Thursday, May 20, 2010

കൊടുങ്ങല്ലൂര്‍ ഭരണി- a visualogue

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് കൊടുങ്ങല്ലൂരിലേത്. ക്രിസ്തുവിനു രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള റോമന്‍ സംസ്ക്കാരത്തിന്റെയും പുരാതന പശ്ചിമേഷ്യന്‍, ചൈനീസ് സംസ്കാരങ്ങളുടെയും ശേഷിപ്പുകള്‍ അടുത്ത കാലത്ത് ഇവിടെ നടന്ന പര്യവേക്ഷണങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിദേശകാര്യവകുപ്പില്‍ u .k യില്‍ റിസര്‍ച്ച് ചെയ്യുന്ന ആര്‍ക്കിയോളൊജിസ്റ്റ് ഡോ.k .p.ഷാജന്റെ നേതൃത്ത്വത്തിലാണ് കൊടുങ്ങല്ലുരിനു 10 കിലോമീറ്റര്‍ അകലെയുള്ള പറവൂരിലെ 'പട്ടണം' എന്ന പ്രദേശത്ത്‌ പഠനങ്ങള്‍ നടക്കുന്നത്. കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ള ചില വസ്തുതകള്‍ 3000 വര്‍ഷങ്ങള്‍ക്കു മുന്‍പേ പെരിയാറിന്റെ തീരത്ത്‌ രൂപപ്പെട്ടിരുന്ന ഒരു സംസ്കാരത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. മണ്‍മറഞ്ഞു കിടക്കുന്ന നമ്മുടെ പൈതൃകത്തിന്റെ ആ തിരുശേഷിപ്പുകള്‍ക്കായി ഇവിടെ കുഴിക്കുക.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖ നഗരമായിരുന്നു കൊടുങ്ങല്ലൂര്‍. മധ്യപൂര്‍വേഷ്യയില്‍ ആവിര്‍ഭവിച്ച ക്രിസ്ത്യന്‍, മുസ്ലിം, ജൂതമതങ്ങ ളെല്ലാം ഇന്ത്യയില്‍ പ്രചരിച്ചത് ഈ തുറമുഖം വഴിയാണ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ് ഇവിടെയാണ്‌. കേരളീയ-റോമന്‍ വാസ്തു വിദ്യയില്‍ പണിത ഈ പള്ളി പിന്നീട് ഇസ്ലാമികരീതിയില്‍ പുതുക്കിപ്പണിതു. ക്രിസ്തു ശിഷ്യന്‍ തോമാശ്ലീഹ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി മാര്‍ത്തോമാ പള്ളിയും കൊടുങ്ങല്ലുരിലാണ്. മട്ടാന്ചേരിയിലെ ആദ്യത്തെ ജൂതപ്പള്ളിയും പുരാതനകാലത്ത് 'മുസിരിസ്' എന്നറിയപ്പെട്ടിരുന്ന ഈ തുറമുഖനഗരത്തിന്റെ ഭാഗമായിരുന്നു.
പതിനാലാം നൂറ്റാണ്ടിലുണ്ടായ ഒരു പ്രളയത്തിന്റെ ഫലമായി വൈപ്പിന്‍കര ദ്വീപു ഉയര്‍ന്നു വന്നുവെന്നും അതിനു ശേഷം കൊച്ചി തുറമുഖനഗരമായി വികസിച്ചതോടെ കൊടുങ്ങല്ലൂരിന്റെ പ്രാധാന്യം കുറഞ്ഞുവെന്നും വിശ്വസിക്കപ്പെടുന്നു.

ചരിത്രത്തിന്റെയും പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും മിത്തുകളുടെയും കടുംവര്‍ണ്ണമാര്‍ന്ന നൂലുകള്‍ കൊണ്ട് നെയ്തെടുത്തതാണ് ഇവിടുത്തെ ഭഗവതി ക്ഷേത്ത്രത്തിന്റെ ചരിത്രം. ഇത് ഇഴപിരിച്ചെടുക്കുക എളുപ്പമല്ല.



കോപാക്രാന്തയായി പാണ്ട്യരാജാവിന്റെ മഥുരാപുരി മുഴുവന്‍ നശിപ്പിച്ചു കേരളത്തിലെ കൊടുങ്ങല്ലൂരില്‍ വന്നു ഭക്തരെ അനുഗ്രഹിച്ച സ്ത്രീശക്തിയുടെ പ്രതീകം ചിലപ്പതികാരത്തിലെ കണ്ണകിയാണ് കൊടുങ്ങല്ലൂരമ്മയെന്നു വിശ്വസിക്കപ്പെടുന്നു. ദക്ഷിണേന്ത്യ ഭരിച്ചിരുന്ന പാണ്ട്യ-ചേരരാജവംശങ്ങളുടെ ചരിത്രരേഖകളില്‍ ക്ഷേത്രത്തെ പറ്റി പരാമര്‍ശമുണ്ട്. കേരളം എന്ന് ഇന്ന് വിളിക്കപ്പെടുന്ന ഭൂവിഭാഗങ്ങളുടെ അധിപനായിരുന്ന ചേരരാജാവ് ചേരന്‍ ചെങ്കുട്ടുവന്‍ നിര്‍മ്മിച്ചതാണ് ക്ഷേത്രമെന്നു ചരിത്രരേഖകള്‍ പറയുന്നു. ഏഴാം നൂറ്റാണ്ടില്‍ കേരളം ഭരിച്ചിരുന്ന അവസാന ചേര രാജാവ് ചേരമാന്‍ പെരുമാളിന്റെ തലസ്ഥാന നഗരിയായിരുന്നു കൊടുങ്ങല്ലൂര്‍ (അന്നത്തെ മുസിരിപ്പട്ടണം).



മഹാമാരികളില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഭാര്‍ഘവ രാമന്‍ കേരളത്തിന്റെ നാലതിരുകളില്‍ പണിത ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് പുരാണങ്ങളില്‍ പറയുന്നു.

2008 ഏപ്രിലിലെ വേനലവധിക്കാലത്താണ് ഞാന്‍ നാട്ടിലെത്തുനത്. ആ തവണത്തെ വെകേഷന്‍‍ ചാര്‍ട്ടില്‍ തൃശ്ശൂര്‍ പൂരവും കൊടുങ്ങല്ലൂര്‍ ഭരണിയും സൈലന്റ് വാലി യാത്രയും ഉള്‍പ്പെട്ടിരുന്നു. തൃശ്ശൂര്‍ പൂരം അതിന്റെ സമഗ്രതയില്‍ ബ്ലോഗാനുള്ള ധൈര്യം എനിക്കിനിയുമായിട്ടില്ല.

