നിലമ്പൂര്‍ യാത്ര-3
തേക്ക് മ്യൂസിയത്തില്‍ നിന്നും 1 മണിയോടെ പുറത്തിറങ്ങി. അടുത്ത ലക്‌ഷ്യം നിലമ്പൂര്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കുമ്പളങ്ങാട് എന്ന ഗ്രാമത്തിലുള്ള ആഡ്യന്‍പാറ വെള്ളച്ചാട്ടമാണ്. യാത്ര തുടങ്ങുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കാനായി മ്യൂസിയത്തിന്റെ നേരെ മുന്‍പിലുള്ള റെസ്റ്റോറാന്റിലേക്ക്.. റെസ്റ്റോറന്റ് ചെറിയ ചെറിയ ഹട്ടുകളായി, എന്നാല്‍ എല്ലാ റൂമുകളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. അധികമൊന്നും ആളുകളില്ല.
'ഇങ്ങക്കെന്താ വേണ്ടേ?'
കോഴിക്കോടന്‍ ശൈലിയില്‍ ഒരുപാട് കാലമായി പരിചയമുള്ള ഒരാളോടെന്ന പോലെ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് ഒരാള്‍ മുന്നില്‍. ഓര്‍ഡര്‍ എടുത്ത് തിരിച്ചു പോകുമ്പോള്‍ ശ്രദ്ധിച്ചു. അദേഹത്തിന് ഒരു കാല്‍ മുട്ടിനു താഴെ മുറിച്ചിരിക്കുന്നു. കടഞ്ഞെടുത്ത ഒരു തേക്കിന്‍ തടി 'ടി' രൂപത്തില്‍ വെച്ച് കെട്ടി അതില്‍ താങ്ങിയാണ് പുള്ളി നടക്കുന്നത്. നിലമ്പൂര്‍ കാടുകളില്‍ നിന്ന് കോണ്ട്രാക്റ്റ് എടുത്ത് വെട്ടിയെടുക്കുന്ന തടി ലോറികളിലേക്ക് കയറ്റിറക്ക് ജോലിയായിരുന്നു പുള്ളിക്ക്. ഒരിക്കല്‍ തടി കയറ്റുന്ന ജോലിക്കിടെ ഉണ്ടായ ഒരപകടത്തിലാണ് കാല്‍ നഷ്ടമായത്. പേര് ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു കൊണ്ട്: "ഹംസക്ക".
ഇരിഞ്ഞാലക്കുട നിന്നാണ് വരവെന്നറിഞ്ഞപ്പോള്‍ പുള്ളിയുടെ അടുത്ത ചോദ്യം.
"ങ്ങള് ഇന്നസെന്റിന്റെ വീടിന്റടുത്താ?"
തേക്ക് മ്യൂസിയത്തില്‍ നിന്ന് ആഡ്യന്‍പാറ വെള്ളചാട്ടത്തിനടുത്തെക്ക് പ്രത്യേകം വഴിയുണ്ട്. നിലമ്പൂര്‍ റോഡില്‍ 500 മീറ്റര്‍ പോയാല്‍ കാണുന്ന 'ടി' ജന്ഗ്ഷനില്‍ നിന്നും വലത്തോടുള്ള പാതയില്‍ ഏകദേശം 15 കിലോമീറ്റര്‍ പോയാല്‍ കുമ്പളങ്ങാട് ഗ്രാമത്തിലുള്ള വെള്ളചാട്ടത്തിലെത്താം. മഞ്ചേരി, പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നാണ് നിലമ്പൂര്‍ക്ക് വരുന്നതെങ്കില്‍ ഇവിടേയ്ക്ക് നിലമ്പൂര്‍ പട്ടണത്തില്‍ എത്തുന്നതിനു മുന്‍പു തന്നെ വഴികള്‍ തിരിഞ്ഞു പോകുന്നുണ്ട്. അവിടെ വഴി കാണിച്ചു കൊണ്ടുള്ള സൈന്‍ ബോര്‍ഡുകള്‍ ഞാന്‍ വരുന്ന വഴി കണ്ടിരുന്നു.
