Friday, November 19, 2010

അതിരപ്പിള്ളി- ഒരു പുലര്‍കാലകാഴ്ച

അതിരപ്പിള്ളി -ഷോളയാര്‍ കാടുകളിലൂടെ ഷാനും സുഗീഷും ഹണീഷുമായി നടത്തിയ ചില പുലര്‍കാല യാത്രകളിലെങ്ങോ മനസ്സിലുദിച്ച ഒരു ചിത്രമുണ്ട്. ഉദിച്ചുയരുന്ന അരുണാഭയാര്‍ന്ന സൂര്യന്‍ പശ്ചാത്തലമായി, ചുവപ്പ് രാശി പടരുന്ന മേഘപടലങ്ങളുടെ കീഴില്‍, ഇരുവഴി പിരിഞ്ഞു കുതിച്ചു ചാടുന്ന വെള്ളച്ചാട്ടത്തിന്റെ താഴെ താഴ്വാരത്തില്‍ നിന്നുള്ള ദൃശ്യം! ഇതുവരെ അച്ചടിമാധ്യമത്തിലോ ദൃശ്യമാധ്യമത്തിലോ കണ്ടിട്ടില്ലാത്ത ഈ ദൃശ്യം താഴെ താഴ്വാരത്തില്‍ നിന്നും ക്യാമറയില്‍ പകര്‍ത്തുക.

[ഇതല്ല ആ ചിത്രം; ഇവിടെ നേരം പുലര്‍ന്നു പോയി..]

രണ്ടു മാസം മുന്‍പ് 'ലെഫ്റ്റ് ഹാന്‍ഡ്‌ സൈഡി'നെ നാട്ടില്‍ കൊണ്ട് വിടാന്‍ പോയപ്പോള്‍ ഈ ഒരു യാത്രക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിയതാണ്. യാത്രകള്‍ പലതും അങ്ങനെയാണ്. മുന്‍കൂട്ടി നിശ്ചയിച്ച്, തയ്യാറെടുപ്പുകളൊക്കെ നടത്തി തീരുമാനിക്കുന്നതൊന്നും നടക്കാറില്ല.

രാത്രി 10 മണി കഴിഞ്ഞപ്പോഴാണ് സെറാഫി മാഷിനെ വിളിച്ചത്. "മാഷെ, നാളെ പുലര്‍ച്ചെ അതിരപ്പിള്ളി വിടാം?" മാഷിന്റെ ചിരി ഫോണില്‍.
"ചിരിക്കൊന്നും വേണ്ട. ഇപ്പൊ തീരുമാനിച്ചാല്‍ നടക്കും. ഞാനിപ്പോ ഹനീഷിനെയും വിളിക്കാം. വീഡിയോ ക്യാമറയുടെ കാര്‍ഡുകളൊക്കെ തപ്പിയെടുത്തു വെച്ചോ. ബാറ്റെരി ചാര്‍ജ് ചെയ്യാനും മറക്കണ്ട. പുലര്‍ച്ചെ 4 മണിക്ക് ഞാന്‍ വിളിക്കാം"

പുലര്‍ച്ചെ 4 മണിക്ക് തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി. സെറാഫി മാഷും ഹണീഷും ഞാനും. പടിയൂരിലെ പരിഷത്തിന്റെ നല്ല നാളുകളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു യാത്ര.. ചെറുതായി മഴ ചാറിക്കൊണ്ടിരിക്കുന്നു. പുലര്‍ച്ചയ്ക്ക് മുന്‍പേ ഇരുട്ടിലൂടെ വിശേഷങ്ങളൊക്കെ പറഞ്ഞു മെല്ലെ ഒരു യാത്ര..

അതിരപ്പിള്ളി എത്തുന്നതിനു തൊട്ടുമുന്‍പ് സൈറ്റ് സീയിങ്ങിനു പറ്റിയ നല്ലൊരു വ്യൂ പോയിന്റ്‌ ആണിത്. ഇവിടെ, ഈ പ്ലാവിന്‍ ചുവട്ടില്‍ കട്ടനടിച്ച് അല്‍പ്പം വിശ്രമം.


മാഷ്‌ ട്രൈപ്പോട് സെറ്റ് ചെയ്തു ദൂരെ കാണുന്ന വെള്ളച്ചാട്ടത്തിന്റെയും പുലര്‍കാലത്തെ തണുപ്പില്‍ മയങ്ങിക്കിടക്കുന്ന താഴ്വാരത്തിന്റെയും കാടിന്റെയും ദൂരക്കാഴ്ചകള്‍ പകര്‍ത്താനുള്ള ശ്രമത്തിലാണ്.