അമ്മാവന്റെ വീട് കൊടുങ്ങല്ലുരാണ്. അമ്മയുടെ തറവാട് കൊടുങ്ങല്ലൂരിനു 4 കിലോമീറ്റര്‍ അകലെ പെരിയാറിന്റെ കൈവഴി കോട്ടപ്പുറം വഴി വന്നു അറബിക്കടലില്‍ സംഗമിക്കുന്ന അഴീക്കോടും. ചെറുപ്പത്തില്‍ അവിടെ നിന്നാണ് ഞാന്‍ പഠിച്ചത്. മതിലകം പാലം വന്നതോടെ എന്റെ വീട്ടില്‍ നിന്ന് മതിലകം വഴി ദേശീയപാത 17ഇല്‍ കയറിയാല്‍ [കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ട്] കൊടുങ്ങല്ലുര്‍ക്ക് 12 കിലോമീറ്റര്‍ മാത്രം! എന്നിട്ടും ആദ്യമായാണ്‌ കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോകുന്നത്; താലപ്പൊലിക്ക് പല തവണ പോയിട്ടുണ്ടെങ്കിലും..



അവിടെ ക്ഷേത്രാചാരമായി നിലനില്‍ക്കുന്ന തെറിപ്പാട്ട് തന്നെയാവാം ഇതിന്റെ മൂലകാരണം. ഭരണിക്ക് പോകുന്നത് അത്ര നല്ല ഏര്‍പ്പാടല്ല എന്നൊരു ചിന്ത നാട്ടില് ‍നിലനില്‍ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അടിച്ചു പിപ്പിരിയായി കാലുറക്കാത്തവരല്ലാതെ ലോക്കല്‍സ് ആരെയും ഭരണിക്ക് അധികം കാണില്ല.

നൂറ്റാണ്ടുകള്‍ക്കു മുന്‍പേ താഴ്ന്ന ജാതിക്കാര്‍ എന്ന് കരുതപ്പെട്ടവര്‍ക്ക് തൊട്ടു തീണ്ടാന്‍ അനുമതിയുണ്ടായിരുന്ന ക്ഷേത്രം എന്ന നിലക്കാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിനു ചരിത്രത്തിലുള്ള പ്രാധാന്യം. ഇന്ന് ഇതൊരു സാധാരണ കാര്യമായി തോന്നാമെങ്കിലും ബ്രാഹ്മണമേധാവിത്വം നില നിന്നിരുന്ന ഒരു സമൂഹത്തില്‍, മറ്റു ക്ഷേത്രങ്ങളിലെല്ലാം നൂറ്റാണ്ടുകളോളം തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന ഒരു ജനതയ്ക്ക് ക്ഷേത്രപ്രവേശനത്തിന് അനുമതി കിട്ടിയിരുന്നത് ഈ ക്ഷേത്രത്തില്‍ മാത്രമാണ്. ഗാന്ധിജി പങ്കെടുത്ത 1924ലെ വൈക്കം സത്യാഗ്രഹം നടന്നത് ക്ഷേത്രത്തിനു സമീപത്തു കൂടെയുള്ള വഴി ഉപയോഗിക്കാനുള്ള താഴ്ന്ന ജാതിയില്‍ പെട്ടവര്‍ എന്ന് മുദ്ര കുത്തപെട്ടവരുടെ അവകാശം നേടിയെടുക്കുന്നതിനായിരുന്നു എന്നോര്‍ക്കുക. അതിലും കുറച്ചു വര്‍ഷങ്ങള്‍ മാത്രം മുന്‍പാണ് താഴ്ന്ന ജാതിക്കാരന് അവന്റെ ക്ഷേത്രം എന്ന പ്രഖ്യാപനത്തോടെ ഗുരുദേവന്‍ കേരളത്തില്‍ സാമൂഹ്യപരിഷ്ക്കരണത്തിനു തുടക്കം കുറിക്കുന്നത്.

പണ്ടുകാലത്ത് നാട്ടിലാകെ പടര്‍ന്നു പിടിച്ചിരുന്ന വസൂരിയെ [സ്മോള്‍ പോക്സ്] നിയന്ത്രിക്കുനത് കൊടുങ്ങല്ലുരമ്മയാണെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. വസൂരിക്ക് 'കുരിപ്പ്' എന്നൊരു പ്രയോഗം നിലനില്‍ക്കുന്നുണ്ട്. കൊടുങ്ങല്ലൂരമ്മക്ക് 'ശ്രീ കുരുംബ' എന്നൊരു പേര് വരാന്‍ കാരണമിതാണ്.



മീനഭരണി ദിവസം ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാവും കാവ്. തലേ ദിവസം അശ്വതി നാളിലാണ് പ്രധാന ചടങ്ങായ 'കാവുതീണ്ടല്‍' നടക്കുന്നത്. ഈ രണ്ടു ദിവസങ്ങളില്‍ നാട്ടുകാരായ സ്ത്രീകളാരും കാവിന്റെ നാലയലത്തു വരില്ല.അശ്വതി നാളില്‍ രാവിലെ മുതല്‍ കാവും കൊടുങ്ങല്ലൂര്‍ നഗരം തന്നെയും കോമരങ്ങള്‍ കീഴടക്കിയിരിക്കും.



പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്(വടകര)ജില്ലകളില്‍ നിന്നും പിന്നെ തമിഴ്നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുമാണ് കോമരങ്ങള്‍ കൂടുതലായി എത്തുന്നത്. പ്രായ-ലിംഗഭേദമില്ലാതെ കുട്ടികളും യുവാക്കളും യുവതികളും വൃദ്ധരുമൊക്കെ ഈ കൂട്ടത്തിലുണ്ടാകും.





പരമ്പരാഗതമായി പള്ളിവാളും ചിലമ്പും കൈമാറി പൂജിച്ചു കൊടുങ്ങലൂരമ്മയെ ഉപാസിച്ചു വര്‍ഷത്തിലൊരിക്കല്‍ ഭരണി നാളില്‍ ആണ്ടിലെ മുഴുവന്‍ സമ്പാദ്യവും കാണിക്കയര്‍പ്പിച്ചു ദേവിയെ വണങ്ങാനെത്തുന്ന കോമരങ്ങളും ധാരാളം!





