച്ചിലപ്പാമ്പ് ഒരു ഇലപോലെ; ശരിക്കും വിസ്മയിപ്പിച്ചു. കൂട്ടുകാരുമൊത്തുള്ള ഈ യാത്രകള്‍ക്ക് ഒരല്‍പ്പം മാറ്റ് കൂടുതല്‍ തന്നെയാണ്. ഇനിയുമുണ്ടാകത്തെ ഇത്തരം യാത്രകള്‍ . പോസ്റ്റിന്റെ അവസാനം പറഞ്ഞതുപോലെ ജീവിതയാത്ര ഒരിക്കലും അവസാനിക്കുന്നില്ല. അത് അന്തമില്ലാതെ നീണ്ടുപോയ്ക്കൊണ്ടേയിരിക്കുന്നു.

ranji said...

'ചെങ്കോല്‍' സിനിമയില്‍ മോഹന്‍ലാല്‍ പറയുന്ന ഒരു ഡയലോഗുണ്ട്. 'നമ്മുടെ നാടിന്റെ ഭംഗി അറിയണമെങ്കില്‍ കുറച്ചു നാള്‍ ജയിലില്‍ കിടക്കണം..'
പ്രവാസികള്‍ക്ക് ഇത് എളുപ്പം തിരിച്ചറിയാനാവുമെന്നു തോന്നുന്നു..
സിജു, ഷാന്‍,
മുന്‍പ് ചെയ്ത പല യാത്രകളെക്കുറിച്ചും എഴുതണമെന്നുണ്ട്. യാത്രാക്കുറിപ്പുകള്‍ സൂക്ഷിക്കാത്തത് കൊണ്ടും ചിത്രങ്ങള്‍ ശരിയായി ആര്‍ക്കൈവ് ചെയ്യാത്തത് കൊണ്ടും സാധിക്കുന്നില്ല.
കിരണ്‍, അനീറ്റ, ഷാന്‍, മനോജ്‌ മറ്റു കൂട്ടുകാര്‍ ഇനി ചെയ്യുന്ന യാത്രകള്‍ ഇത് മുന്‍കൂട്ടികണ്ടു ആവശ്യമായ തയ്യാറെടുപ്പുകള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
അനീറ്റയുടെ ഒരു ഡല്‍ഹി യാത്ര, കിരന്റെ മൂന്നാര്‍ യാത്ര.. ഉടനെ പ്രതീക്ഷിക്കാമോ?

യാത്രികന്‍, നിരക്ഷരന്‍,
യാത്ര ഇഷ്ടമായെന്നു അറിഞ്ഞതില്‍ സന്തോഷമുണ്ട്. നിരക്ഷരന്റെ സഞാരങ്ങളെപ്പറ്റി എനിക്ക് നേരത്തെ അറിയാം. 2 മാസം മുന്‍പ് ബഹറിനില്‍ വന്നിരുന്നില്ലേ.
ഹാഷിം,
യമഹയുടെ ലിബറോ സീറ്റിംഗ് പ്രോബ്ലെമാണ്. ബുള്ളെറ്റ് ആയിരുന്നെങ്കില്‍ നന്നായിരുന്നു..

അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കും മറ്റു വായനക്കാര്‍ക്കും നന്ദി.

നിരക്ഷരന്‍ said...

ഇതൊന്ന് നോക്കൂ രഞ്ജീ

Gireesh av said...
This comment has been removed by the author.
Gireesh av said...

nice travelogue Ranji..
Keep it going... :)

Now i regret of not starting a travelogue before....
Let me try....
you are the inspiration !!

==========================
eppozhum njan alochikkunnath
Ottapalam - Mannarkkad roadile highrange area anu ?? (because average MSL for these areas comes under 50-75 meter !!.

from ottappalam, palakkad route is too long.
other two good options are Ottapalam >> Cherpulassery >> Mannarkkad
and Ottapalam >> kadampazhippuram >> Mannarkkad.


Gireesh Anappaya
Cherpulassery.

ranji said...

ഗിരിഷ്,
ഹൈ-റേഞ്ച് ഏരിയ എന്ന് ഉദ്ദേശിച്ചത് മണ്ണാര്‍ക്കാട്-സൈലന്റ് വാലി റൂട്ട് തന്നെയാണ്. എഴുതിയതില്‍ പിഴവ് സംഭവിച്ചതാണ്.

ഗിരിഷിന്റെ യാത്രകളെക്കുറിച്ച് അറിയാന്‍ താല്പര്യമുണ്ട്. എഴുതിത്തുടങ്ങു..

R Niranjan Das said...

valare aswadhichu...silent valleyilekku pokan enne ee post preripikkunnu..

www.rajniranjandas.blogspot.com

Sivakumar K said...

Ranjith please contact me...9447332160 ....Kks kambrathchalla

Sivakumar K said...

If you can call me please ....9447332160...Ranjith please ....