-നിലമ്പൂര്‍-കുമ്പളങ്ങാട് റോഡിലുള്ള ചാലിയാറിന് കുറുകെയുള്ള ഒരു പാലം-
15 കിലോമീറ്റര്‍ ഉള്ളുവെങ്കിലും ഒരു മണിക്കൂറില്‍ കൂടുതലെടുത്തു വെള്ളചാട്ടത്തിനു അടുത്തെത്താന്‍. ചെറിയ റബ്ബര്‍ തോട്ടങ്ങളും നെല്‍പ്പാടങ്ങളും വാഴത്തോട്ടങ്ങളും സമതലങ്ങളും കുന്നുകളും കൊണ്ട് വൈവിധ്യമാര്‍ന്ന നാട്ടുവഴി. ഗ്രാമവാസികളില്‍ കൂടുതലും കര്‍ഷകരും ചെറുകിട കച്ചവടക്കാരുമാണ്. പാടത്ത് പണിയെടുക്കുന്ന സ്ത്രീകളെയും തലയില്‍ ചുമ്മാട് വെച്ച് വാഴക്കുലകളുമായി പോകുന്ന വൃദ്ധന്മാരെയും യാത്രക്കിടയില്‍ കണ്ടു. വീതി കുറഞ്ഞ വഴിയില്‍ വണ്ടികള്‍ക്ക് സ്ഥലമൊരുക്കി വഴിവക്കില്‍ ഒതുങ്ങി നിന്ന് കൊണ്ട്..
വെള്ളച്ചാട്ടം എത്തുന്നതിനു മുന്‍പത്തെ അവസാന 3 കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ള വളവും തിരിവും നിറഞ്ഞ വഴിയാണ്. റോഡിന്‍റെ നല്ല കാലത്തെ അനുസ്മരിപ്പിച്ചു കൊണ്ട് ചിലയിടത്തെല്ലാം ഇപ്പോഴും ടാറിന്റെ അവശിഷ്ടങ്ങള്‍ കാണാം. ആരെയും പഴിച്ചിട്ട് കാര്യമില്ല. നീര്‍ക്കെട്ടുള്ള പ്രദേശങ്ങളില്‍ നമ്മുടെ ആസ്ഫാള്‍ട്ടു റോഡ് നിലനില്‍ക്കില്ല. ഭേദപ്പെട്ട സാങ്കേതികവിദ്യയും എസ്റ്റിമേറ്റും ഇല്ലാതെ ഈ സ്ഥിതിക്ക് മാറ്റം വരുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
വെള്ളച്ചാട്ടത്തിന്റെ ഇരമ്പം കേട്ട് തുടങ്ങി. മുന്നില്‍ കാണുന്ന ഈയൊരു വലിയ കുന്നിന്റെ നെറുകയില്‍ വരെ വണ്ടി പോകും. പിന്നെ പാറക്കെട്ടുകളിലൂടെ താഴോട്ടിറങ്ങിയാല്‍ അരുവിയിലെത്താം.
ചെമ്മണ്ണു നിറഞ്ഞ കുന്നുകളും കുഴികളും നിറഞ്ഞ ഭൂവിഭാഗം. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ കുഴികള്‍ നിരത്താന്‍ കരിങ്കല്ല് കൊണ്ട് പോയ ലോറികളില്‍ നിന്നും കരിങ്കല്‍ ചീളുകള്‍ പാകിയിരിക്കുന്നു. മുന്‍പില്‍ കുത്തനെയുള്ള കയറ്റം കണ്ടപ്പോള്‍ ഞാനൊന്ന് സംശയിച്ചു. വണ്ടി ഈ കയറ്റം കയറുമോ..?!
വണ്ടിയുടെ വേണോ.. വേണ്ടേ..എന്നാ ഭാവം കണ്ടിട്ടാവണം ഇടതു വശത്തെ തട്ട് തട്ടായി പല ലെവലുകളിലുള്ള ഓടു മേഞ്ഞ വീടുകളില്‍ നിന്ന് തലകള്‍ പുറത്തേക്ക് നീളുന്നു. മതിലുകളില്ലാത്ത വീടുകള്‍ക്ക് മുന്നിലൂടെ കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പായുന്നു. ചിലര്‍ എനിക്കൊപ്പം മുകളിലെക്കോടുന്നു..
കഴിഞ്ഞ ഒരു ഇരുപത്തഞ്ചു വര്‍ഷക്കാലം കേരളത്തില്‍ വന്ന മാറ്റങ്ങളൊന്നും ഈ മലമുകളിലേക്ക് എത്തിനോക്കിയിട്ടില്ല. ഇനി അടുത്ത ഒരു 25 വര്‍ഷക്കാലവും ഈ പ്രദേശം ഇങ്ങനെ തന്നെ നിലനില്‍ക്കുമെന്ന് തോന്നി.