ഭരണി പാട്ടുകളുടെ [തെറിപ്പാട്ട്, പൂരപ്പാട്ട് എന്നും പറയാറുണ്ട്‌] ചരിത്രം, അത് തുടങ്ങാനിടയായ സാമൂഹ്യ സാഹചര്യം, അതിന്റെ മനശ്ശാസ്ത്രം, മനുഷ്യാവകാശങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ആഴത്തില്‍ പഠനങ്ങളും സംവാദങ്ങളും നടന്നിട്ടുണ്ട്. ഒരു പതിനഞ്ചു വര്‍ഷം മുന്‍പ് കാവില്‍ ഭരണിപ്പാട്ട് നിരോധിച്ചു കര്‍ശനമായി ഉത്തരവിറങ്ങിയിരുന്നു. ഭാരനിക്കാവില്‍ ഉടനീളം ഇതറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകളും ഒരുപാട് പൊലിസുകാരും നിലയുറപ്പിച്ചിരുന്നു. ഇന്ന് നിയന്ത്രണങ്ങളൊന്നുമില്ലാതെ എല്ലാം പഴയ പടി തുടരുന്നു.



പഠിക്കുന്ന കാലത്ത് 'ഭരണിപ്പാട്ടുകളെ' അടുത്ത് പരിചയപ്പെടാന്‍ ധാരാളം അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്.
ജില്ലയിലെ പ്രൊഫെഷണല്‍ കോളേജുകളിലെല്ലാം റാഗിങ്ങിന് ചില സ്ഥിരം ഐറ്റം നമ്പറുകളുണ്ട്. കൊടുങ്ങല്ലൂരിനു അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നാണ് വരവെന്നറിഞ്ഞാല്‍ ചേട്ടന്മാര്‍ ആദ്യം പറയുന്നത് ഭരണിപ്പാട്ട് സാധകം ചെയ്യാനായിരിക്കും. അറിയില്ലെന്ന് പറഞ്ഞാലും രക്ഷയില്ല. 100 തവണയൊക്കെ ഇമ്പോസിഷന്‍ എഴുതിയാല്‍ ആരായാലും പഠിക്കും!

പരമ്പരാഗതമായി പ്രചരിച്ചു വന്നിട്ടുള്ള ലിറിക്സിനാണ് ഇപ്പോഴും പ്രാമുഖ്യമെങ്കിലും കൊടുങ്ങല്ലൂര്‍ k.k.t.m കോളേജ് വഴി ഇതിന്റെ പല റീ-മിക്സ് വെര്‍ഷന്സും കാലാകാലങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നമ്മുടെ സംസ്കാരവും നാടന്‍ കലകളും അന്യം നിന്ന് പോവാതെ പലരീതിയില്‍ റിനൊവേറ്റ് ചെയ്ത് വാമൊഴിയായി അടുത്ത തലമുറയ്ക്ക് കൈമാറുന്നതില്‍ ജില്ലയിലെ കോളേജുകള്‍ വഹിക്കുന്ന പങ്കു ശ്രദ്ധേയമാണ്.

കോമരങ്ങളില്‍ പുരുഷന്മാര്‍ മദ്യപിക്കാറുണ്ട്. മറ്റു ലഹരികള്‍ ഉപയോഗിക്കുന്നവരുമുണ്ട്. എങ്കിലും മദ്യപിക്കാത്ത സ്ത്രീകളുടെയും ഇവരുടെയും മാനസികവ്യാപാരം ഒരേ ആവൃത്തിയില്‍ സമരസപ്പെട്ടിരിക്കുന്നത് കാണാം. ഭക്തിയുടെ പാരമ്യത്തിലെ ഒരുതരം ഉന്മാദാവസ്ഥ!










കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തിനു തനതായ പ്രത്യേകതകള്‍ ഏറെയുണ്ട്.
മറ്റു ക്ഷേത്രങ്ങളിലെ പോലെ ഇവിടെ കൊടിമരമില്ല എന്നത് ശ്രദ്ധേയമാണ്. പകരം കൊടിമരത്തോളം ഉയരമുള്ള കല്‍വിളക്ക്‌..!



ഇത്രയധികം ആല്‍ത്തറകളുള്ള ഒരു ക്ഷേത്രം കേരളത്തില്‍ വേറെയില്ല. ആളും തിരക്കുമൊഴിഞ്ഞ വൈകുന്നേരങ്ങളില്‍ ശുദ്ധവായു ശ്വസിച്ച് എത്ര സമയം വേണമെങ്കിലും ഇവിടെ ഒറ്റക്കിരിക്കാം...

ഇതൊരു ദ്രാവിഡീയ ക്ഷേത്രം ആണെന്ന് തെളിയിക്കുന്ന ധാരാളം തെളിവുകള്‍ ചരിത്രത്തിലുണ്ട്.
മറ്റു ക്ഷേത്രങ്ങളിലെ പോലെ ബ്രാഹ്മണരല്ല ഇവിടെ നിത്യപൂജ നടത്തുന്നത്.

മീനത്തിലെ തിരുവോണം നാളിലെ കോഴിക്കല്ല് മൂടല്‍ എന്ന ചടങ്ങോടെയാണ് ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. വടക്കേ നടയിലെ 2 കല്ലുകള്‍ക്കിടയില്‍ ചെമ്പട്ടില്‍ പൊതിഞ്ഞ കോഴിയെ ബലി നല്‍കുന്നതാണ് ചടങ്ങ്. കൊടുങ്ങല്ലൂര്‍ കോവിലകത്തെ അംഗങ്ങള്‍ക്കാണ് ചടങ്ങ് നടത്താനുള്ള അവകാശം. ഇതിനു വേണ്ടി കോഴിയെ നേദിക്കുന്നത് വടകരയിലെ തച്ചോളി ഒതേനന്റെ കുടുംബത്തിന്റെ പിന്‍തുടര്ച്ചക്കാരാണ്. കാളിയും അസുരന്മാരും തമ്മില്‍ നടക്കാന്‍ പോകുന്ന യുദ്ധത്തിന്റെ ഒരു പ്രതീകാത്മക അവതരണമാണിത്.



അതിനു ശേഷം കാവിന്റെ വടക്ക് കിഴക്കേ മൂലയിലുള്ള വലിയ ആലില്‍ എടമുക്ക് മൂപ്പന്‍ വേണാടിന്റെ കൊടി നാട്ടുന്നു. കൊടുങ്ങല്ലൂരമ്മയും വേണാടും തമ്മില്‍ പ്രാചീന കാലം മുതല്‍ നിലനില്‍ക്കുന്ന ബന്ധത്തിന്റെ സൂചകമാണ് ഇത്.