ഇത് സെറാഫിന്‍ പിന്ഹീറോ.

മികച്ച അധ്യാപകനുള്ള സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍ നേടിയ വ്യക്തിയെന്ന് പരിചയപ്പെടുത്തിയാല്‍ ഇദ്ദേഹത്തെ അറിയുന്നവര്‍ നെറ്റിചുളിച്ചേക്കാം. കാരണം അങ്ങനെയൊരു പരിചയപ്പെടുത്തലല്ല മാഷ്‌ അര്‍ഹിക്കുന്നത്. കിരണ്‍ മാഷെ വിളിക്കുന്നത് 'പടിയൂരിന്റെ കൊബായാഷി മാസ്റ്റെര്‍' എന്നാണ്. 'ടോട്ടോ ചാന്‍' വായിച്ച, മാഷെ അറിയുന്നവരുടെയെല്ലാം മനസ്സില്‍ കൊബായാഷി മാസ്റ്റെര്‍ക്ക് സെറാഫി മാഷിന്റെ മുഖമായിരിക്കും.
കുട്ടികളുമായി ആശയവിനിമയം നടത്തി, ചോദ്യങ്ങള്‍ ചോദിച്ച്‌ കിട്ടുന്ന ഉത്തരങ്ങള്‍ പരസ്പരം നിര്‍ധാരണം ചെയ്തു നിഗമനങ്ങളില്‍ എത്തുന്ന പഠനത്തിന്റെ രീതിയുടെ പ്രചാരകന്‍.

ഇദ്ദേഹം ഈ വീഡിയോ എല്ലാം എടുക്കുന്നത് എന്തിനാണെന്നാണ് നിങ്ങള്‍ കരുതുന്നത്.
വള്ളിവട്ടത്തെ ചെളി നിറഞ്ഞ പാടങ്ങളില്‍ കന്നുകാലികളുടെ ചലിക്കുന്ന ദൃശ്യങ്ങള്‍..അവയുടെ മുകളില്‍ വന്നിരിക്കുന്ന കിളികള്‍.. കന്നുകാലികള്‍ നടക്കുമ്പോള്‍ പറക്കുന്ന പുല്ലിലെ പ്രാണികള്‍.. അവയെ ഭക്ഷണമാക്കുന്ന കിളികള്‍..
ജന്തുലോകത്തെ ഈ ചാക്രികവ്യൂഹത്തിന്റെ, പരസ്പര സഹകരണത്തിന്റെ ഈ ജീവനുള്ള ചിത്രങ്ങള്‍.. അത് കാണുന്ന കുട്ടികളുടെ ആവേശം..
ഇത് പഠനം പാല്പായസമാക്കുന്ന പുതിയ രീതികള്‍..

ഇവിടെ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ ഒരു ദൂരക്കാഴ്ച

ടിക്കറ്റ്‌ കൌന്ടെരില്‍ എത്തിയപ്പോള്‍ പേടിച്ചത് തന്നെ സംഭവിച്ചു. 8 മണി കഴിയാതെ ടിക്കറ്റ്‌ കൊടുക്കില്ല. വലിയ ബോര്‍ഡില്‍ എഴുതി വെച്ചിരിക്കുന്നു. ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി അടുത്തുള്ള ക്വട്ടേഴ്സില്‍ ഉറങ്ങി കിടന്നിരുന്ന ഗാര്‍ഡിനെ വിളിച്ചുണര്‍ത്തി അന്വേഷിച്ചിട്ടും രക്ഷയില്ല. ഞങ്ങളുടെ ഉദ്ദേശവും അപേക്ഷയുമൊന്നും വിലപ്പോയില്ല. താഴെ വെള്ളച്ചാട്ടം പതിക്കുന്നിടത്തു പത്തു പതിനഞ്ചു പേര്‍ ഫോറെസ്റ്റ് ഗാര്‍ഡുമാരായും ലൈഫ് ഗാര്‍ഡുമാരായും ജോലി ചെയ്യുന്നുണ്ട്. പനമ്പ് കൊണ്ടും ഈറ്റ കൊണ്ടും നിര്‍മ്മിച്ച അവരുടെ കൂടാരം താഴെയുണ്ട്. അവരെല്ലാം ജോലിക്ക് എത്തുന്നത് 8 മണി കഴിഞ്ഞാണ്. അവരുടെയെല്ലാം ജോലി റിസ്ക്കിലാക്കി ഞങ്ങള്‍ക്ക് വേണ്ടി ഒരു സഹായം ചെയ്തുതരാന്‍ സാറമ്മാര് വലിയ പുള്ളികള്‍ വല്ലോം ആണോ എന്നാണു അദ്ദേഹം ഞങ്ങളോട് സൌമ്യമായി ചോദിച്ചത്.
ഷോളയാര്‍ ഫോറെസ്റ്റ് ഡിവിഷനില്‍ ജോലി ചെയ്യുന്ന പരിചയക്കാര്‍ ഉണ്ടായിരുന്നു. അങ്ങനെ പ്ലാന്‍ ചെയ്തു വരാമെന്ന് വെച്ചാല്‍ യാത്ര തന്നെ നടക്കില്ലെന്നു അറിയാമായിരുന്നത് കൊണ്ടാണ് ചാടിപുറപ്പെട്ടത്.ഇപ്പോള്‍ മനസ്സിലായില്ലേ എന്തുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞ രീതിയിലുള്ള ഒരു ചിത്രം അത്ര സാധാരണയായി കാണാത്തത് എന്ന്.. എന്തായാലും ഞാന്‍ ആ ഉദ്യമം അടുത്ത യാത്രയിലേക്ക് മാറ്റി വെക്കുന്നു. ചിത്രങ്ങള്‍ എടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആരുടെയെങ്കിലും കയ്യോ കാലോ പിടിച്ചു സ്പെഷ്യല്‍ പെര്‍മിഷന്‍ വാങ്ങി ഇതൊന്നു ശ്രമിച്ചു നോക്കിയാല്‍ നന്ന്. ശ്രമത്തിനുള്ള ഫലം കിട്ടാതിരിക്കില്ല.