സെക്കണ്ട് ഗിയറിലും വണ്ടിക്കൊരു വേണ്ടായ്ക.
കൂടെ ഓടുന്ന കുട്ടികളില്‍ നിന്ന് വണ്ടി തള്ളിക്കാന്‍ പ്രായമായവരെ തേടുകയായിരുന്നു എന്റെ കണ്ണുകള്‍..
യാത്ര തുടങ്ങിയ ശേഷം പലരില്‍ നിന്നായി ഞാന്‍ ഇവിടത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയിരുന്നു. പലപ്പോഴും ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ നമ്മെ മിസ്‌ലീഡ് ചെയ്തേക്കാം. അനുഭവങ്ങള്‍ ധാരാളമുണ്ട്. ഇവിടെത്തന്നെ ആഡ്യന്‍പാറ വെള്ളച്ചാട്ടം എന്ന് ഇമേജ് സെര്‍ച്ചിയപ്പോള്‍ കിട്ടിയതില്‍ സൂചിപ്പാറ വെള്ളച്ചാട്ടവും അതിരപ്പിള്ളി വെള്ളച്ചാട്ടവും കണ്ടു! ഇവിടെ 300 അടി താഴ്ചയില്‍ വെള്ളം താഴോട്ടു പതിക്കുന്നു എന്ന് വെച്ച് കീച്ചിയ ഒരു സൈറ്റും കണ്ടു. ഇത്തരം യാത്രകള്‍ക്ക് പുറപ്പെടുമ്പോള്‍ ആധികാരികമായ സൈറ്റുകള്‍ നല്‍കുന്ന വിവരങ്ങളെ ആശ്രയിക്കുന്നതാവും നല്ലത്.
കുന്നിന്‍ മുകളിലെ തുറസ്സായ സമതലപ്രദേശത്തു പാത അവസാനിക്കുന്നു. ചുറ്റും ഉന്മേഷം പ്രദാനം ചെയ്യുന്ന പ്രകൃതി ദൃശ്യങ്ങള്‍.. ദൂരെ താഴ്വാരത്തെ ചോലക്കുമപ്പുറം ഹരിതാഭയാര്‍ന്ന വനം. അതിനുമപ്പുറം വെണ്‍മേഘങ്ങളുടെ തൊട്ടു തലോടലില്‍ മയങ്ങിക്കിടക്കുന്ന നീല പുതച്ച നീലഗിരിക്കുന്നുകള്‍..
മുകളില്‍ നിന്ന് പാറക്കെട്ടിന്റെ വലതു വശത്തുകൂടെ താഴോട്ടു ഇറങ്ങാം. അവിടെയുള്ള ചെറിയൊരു കുടിലില്‍ പേരും വിലാസവും കൊടുത്ത് താഴെ പുഴയിലേക്ക്..
മലപ്പുറത്ത് നിന്നും കൊല്ലത്ത് നിന്നും വന്ന 2 സംഘങ്ങള്‍ പുഴയില്‍ കുളിക്കുന്നുണ്ട്.
മഴക്കാറൊതുങ്ങി തെളിഞ്ഞ ആകാശം.. നട്ടുച്ച നേരമാണ്. കൂടാതെ നല്ല വെയിലും. നല്ല ചിത്രങ്ങള്‍ കിട്ടണമെങ്കില്‍ എക്സ്പോഷര്‍ കാര്യമായി കുറക്കേണ്ടി വരും. വെള്ളച്ചാട്ടത്തിന്റെ ഒഴുകുന്ന എഫെക്റ്റ് കിട്ടാന്‍ ചെറിയ ഷട്ടര്‍ സ്പീഡ് കൊടുക്കാനുള്ള ശ്രമം ഇവിടെ വിജയിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ചെയ്‌താല്‍ ഒരുപാട് പ്രകാശം ക്യാമറക്കുള്ളില്‍ കടന്നു ചിത്രങ്ങളെല്ലാം വിളറിവിളര്‍ത്തു ഇരിക്കുമെന്നത് തന്നെ കാരണം.