വേണാട് കുടുംബാംഗങ്ങളുടെ 'നിലപാട് തറ'യാണിത്‌. ഇത്പോലെ വടക്കന്‍ കേരളത്തിലെ പല കുടുംബങ്ങളുടെയും അവകാശത്തറകളാണ് കാവിലെ പല ആല്‍ത്തറകളും.
അതുകൊണ്ട് കാവ്തീണ്ടലിന്റെ നല്ലൊരു വ്യൂ കിട്ടുന്നതിനായി ആല്‍ത്തറകളില്‍ പിടിച്ചു കയറുന്നത് സൂക്ഷിച്ചു വേണം. കാവ്തീണ്ടലിന് തൊട്ടു മുന്‍പ് ആര്‍ത്തലച്ചു വരുന്ന കോമരങ്ങളുടെയും ദേശക്കാരുടെയും ആവേശത്തില്‍ നിങ്ങള്‍ തെറിച്ചു പോയേക്കാം. [ഞാന്‍ തെറിച്ചു പോയി.. :)]



ഇത് കൂടാതെ മാധ്യമക്കാരുടെ ചില നിലപാട് തറകളും അടുത്ത കാലത്ത് കാവില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ പിടിച്ചു കയറാന്‍ പറ്റിയാലും നല്ല 'വ്യൂ' കിട്ടും.



മുറിവുണക്കാനും രക്തം പെട്ടെന്ന് ക്ലോട്ട് ചെയ്യാനുമുള്ള മഞ്ഞളിന്റെ കഴിവ് കൊണ്ടാവാം മഞ്ഞള്‍ ആണിവിടുത്തെ പ്രധാന വഴിപാട്. ഭരണി കഴിഞ്ഞു ഒന്ന് രണ്ടാഴ്ച കൊടുങ്ങല്ലൂര്‍കാരും എറണാകുളം മുതല്‍ ഗുരുവായൂര്‍ വരെയുള്ള ബസ്‌ കണ്ടക്ടര്‍മാരും ക്രയവിക്രയം ചെയ്യുന്ന മഞ്ഞനോട്ടുകള്‍ ഒരു നല്ല കാഴ്ചയാണ്.

മൂപ്പന്മാര്‍ കോമരങ്ങളെ അനുഗ്രഹിച്ചു വാളും ചിലമ്പും നല്‍കി കാവുതീണ്ടലിനു അനുമതി നല്‍കുന്നു.



ദേവീചൈതന്യം ആവാഹിച്ച് രൗദ്രതാളത്തില്‍ ചുവടു വെക്കുന്ന കോമരങ്ങളുടെ നിസ്സഹായതയുടെ ദൈന്യചിത്രങ്ങള്‍..
ദേവിയല്ലാതെ ഇക്കൂട്ടര്‍ക്ക് മറ്റു ആശ്രയമില്ല.





ഒരു തലമുറയുടെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും മാറാപ്പുമായാണ് കോമരങ്ങള്‍ ഓരോ ഭരണി ഉത്സവത്തിനും കൊടുങ്ങല്ലൂരെത്തുന്നത്!

കൊടുങ്ങല്ലൂര്‍ കോവിലകത്തെ ഇപ്പോഴത്തെ രാജാവ് ഗോദവര്‍മരാജയാണ് കാവ് തീണ്ടല്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഡച്ചുകാരെ തോല്‍പ്പിച്ച് ടിപ്പു സുല്‍ത്താന്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ഭൂവിഭാഗങ്ങള്‍ കൈക്കലാക്കി. [ഗുരുവായൂരിനടുത്തുള്ള ചേറ്റുവ മുതല്‍ കൊടുങ്ങല്ലൂരിനടുത്തുള്ള അഴീക്കോട് അഴിമുഖം വരെ ദേശീയപാത 17നു സമാന്തരമായി ദേശീയപാതയുടെ പടിഞ്ഞാറ് വശത്ത്‌ കൂടെ ടിപ്പു സുല്‍ത്താന്‍ പടയോട്ടം നടത്തിയ 'ടിപ്പു സുല്‍ത്താന്‍ റോഡ്‌' കാണാം! പോസ്റ്റിന്റെ ആരംഭത്തില്‍ കൊടുത്തിരിക്കുന്ന മാപ്പ് ശ്രദ്ധിക്കുക]
ടിപ്പു സുല്‍ത്താന്റെ മരണശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെ കീഴിലായി ഈ ദേശം. സ്വതന്ത്രാധികാരങ്ങളോടെ കൊച്ചി രാജവംശത്തിന്റെ ഭാഗമായ 'പെരുമ്പടപ്പ്‌ സ്വരൂപ'ത്തിന്റെ കീഴിലായിരുന്നു കൊടുങ്ങല്ലൂര്‍, 1947ഇല്‍ സ്വാതന്ത്ര്യം കിട്ടുന്നത് വരെ.

ഉച്ചക്ക് 2 മണിക്ക് ശേഷം കിഴക്കേ നടയില്‍ ക്ഷേത്രത്തിനോട് ചേര്‍ന്ന നിലപാട് തറയില്‍ പല്ലക്കില്‍ രാജാവ് വന്നിറങ്ങുന്നു. ചുവന്ന പട്ടുകുട ഉയര്‍ത്തിയാണ് അദ്ദേഹം കാവ് തീണ്ടലിന് അനുമതി നല്‍കുന്നത്.



ഭരണി ചിലങ്ക കെട്ടിയ താളത്തിന്റെയും ആസുരമായ ആവേഗത്തിന്റെയും ഉത്സവമാണ്.
കോമരങ്ങളുടെ വന്യമായ അരമണി കിലുക്കവും ചിലങ്കയുടെ താളവും ഇപ്പോഴും കാതില്‍ മുഴങ്ങുന്നു..





ശക്തമായ ബ്രാഹ്മണ മേധാവിത്വം നിലനിന്നിരുന്ന ഒരു സമൂഹത്തിലെ കീഴാളരുടെ ഉയിര്‍ത്തെഴുല്‍പ്പിന്റെ വിപ്ലവസമരമാവാം ആദ്യത്തെ കാവുതീണ്ടല്‍..




ഇന്ന് അശ്വതി കാവുതീണ്ടലിനു സാക്ഷിയായി ഈ കാവില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു വൈബ്രഷന്‍ അത് തന്നെയാണ്.
കോമരങ്ങളുടെ വന്യമായ അലര്‍ച്ചകള്‍..
പ്രതിഷേധ പ്രകടനങ്ങള്‍..
നീണ്ട മുളവടികള്‍ ചെമ്പുതകിടുകള്‍ പാകിയ ചുറ്റുമതിലില്‍ ആഞ്ഞടിച്ചുണ്ടാകുന്ന ശബ്ദങ്ങളും കോമരങ്ങളുടെ അട്ടഹാസങ്ങളും..
കോഴികളെ തലയറുത്ത് ചുറ്റുമതിലിനു മുകളിലൂടെ ക്ഷേത്രത്തിനകത്തേക്ക് എറിഞ്ഞു കൊണ്ടുള്ള കാവിന്റെ സമ്പൂര്‍ണ്ണ അശുദ്ധീകരണം..