അതിരപ്പിള്ളി വെള്ളചാട്ടത്തിന്റെ ഭ്രമിപ്പിക്കുന്ന സൗന്ദര്യം നിങ്ങള്‍ക്കിവിടെ കാണാനാവില്ല. താഴ്വാരത്തിലെ പാറക്കെട്ടുകളില്‍ നിന്ന് മുകളിലേക്ക് നോക്കുമ്പോള്‍ ശീതന്‍ കാറ്റ് കണ്ണിലേക്കു കൈ മാറുന്ന ജലകണങ്ങളുടെ ആവേശവും നിങ്ങള്‍ക്കിവിടെ കിട്ടില്ല. പക്ഷെ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ബഹളങ്ങളില്ലാതെ ചില സായാഹ്നങ്ങള്‍ക്ക്, പ്രകൃതിയിലേക്ക് ഒരു യാത്രക്ക്, ഇവിടം അനുയോജ്യമാണ്.
പച്ചപ്പട്ടു പുതച്ച കാടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ് ഇവിടം. അതുകൊണ്ട് ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്തും തണുത്ത ജലമാണ് ഇതിലൂടെ ഒഴുകുന്നത്.
കാട്ടിലെ പലജാതി മരുന്ന് ചെടികളുടെ ഇലകളെയും വേരുകളെയും തഴുകി മണ്ണിനാല്‍ അരിച്ചു വരുന്നതിനാല്‍ ഇവിടത്തെ ജലത്തിന് ഔഷധഗുണമുന്ടെന്നൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. കാട്ടിലെ മരക്കൂട്ടങ്ങളില്‍ നിന്നാണ് ഈ പാറക്കൂട്ടങ്ങളിലേക്കുള്ള നീരൊഴുക്ക് തുടങ്ങുന്നത്. ഈ വഴി മുകളിലേക്ക് കയറി പോയാല്‍ പാറകളില്‍ തട്ടിയും ചിതറിയുമുള്ള ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കാണാം.
ഒറ്റപ്പാലം കഴിഞ്ഞാല്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് പ്രിയപ്പെട്ട കേരളത്തിലെ മറ്റൊരു ലോകെഷന്‍ നിലമ്പുരാണ്. ഒരുപാട് സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. പ്രകൃതിരമണീയമായ മലരണിക്കാടുകള്‍, കാട്ടുചോലകള്‍, വെള്ളച്ചാട്ടങ്ങള്‍, ബ്രിട്ടിഷുകാരുടെ കാലത്ത് ചാലിയാറിന് കുറുകെ തീര്‍ത്ത തൂക്കുപാലം, തൊട്ടടുത്ത് കിടക്കുന്ന നീലഗിരിക്കുന്നുകളുടെ സാന്നിധ്യം, തേയിലത്തോട്ടങ്ങള്‍, പാറക്കൂട്ടങ്ങള്‍, ഊട്ടിയുമായി കണക്റ്റ് ചെയ്യുന്ന വഴി..ഇങ്ങനെ എല്ലാം ചേര്‍ന്ന ഒരു പാക്കേജ് തന്നെയാണ് ഇതിന്റെ കാരണം.
പല തട്ടുകളിലായി കിടക്കുന്ന ഇവിടത്തെ പാറക്കെട്ടുകളിലൂടെ വെള്ളമൊഴുകുന്നതിന്റെ മുഴക്കം കിലോമീറ്റെരുകള്‍ക്ക് അപ്പുറം വരെ കേള്‍ക്കാം. പക്ഷെ നല്ല മഴക്കാലത്ത് മാത്രം..!
വേനല്‍ക്കാലത്ത് വെള്ളം കുറഞ്ഞ് ചെറിയൊരു നീര്‍ച്ചാല് മാത്രമായാണ് ഇവിടെ വെള്ളമൊഴുകുന്നത്.കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടത്തിന്റെ രൗദ്രതയും വന്യസൗന്ദര്യവും ആ സമയത്ത് ഇവിടെ പ്രതീക്ഷിക്കാന്‍ വയ്യ. പാറക്കൂട്ടങ്ങളില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികളുടെ കാഠിന്യവും വേനല്‍ക്കാലത്ത് അസഹനീയമായിരിക്കും. നീരൊഴുക്കിന്റെ അപ്പുറം കടന്നാല്‍ കിട്ടുന്ന മരത്തണല്‍ ഒഴികെ ഈ ഭാഗത്തൊന്നും വേറെ തണലോ മറയോ ഇല്ല.