കാവുതീണ്ടല്‍ കീഴാളരുടെ ക്ഷേത്രം പിടിച്ചടക്കല്‍ ആയിരുന്നെന്നു കരുതാന്‍ ന്യായങ്ങള്‍ ഏറെയാണ്‌.

ദാരികവധത്തിനു ശേഷം കലിയടങ്ങാത്ത കാളിക്ക് ചുറ്റും നിന്ന് ഭൂതഗണങ്ങള്‍ കാളീപ്രീതിക്ക് വേണ്ടി നടത്തിയ പാട്ടിനെയും നൃത്തത്തെയും അനുസ്മരിച്ചാണ് ഇവിടെ ഭരണിപ്പാട്ടും പള്ളിവാളും ചിലമ്പുമണിഞ്ഞുള്ള കോമരങ്ങളുടെ കാവ് തീണ്ടലുമെന്നു ഐതിഹ്യം!

മതവും വിശ്വാസങ്ങളും അങ്ങനെയാണ്..
ചോദ്യം ചെയ്യാനാവില്ല.
അല്ലെങ്കില്‍ പാടില്ല.

ഒരുവന്‍ ആര്‍ജ്ജിച്ച ചരിത്രബോധവും യുക്തിചിന്തയും ശാസ്ത്രജ്ഞാനവുമൊന്നും അവിടെ വിലപ്പോവില്ല.
വേറൊരു വിധത്തില്‍ പറഞ്ഞാല്‍ വിശ്വാസങ്ങളെ വിശ്വാസങ്ങളായി തന്നെ കാണാനാണ് നമുക്കിഷ്ടം. ശാസ്ത്രബോധവും വിശ്വാസങ്ങളും ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരരേഖകളായി സഞ്ചരിക്കുന്നു..

ജയിക്കുന്നവന്‍ എഴുതുന്നതാണ് ചരിത്രം!
ജനകീയജനാധിപത്യത്തില്‍ പോലും അങ്ങനെയാണ്.
അപ്പോള്‍ പിന്നെ നൂറ്റാണ്ടുകള്‍ക്കു മുന്‍പത്തെ രാജഭരണകാലത്തെക്കുറിച്ച് പറയാനുണ്ടോ?!

ക്യാമറ: പാനസോണിക് ലുമിക്സ് DMC-LZ2

Sunday, May 2, 2010

തേക്കടി- a travelogue

2009 ജൂലൈയിലെ കോരിച്ചൊരിയുന്ന മഴക്കാലത്താണ് ഞങ്ങളുടെ തേക്കടി യാത്ര. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ദീര്‍ഘയാത്ര.. മുന്‍പ് പറഞ്ഞ പോലെ ഇതും മുന്‍കൂട്ടി തീരുമാനിച്ചുറച്ചു തയ്യാറെടുപ്പോടെയുള്ള ഒരു യാത്രയായിരുന്നില്ല. വിവാഹം കഴിഞ്ഞുള്ള ബന്ധു വീടുകളിലെ പറയെടുപ്പെല്ലാം കഴിഞ്ഞപ്പോളെക്കും ലീവെല്ലാം തീരാറായി. തിരിച്ചു പോകുന്നതിനു മുന്‍പേ ഒന്ന് റീ-ചാര്‍ജ് ചെയ്യാന്‍ ഒരു ചെറു യാത്ര പോകണമെന്ന് കരുതിയിരുന്നു. അങ്ങനെ ലീവ് തീരുന്ന അവസാന ആഴ്ചയില്‍ ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞു പെട്ടെന്നാണ് ഞങ്ങള്‍ യാത്രയാവുന്നത്.

വണ്ടി വളവനങ്ങാടി- വെള്ളാങ്ങല്ലുര്‍-തുമ്പുര്‍ വഴി ചാലക്കുടി-ആലുവ ദേശീയപാതയില്‍ കയറി. പെട്ടെന്ന് ഇടതു വശത്തെ സൈന്‍ ബോര്‍ഡു കണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ചോദിച്ചു- 'നമുക്ക് തേക്കടി വിട്ടാലോ?'.

ശരിക്കും അതൊരു സാഹസിക യാത്ര തന്നെയായിരുന്നു. ഡ്രൈവിങ്ങാണെങ്കില്‍ പഠിച്ചു വരുന്നേയുള്ളൂ..ലൈസെന്‍സ് എടുത്തിട്ടു പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ ആയെങ്കിലും നാട്ടിലെ റോഡില്‍ ഓടിച്ചു വേണ്ടത്ര പരിചയം പോരാ..കൂടാതെ നല്ല മഴക്കാലവും. എന്തായാലും ഈ യാത്രയോടെ ഞാന്‍ നല്ലൊരു ഡ്രൈവറായി മാറുമെന്ന വിശ്വാസമെനിക്കുണ്ടായിരുന്നു.
വണ്ടി അങ്കമാലിയില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞു കാലടി റൂട്ടില്‍ പൊയ്ക്കൊണ്ടിരിക്കുന്നു..
ചില്ലുജാലകത്തില്‍ മഴ വീഴുന്നതിന്റെ ചറ പറ ശബ്ദം...



ഞാന്‍ ഷാനെ ഫോണില്‍ വിളിച്ചു തേക്കടിക്കുള്ള എളുപ്പവഴി ചോദിച്ചു. വ്യക്തമായ ഒരുത്തരം കിട്ടിയില്ല. അവന്‍ അന്വേഷിച്ചിട്ട് വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.
മഴയ്ക്ക് ശക്തി കൂടുകയാണ്. റോഡില്‍ മഴവെള്ളം തളം കെട്ടിത്തുടങ്ങി..






വീട്ടിലേക്കു വിളിച്ചു പറഞ്ഞു; 'ഇന്നിനി നോക്കണ്ട, നാളെയെ വരൂ. ഞങ്ങള്‍ തേക്കടിക്ക് പൊയ്ക്കൊണ്ടിരിക്ക്യാ..'
അമ്മ ഞെട്ടിക്കാണും. അവിടെയെത്തിയിട്ടു വിളിക്കാന്‍ പറഞ്ഞു അമ്മ ഫോണ്‍ വെച്ചു.
വഴികളില്‍ ഇരുട്ട് വീണു തുടങ്ങി..

കോതമംഗലത്ത് നിന്നും നെടുങ്ങണ്ടം എത്തുകയാണ് ഞങ്ങളുടെ ലക്‌ഷ്യം. പിന്നെ കല്ലാര്‍, വണ്ടന്‍മേട് വഴി തെക്കടിക്ക് അടുത്തുള്ള കുമളിയിലെത്താം.



കോതമംഗലത്ത് നിന്നും ഏതു റോഡിലൂടെ എങ്ങനെ നെടുങ്ങണ്ടം എത്തി എന്ന് ചോദിച്ചാല്‍ ഇപ്പോളും ഒരു ഐഡിയ ഇല്ല. റോഡില്‍ മറ്റു വണ്ടികളില്ല.. വളരെ ഇടുങ്ങിയ, മലകള്‍ ചുറ്റി പോകുന്ന, കുത്തനെ കയറ്റിറക്കങ്ങള്‍ ഉള്ള വഴികള്‍..

ഇടയ്ക്കു റോഡില്‍ പണി നടക്കുന്ന കാരണം ഒരു വലിയ എസറ്ററ്റിന്റെ ഇടുങ്ങിയ പൊട്ടിപ്പൊളിഞ്ഞ ഊടുവഴികളിലൂടെയുള്ള ഡയിവേര്‍ഷന്‍..കാളിയാര്‍ എസ്ട്ടറ്റായിരുന്നു ഇതെന്ന് പിന്നീട് മനസ്സിലാക്കി.




മെഹ്ദി ഹസ്സന്റെ പതിഞ്ഞ ഈണത്തിലുള്ള ഈ ഗസലിന് കാതോര്‍ത്ത് ഇരുളും വെളിച്ചവും ഇഴ നെയ്യുന്ന ഈ മലമ്പാതകളിലൂടെ എത്ര നേരം വേണമെങ്കിലും വിശ്രമമില്ലാതെ വണ്ടിയോടിക്കാന്‍ കഴിയുമെന്ന് തോന്നി..

തിരുവിതാംകൂര്‍ രാജാക്കന്മാരുടെയും അതിനു ശേഷം ബ്രിടിഷുകാരുടെയും വേനല്ക്കാലവസതികള്‍ക്ക് പണ്ട് മുതലേ പേര് കേട്ടിരുന്ന മൂന്നാറും കുട്ടിക്കാനവും പീരുമെടും ഉള്‍ക്കൊള്ളുന്ന ഇടുക്കി ജില്ല..
കായികാധ്വാനം കൊണ്ട് മലയോരകര്‍ഷകരും പിന്നെ പ്രായോഗിക രാഷ്ട്രീയത്തിന്റെ പിളര്‍പ്പ്-യോജിപ്പ് വിദ്യകള്‍ കൊണ്ട് കേരളാകോണ്‍ഗ്രെസ്സുകളും പൊന്നു വിളയിച്ച ഭൂമി..
വയനാട് കഴിഞ്ഞാല്‍ കേരളത്തിലേറ്റവും കൂടുതല്‍ നിത്യഹരിതവനങ്ങള്‍ തിങ്ങി നിറഞ്ഞ ഹരിതപ്രദേശം!
ചോലവനങ്ങളും നീലിമലക്കാടുകളും കൊണ്ട് കണ്ണിനെ കുളിരണിയിക്കുന്ന കേരളത്തിന്റെ സ്വിറ്റ്സേര്‍ലാന്‍ഡ്‌!





തൊടുപുഴ- ഗേറ്റ് വേ ഓഫ് ഇടുക്കി ഡിസട്രികറ്റ്. ഇടുക്കി ജില്ലയുടെ കവാടം.




വഴിയെക്കുറിച്ചുള്ള ധാരണക്കുറവും നല്ല ഇരുട്ടും കാരണം പിന്നെ നിര്‍ത്താതെയുള്ള യാത്രയായിരുന്നു രാത്രി 10 മണിയോടെ കുമളി എത്തുന്നത് വരെ..കുമളിയില്‍ നിന്നും 4 കിലോമീറ്റര്‍ മാത്രം അകെലയാണ് പെരിയാര്‍ വൈല്‍ഡ്‌ ലൈഫ് സാന്ഗ്ചുറി.


പിന്തുടര്‍ന്ന പാത:
ഇരിഞാലകുട, ചാലക്കുടി, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, കോതമംഗലം, നേരിയമംഗലം, ചെറുതോണി, ഇടുക്കി, കട്ടപ്പന, കുമളി, തേക്കടി.
[ഇത് വന്ന വഴിയാണ്.. പോയ വഴി ഇപ്പോഴും ഒരു പൊക പോലെയാണ്.. വലിയ പിടിയില്ല]


തേക്കടിയിലെ കായലിലൂടെയുള്ള ബോട്ട് യാത്ര തന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ദിവസേന 5 സര്‍വീസ് ആണുള്ളത്. 7, 9.30, 11.30, 14.00, 16.00 എന്നിങ്ങനെയാണ് ബോട്ടിങ്ങിനുള്ള സമയം. രാവിലെ 7 മണിക്കുള്ള ആദ്യയാത്രയില്‍ തന്നെ ഇടം തേടണമെന്ന് തീരുമാനിച്ചു.
തേക്കടിയിലെ താമസ സൗകര്യങ്ങള്‍, വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ദൂരം, ബോട്ടിംഗ് ടിക്കറ്റ്‌ റിസര്‍വേഷന്‍ കൌണ്ടര്‍ കോന്‍ടാക്റ്റ്‌ നമ്പര്‍, ബോട്ടിംഗ്/എന്‍ട്രി ടിക്കറ്റ്‌ നിരക്കുകള്‍, വൈല്‍ഡ്‌ ലൈഫ് സങ്കേതത്തിലെ പക്ഷിമൃഗാദികള്‍, കാലാവസ്ഥ, തെക്കടിക്ക് അടുത്തുള്ള മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്
ഇവിടെ ക്ലിക്കുക. ഇവിടെയും...


പിറ്റേ ദിവസം രാവിലെ കുമളിപ്പട്ടണം- ഒരു ജാലകക്കാഴ്ച.