എന്നാല്‍ പകരം പ്രകൃതി ഒരുക്കിയ ആവേശകരമായ ഒരു വണ്ടര്‍ സ്പ്ലാഷിനു പറ്റിയ സമയമാണ് അത്. 40 അടിയോളം ഉയരത്തില്‍ നിന്ന് നൂറ്റാണ്ടുകളായി വെള്ളമൊഴുകി മിനുസമാര്‍ന്ന പാറയിലൂടെ ഇഴുകി, തെന്നിത്തെന്നി താഴെ പ്രകൃതി ഒരുക്കിയ പൂളിലേക്ക് ഒരു സ്പ്ലാഷ്.. ശക്തിയാര്‍ന്ന വെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം അപകടകരമായി നില്‍ക്കുന്ന വിധത്തിലുള്ള പാറകളൊന്നുമില്ലാതെ നല്ല ആഴമുള്ള ഒരു പൂളാണ് ഇത്. ഒരിക്കല്‍ സ്പ്ലാഷ് നടത്തിയവര്‍ പിന്നെ വെള്ളത്തില്‍ നിന്നു തിരിച്ചു കയറില്ല. അത്രക്കും ആവേശകരമായ ഒരു അനുഭവം തന്നെയാണ് ഇത്. ഒരു തീം പാര്‍ക്കിലും കിട്ടാത്ത ഒരനുഭവം!
വേനല്‍ക്കാലത്ത് വെള്ളമൊഴുകുന്നതിന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കു.
[photo courtesy: google]
ഇങ്ങനെ സ്പ്ലാഷിംഗ് നടത്തുമ്പോള്‍ ജീന്‍സ് മറ്റീരിയാലോ കാര്‍ഗോസ് പോലുള്ള കട്ടിയുള്ള തരം വസ്ത്രം ധരിക്കുന്നതായിരിക്കും നല്ലത്. പുറകു വശം ആപ്പിള്‍ കടിച്ച പോലെ കിടന്നിരുന്ന ഒരു ചുവന്ന ഫുട്ബോള്‍ ഷോട്സ് അവിടെ കിടക്കുന്നത് കണ്ടിരുന്നു.. :-)
മഴക്കാലത്ത് ഈ പാറക്കെട്ടിലൂടെ തെന്നിയിറങ്ങുന്നത് അപകടകരമാണ്. ഒരുപാട് അപകടങ്ങള്‍ നടന്നിട്ടുള്ള മേഖലയായത് കൊണ്ട് തദ്ദേശഭരണസ്ഥാപനത്തിന്റെ കീഴില്‍ ചില വനിതകള്‍ സന്ദര്‍ശകരുടെ വിവരങ്ങള്‍ കുറിച്ചെടുക്കുന്നുണ്ട്. ഇവരുടെ ചെക്ക് പോസ്റ്റ് [പാറക്കെട്ടിനു താഴെയുള്ള ഒരു ചെറിയ കുടില്‍] കഴിഞ്ഞേ സന്ദര്‍ശകര്‍ക്ക് പുഴയില്‍ ഇറങ്ങാല്‍ കഴിയൂ.. മഴക്കാലത്ത് ജലവിതാനം ഉയര്‍ന്നിരിക്കുന്നത് കൊണ്ട് വെള്ളച്ചാട്ടത്തിനു അധികമൊന്നും ഉയരം തോന്നില്ല. വെള്ളച്ചാട്ടത്തിന്റെ എഫെക്റ്റ് നല്‍കി ചിത്രങ്ങള്‍ എടുക്കാനും വെള്ളച്ചാട്ടത്തില്‍ കുളിക്കാനും ഓഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെ ഇവിടം സന്ദര്‍ശിക്കുകയായിരിക്കും നല്ലത്.
ഇന്ന് നാം വികസനത്തിന് വേണ്ടി കാടുകളും പുഴകളും നശിപ്പിച്ചു അവയെ ആസ്വദിക്കുന്നതിനു വേണ്ടി തീം പാര്‍ക്കുകളും മ്യൂസിയങ്ങളും ഒരുക്കുന്നു. അതിന്റെ ബലിയാടുകളായ പക്ഷി-മൃഗാദികള്‍ക്ക് വേണ്ടി തടവറകളൊരുക്കുന്നു. നൂറ്റാണ്ടുകളുടെ സാക്ഷികളാണ് നമ്മുടെ പുഴകളും വനങ്ങളും. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ശിലായുഗകാലഘട്ടത്തിന്റെ ചിത്രാംഗിതങ്ങള്‍ പേറുന്ന വയനാട്ടിലെ എടക്കല്‍ ഗുഹകള്‍ രൂപപ്പെടുന്നതിനും മുന്‍പേ ഒരുപക്ഷെ, വയനാടന്‍ കാടുകളില്‍ നിന്ന് ചാലിയാറിന്റെ ഒഴുക്ക് ആരംഭിച്ചിരിക്കാം. കേരളചരിത്രത്തില്‍ സുപ്രധാനമായ പതിനഞ്ചാം നൂറ്റാണ്ടിലെ വാസ്കോ ഡാ ഗാമയുടെ കോഴിക്കോട്-കാപ്പാട് കപ്പലിറക്കം, നാട്ടുരാജ്യങ്ങളുടെ മേല്‍ സാമൂതിരിമാരുടെ അധിനിവേശം, മാമാങ്കം-ദക്ഷിണേന്ത്യയിലെ നാട്ടുരാജാക്കന്മാരുടെ കലാകായിക മഹാമഹം- നടത്തുന്നതിനുള്ള അവകാശം തിരിച്ചു കിട്ടുന്നതിനു വേണ്ടി വള്ളുവക്കോനാതിരിക്ക് വേണ്ടി സാമൂതിരിയുമായി ഏറ്റുമുട്ടി ചാവേറാവാന്‍ ചാലിയാര്‍പ്പുഴ നീന്തിക്കടന്നു ഭാരതപ്പുഴയുടെ തീരത്തേക്ക് 12 വര്‍ഷത്തിലൊരിക്കല്‍ പട നയിച്ച ഏറനാടന്‍ മാപ്പിളമാര്‍.. സ്വാമി വിവേകാനണ്ടാനെക്കൊണ്ട് ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച ജാതിവ്യവസ്ഥയുടെ ഇരുണ്ട കാലഘട്ടം..അതിനു ശേഷം അയ്യങ്കാളിയും ഗുരുദേവനും കൊണ്ട് വന്ന കേരളീയ നവോതാനത്തിന്റെ പുലരി.. രാജവംശങ്ങളുടെ അന്ത്യം കുറിച്ച സ്വാതന്ത്ര്യ ലബ്ദി..
അതിനെല്ലാം ശേഷം എന്തുമാത്രം ജലം ചാലിയാറിലൂടെ ഒഴുകി..ഒരു നദിയുടെ ചരിത്രം എടുക്കുമ്പോള്‍ അമ്പതോ നൂറോ വര്‍ഷങ്ങള്‍ ഒന്നുമല്ല. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന നദികളും കാടുകളും മനുഷ്യന്റെ കഴിഞ്ഞ ഒരു അമ്പതു വര്‍ഷത്തെ വികസനത്തെക്കുള്ള കുതിപ്പില്‍ മരിക്കുകയാണ്. ഇതൊരു ചാലിയാറിന്റെ മാത്രം കഥയല്ല. നര്‍മ്മദ മുതല്‍ ചാലക്കുടിപ്പുഴ വരെ എത്രയോ ഉദാഹരണങ്ങള്‍..
നാടിന്റെ രക്തധമനികളാണ് പുഴകള്‍. പുഴ മലിനമായാല്‍..?!
"Heard melodies are sweet, but those unheard are sweeter"
നിലമ്പൂരില്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ പകര്‍ന്നു നല്‍കിയ സന്തോഷത്തേക്കാള്‍ മിസ് ചെയ്ത കാര്യങ്ങള്‍ നല്‍കിയ ദുഖമായിരുന്നു മടങ്ങുമ്പോള്‍ മനസ്സില്‍..
കോഴിക്കോട്-നിലമ്പൂര്‍ റോഡിനരികെ ചാലിയാറിന് കുറുകെയുള്ള [ഒരുപാട് സിനിമകള്‍ക്ക് പശ്ചാത്തലമായ] കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം, നിലമ്പൂര്‍ കോവിലകം, ഫോറെസ്റ്റ് റേഞ്ച് ഓഫീസ് ആയി ഉപയോഗിക്കുന്ന ആയുര്‍വേദചെടികളുടെ വന്‍ശേഖരമുള്ള 'ബംഗളാവ് കുന്നു', ആര്‍ട്ടിസ്റ്റ് ജിനന്റെ അരുവാക്കോടിലെ 'പോട്ടെറി ഗ്രാമം', അകംപാടത്തുള്ള കോഴിപ്പാറ വെള്ളച്ചാട്ടം, ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള നെടുംകയത്തെ elephant camp..