കുമളി- ചുറ്റിലും പരന്നു കിടക്കുന്ന എലക്കാടുകള്‍ക്ക് നടുവിലെ ഒരു ചെറുപ്പട്ടണം. ഏലം സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയാണെങ്കില്‍ അവരുടെ കൊട്ടാരമാണ് കുമളി. കേരളത്തിലെ സുഗന്ധവ്യഞ്ജനവ്യാപാരത്തിന്റെ കേന്ദ്രം! ഏലം കൂടാതെ കാപ്പിയും കുരുമുളകുമാണ് ഇവിടത്തെ മറ്റു പ്രധാന വിളകള്‍. ടൂറിസത്തെ ആശ്രയിച്ചാണ് ഇവിടത്തെ ജനങ്ങള്‍ പ്രധാനമായും ജീവിക്കുന്നത്. കൂടാതെ മലയോരങ്ങളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ധാരാളം. കാപ്പി, ഏലം, തേയില എന്നൊക്കെ എഴുതി വെച്ച കടകള്‍ കുമളിപ്പട്ടണത്തില്‍ ഒരുപാട് കാണാം. കൂട്ടത്തില്‍ കേരളത്തിന്റെ തനതു കര-കൌശല ഉല്‍പ്പന്നങ്ങളും.. പ്രധാനമായും വിദേശികളെ ഉന്നം വെച്ചാണ് ഇവിടെ കച്ചവടം.

തൊണ്ണൂറുകളിലെ ടൂറിസം വികസനത്തോടെ ഒരുപാട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുമളിയില്‍ നടന്നിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നഗരത്തിന്റെ സ്വാഭാവിക സൗന്ദര്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

കുമളിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് തേക്കടിയിലെ 'പെരിയാര്‍ ടൈഗര്‍ റിസര്‍വ്വി'ന്റെ ചെക്ക് പോസ്റ്റ്‌. അവിടെനിന്നും പാസ്‌ എടുത്തു വീണ്ടും യാത്ര..
ഇരുവശവുമുള്ള മരങ്ങള്‍ക്കിടയിലൂടെയുള്ള വീതി കുറഞ്ഞ വണ്‍വേയിലൂടെ കുറച്ചു സഞ്ചരിച്ചാല്‍ കടവിലെത്താം. 20 കിലോമീറ്റര്‍ സ്പീഡ് ലിമിറ്റ് വെച്ചിട്ടുണ്ട്. ചുറ്റുപാടുമുള്ള വന്യ ജീവികള്‍ക്കും(?)കിളികള്‍ക്കും ശല്യമുണ്ടാക്കണ്ട എന്ന് കരുതിയാണ് ഈ നിയന്ത്രണങ്ങള്‍.



ഈ യാത്രക്കിടയില്‍ വന്യമൃഗങ്ങളുടെയും പക്ഷികളുടെയും കോണ്‍ക്രീറ്റില്‍ തീര്‍ത്ത ചില പ്രതിമകളും ചിത്രങ്ങളുമെല്ലാം കാണാം. മനുഷ്യനെ കൊതിപ്പിക്കാന്‍..!
പേടിക്കണ്ട. അങ്ങനെയുള്ള ഒരു ജാതി ജീവികളെയും നിങ്ങള്‍ക്കിവിടെ നേരില്‍ കാണാനാവില്ല. :-)

തടാകക്കരയിലെ കൂറ്റന്‍ വൃക്ഷച്ചില്ലകള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുന്നു..



ഇതാ നമ്മള്‍ കടവിലെത്തി.





സമയം 6.30ആയതേയുള്ളൂ. ഇനിയും കുറച്ചു സമയം കൂടെ കഴിഞ്ഞാലെ ടിക്കറ്റ്‌ കൊടുത്ത് തുടങ്ങൂ. ഇവിടെ കായലിനു സമാന്തരമായി പോകുന്ന ഈ കൂറ്റന്‍ മരങ്ങള്‍ തണല്‍ വിരിക്കുന്ന വഴിയിലൂടെ കാഴ്ചകള്‍ കണ്ടു അല്‍പ്പം നടക്കാം..







ബോട്ടിന് വേണ്ടി കാത്തിരിക്കുന്ന സഞാരികള്‍ക്ക് വിശ്രമിക്കാനും ചുറ്റി നടന്നു കാണാനുമായി ഇവിടെ മനോഹരമായ ഒരുദ്യാനമുണ്ട്.











മരങ്ങള്‍ക്കിടയിലൂടെ ഇവിടെ നിന്ന് നോക്കിയാല്‍ ദൂരെ കടവും അവിടെ സഞാരികളെ കാത്തു കിടക്കുന്ന ബോട്ടുകളും കാണാം..






സഞാരികളെയും കാത്ത്..

ബോട്ടില്‍ കയറുമ്പോള്‍ ഞങ്ങള്‍ തനിച്ചായിരുന്നു. ആളുകളൊക്കെ വന്നു തുടങ്ങുന്നേയുള്ളൂ..
മുകള്‍ ഡെക്കില്‍ 75 പേര്‍ക്കാണ് ഇരിപ്പിടമുള്ളത്. താഴെയും 75 പേര്‍ അടക്കം ബോട്ടില്‍ ആകെ 150 പേര്‍. കായലിന്റെ മൊത്തത്തിലുള്ള ഒരു ദൃശ്യം കിട്ടാനും ചിത്രങ്ങള്‍ എടുക്കാനുമുള്ള സൗകര്യത്തിനു മുകള്‍ ഡെക്കില്‍ സീറ്റ്‌ തരപ്പെടുത്തുന്നതാണ് നല്ലത്!



7 മണിയോടെ സഞ്ചാരികള്‍ കൂട്ടമായി വന്നു തുടങ്ങി. കൂടുതല്‍ വിദേശികളും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.


സ്രാങ്ക് എന്ന് വിളിപ്പേരുള്ള ബോട്ടിന്റെ സൂപ്പര്‍വൈസര്‍ വന്നു എല്ലാവരുടെയും ഇരിപ്പിടമെല്ലാം ശരിയെന്നു ഉറപ്പു വരുത്തി.
ഞങ്ങളുടെ ബോട്ട് യാത്ര തുടങ്ങുകയാണ്.
അങ്ങനെ 150ഓളം വരുന്ന ഞങ്ങള് ‍ബോട്ട് യാത്രക്കാര്‍ ജീവിതം ഡ്രൈവറുടെ കയ്യില്‍ പണയം വെച്ചു യാത്ര തുടങ്ങി.

ബോട്ട് പുറപ്പെടുമ്പോള്‍ സിനിയുടെ ചോദ്യം;
'രണ്ജേട്ടാ, ബോട്ട് മുങ്ങ്യാല്‍ നമ്മളെന്തു ചെയ്യും?!'



സിനിയുടെ ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇതിനു മുന്‍പും ഞാന്‍ തുറിച്ചു നോക്കി നിന്നിട്ടുണ്ട്.
ഓഫീസിലേക്ക് പോവുന്ന എന്നെ യാത്രയാക്കി ഫ്ലാറ്റിന്റെ വാതിലില്‍ നിന്ന് 'ഇവടെ ഭൂമികുലുക്കം വന്നാല്‍ നമ്മളെന്തു ചെയ്യും..?!'