അങ്ങനെ കുറെയേറെ സ്ഥലങ്ങള്‍..
നിലമ്പൂര്‍ യാത്രയുടെ ഒരു രണ്ടാം സെഷന് വേണ്ടി കാത്തിരിക്കുന്നു.
ഇതുപോലെ കോരിച്ചൊരിയുന്ന ഒരു മഴക്കാലത്ത്...
പിന്തുടര്‍ന്ന പാത:
പടിയൂര്‍, മൂനുപീടിക, തൃപ്രയാര്‍, ചേറ്റുവ, ഗുരുവായൂര്‍, കുന്നംകുളം, പെരുമ്പിലാവ് (തൃശൂര്‍ ജില്ല), കുമരനെല്ലൂര്‍, പട്ടാമ്പി, കൊപ്പം, വിളയൂര്‍ (പാലക്കാടു ജില്ല), പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, വണ്ടൂര്‍, നിലമ്പൂര്‍ (മലപ്പുറം ജില്ല)
Nilambur:
Nearest Railway station : nilambur [4 km distance], Nilambur - Shornur Railway Line 66 km.
distance from nilambur to manjeri: 25km
nilambur-malappuram: 40km
nilambur-kozhikode: 72km
nilambur- trichur: 120km
nilambur-ooty : 100km
nilambur-kochi: 210km
9 comments:
നിലമ്പൂര്‍ യാത്ര അവസാനിക്കുകയാണ്.
കഴിഞ്ഞ 2 ഭാഗങ്ങള്‍ വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും നന്ദി.
അടുത്ത യാത്ര ഐതിഹ്യങ്ങളുടെ നിറം പിടിപ്പിച്ച കാഴ്ചകളുമായി കേരളത്തിലെ പുരാതന സര്‍പ്പക്കാവ് 'പാമ്പുമേയ്ക്കാട്ട് മന'യിലേക്ക്..
നല്ല ചിത്രങ്ങളും വിവരണവും ...
തുടരുക ...
മനോഹരചിത്രങ്ങള്‍, യാതകള്‍ തുടരട്ടെ
മനോഹരചിത്രങ്ങള്‍, യാതകള്‍ തുടരട്ടെ
നല്ല ചിത്രങ്ങളും വിവരണവും .
അടുത്താണെങ്കിലും കാണാന് കഴിയാത്ത ആഡ്യന്പാറ വെള്ളച്ചാട്ടം രെഞ്ജിയുടെ ചിത്രങ്ങളിലൂടെ കാണാന് കഴിഞ്ഞു.(ഒഴുകിപ്പോകുമെന്നുപറഞ്ഞു ഞങ്ങളെ അവിടെ കൊണ്ടുപോകില്ല :( ).പോസ്റ്റിങ് തുടരുക.
njan sreekumar (appu),
manjeri,trikkalangode swadeshi,
njan sasi ettane kandittundu pakshe parichaya pettittilla...
karalmanna kalikk vach....
oru suhrth vazhi sasi ettande blogum, flickerum kandu,,,,
valare nannayittundu....yathra enikk valalre ishttapettu...
pratheekshayode - appu -
രഞ്ജീ
ചിത്രങ്ങളും വരികളുമൊക്കെയായി നിലമ്പൂര്‍ യാത്ര നന്നായി കവര്‍ ചെയ്തിട്ടുണ്ട്. പലപ്പോഴായി ഈ വഴിയൊക്കെ പോയിട്ടുണ്ടെങ്കിലും ഇത്രയും നന്നായി എഴുതാന്‍ എന്നെക്കൊണ്ടായിട്ടില്ല. (നോം നിരക്ഷരനായിപ്പോയില്ലേ ? :)
ആഭിന്ദനങ്ങള്‍, ആശംസകള്‍...
Nalla vivaranam... oru mistake shraddayil peduthatte.. "Kumbalangadu" alla.. " Kurumbalangode village ennathanu sheriyaya peru..
Post a Comment