മഴക്കോളുണ്ട്‌.
ചെറുതായി മഴ ചാറുന്നു..









പ്രകൃതിയുടെ അഭൗമസൗന്ദര്യം!
കുട്ടിക്കാലത്ത് വായിച്ചു കേട്ട കഥകളിലെ മാലാഖമാര്‍ വിഹരിക്കുന്ന പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘമാലകള്‍ക്കിടയിലൂടെയാണ് ഞങ്ങളുടെ യാത്ര..
ഒരു നിമിഷം എല്ലാം മറന്നു പോവുന്നു.

മനസ്സിപ്പോള്‍ സ്വസ്ഥമാണ്. ജീവിതത്തിലെ തിരക്കുകളില്‍ നിന്നെല്ലാം മാറി ഈ കായല്‍ പരപ്പിലൂടെ ഒഴുകി നടക്കുമ്പോള്‍ വല്ലാത്തൊരു ഭാരക്കുറവ് അനുഭവപ്പെടുന്നു.
ജീവിതത്തിന്റെ ദ്രുതതാളത്തിനു അയവ് വരുന്നു..







കായലില്‍ ഉടനീളം ഉയര്‍ന്നു നില്‍ക്കുന്ന മരക്കുറ്റികള്‍ തേക്കടിയുടെ ടിപിക്കല്‍ കാഴ്ചയാണ്. മുന്‍പുണ്ടായിരുന്ന സ്വാഭാവിക വനത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്. ഇവയില്‍ ഇപ്പോളും വളര്‍ന്നു കൊണ്ടിരിക്കുന്ന പൊടിപ്പുകള്‍ ഉള്ള ചില്ലകളോട് കൂടിയവയും ഉണ്ട്. തേക്കടിയിലെ മുഖ്യ ആകര്‍ഷണമായ 'സ്നൈക്ക് ബേര്‍ഡ്സ്'(ചേരക്കോഴി) പുലര്‍കാല വേളകളില്‍ ഈ മരക്കുറ്റികളില്‍ ഇരിക്കുന്നത് മനോഹരമായ കാഴ്ച്ചയാണ്.



വളഞ്ഞും പുളഞ്ഞും പോകുന്ന കായല്പരപ്പിലൂടെ 1 മണിക്കൂറോളം യാത്ര ചെയ്തു മുല്ലപ്പെരിയാര്‍ ഡാമിന്റെ വളരെയടുത്തു വരെ ബോട്ട് പോകും. 20 -25 മിനുട്ട് കൂടി യാത്ര ചെയ്‌താല്‍ ഡാം കാണാം!

യാത്രക്കാരെല്ലാം പല തരത്തിലുള്ള പ്രവൃത്തികളില്‍ മുഴുകിയിരിക്കുകയാണ്.
ചിലര്‍ ടെക്കില്‍ നിന്ന് മനോഹരമായ കായലിന്റെയും വനത്തിന്റെയും പശ്ചാത്തലത്തില്‍ ചിത്രങ്ങള്‍ എടുക്കുന്നു.
ചിലര്‍ കായല്‍ക്കരയില്‍ വെള്ളം കുടിക്കാനെത്തുന്ന ജീവികള്‍ക്കായി സൂക്ഷ്മനിരീക്ഷണം നടത്തുന്നു.
മറ്റു ചിലര്‍ അവരവരുടെ സീറ്റുകളില്‍ തന്നെയിരുന്നു യാത്ര മുഴുവന്‍ വിഡിയോയില്‍ പകര്‍ത്തുന്നു..


താഴെ ഡെക്കില്‍ നിന്ന് കുഞ്ഞിനോടൊപ്പം പോസ് ചെയ്യുന്ന ഒരമ്മ! (സംശയിക്കണ്ട..പോസ് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല..)

പുലര്‍കാലവേളയിലെ 7 മണിയുടെ ആദ്യ ട്രിപ്പാണ് കായല്‍യാത്രക്ക് ഏറ്റവും പറ്റിയത്. ഈ സമയത്താണ് ആനയടക്കമുള്ള മൃഗങ്ങള്‍ കൂട്ടമായി വെള്ളം കുടിക്കാന്‍ തീരത്തെത്തുന്നത്. ആനകളെ കൂടാതെ മാനുകള്‍ [sambar deer], ചില ജാതി മുള്ളന്‍പന്നികള്‍, കാട്ടുപന്നികള്‍, ചീങ്കണ്ണികള്‍, കാട്ടുപോത്തുകള്‍ എന്നിവയെയും ഭാഗ്യം [നല്ല കാഴ്ച്ചശക്തിയും] ഉണ്ടെങ്കില്‍ തീരത്ത്‌ വെള്ളം കുടിക്കുന്നത് കാണാം. [ചീങ്കണ്ണികള്‍ വെള്ളം കുടിക്കുമോ എന്ന് ഉറപ്പില്ല..]





ഇവിടെ നിന്നും 400 മീറ്റര്‍ മാത്രം അകലെയാണ് മുല്ലപ്പെരിയാര്‍ ഡാം. തെക്കടിയിലേത് ഒരു മനുഷ്യനിര്‍മ്മിത ജലാശയമാണ്. പെരിയാറിലെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന ഈ ഭാഗത്തെ മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണമാണ് ഇവിടെ ഇങ്ങനെയൊരു ജലാശയമുണ്ടാകാന്‍ കാരണം.
ബോട്ട് അപകടമുണ്ടായ സ്ഥലവും ഏകദേശം ഇതിനു അരികെയാണ്.



'വന്നല്ലോ വനമാല..'
കായലില്‍ പെട്രോളിംഗ് നടത്തുന്ന വനം വകുപ്പിന്റെ ബോട്ട്.



കായല്‍ സഞ്ചാരം കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചു കടവിലിറങ്ങാന്‍ പോകുകയാണ്. കായലില്‍ നിന്നുള്ള ബോട്ട് കടവിന്റെ ഒരു ദൃശ്യം.









മടക്കയാത്ര..
കായല്‍പരപ്പിലെ ഈ പുലര്‍കാലയാത്രയും ദൃശ്യാനുഭാവങ്ങളുമെല്ലാം ഇനി ഓര്‍മ്മയുടെ താളുകളിലേക്ക്..




യാത്ര തുടരും..
ജീവിതയാത്ര അവസാനിക്കുന്നില്ല..

ക്യാമറ: കാനോണ്‍ 450D