8 മണിയാകാന്‍ ഇനിയും ഒന്നര മണിക്കൂര്‍ കൂടിയുണ്ട്. പുലര്‍കാലത്തെ കിളിശബ്ദങ്ങള്‍ കേട്ടുകൊണ്ട് മുന്നോട്ടു പോകാം. കൂടുതല്‍ പക്ഷികളെയും മറ്റു ജീവികളെയും കാണാന്‍ സാധിക്കുന്ന സമയമാണ്. കാഴ്ചകള്‍ കണ്ടു നീങ്ങാം..ഈ വഴിയില്‍വെച്ച് ധൈര്യപൂര്‍വ്വം വണ്ടിയില്‍ ചാടിക്കയറിയ ഒരു ഫാമിലി!മലയണ്ണാന്‍ [malabar giant squirrel]അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും വാഴച്ചാലിനും ഇടയില്‍ 5 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ വഴിയില്‍ അതിരപ്പിള്ളി കഴിഞ്ഞു 3 കിലോമീറ്റര്‍ പോയാല്‍ ചാര്‍പ്പ വെള്ളച്ചാട്ടം.


കേരളത്തിലെ ഏറ്റവും വലിയ, ഏറ്റവും മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്തു കിടക്കുന്നു എന്നതാണ് ചാര്‍പ വെള്ളച്ചാട്ടത്തിന്റെ ദുര്യോഗം! അല്ലെങ്കില്‍ വളരെ പ്രശസ്തമാകേണ്ടിയിരുന്ന ഒരു സ്ഥലമാണ് ഇത്. അരുവി വളരെ ഉയരത്തില്‍ നിന്ന് കുത്തനെ കിടക്കുന്ന പാറക്കൂട്ടങ്ങളില്‍ത്തട്ടി റോഡിനു കുറുകെ കെട്ടിയിട്ടുള്ള പാലത്തിന്റെ അടിയിലൂടെ ചാലക്കുടിപ്പുഴയില്‍ ചേരുന്നു. ചരിഞ്ഞു കിടക്കുന്ന ഈ പാറക്കെട്ട് കുത്തനെ കിടന്നിരുന്നെങ്കില്‍ അതിനു അതിരപ്പിള്ളി ഫാള്സിനേക്കാള്‍ ഉയരമുണ്ടാകുമായിരുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. എത്തിച്ചേരാനുള്ള സൌകര്യവും വെള്ളച്ചാട്ടത്തിന്റെ ഉയരവും ഭംഗിയും നോക്കുമ്പോള്‍ നിലമ്പൂരിലെ ആഡ്യന്‍പാറ പോലെ കേരളത്തിലെ പല സ്ഥലങ്ങലെക്കാള്‍ മുന്നില്‍ നില്‍ക്കും ചാര്‍പ്പ.


ചാര്‍പ്പ വെള്ളച്ചാട്ടം പടിയൂര്‍കാര്‍ക്ക് 'അന്‍സാരിപ്പാറ'യാണ്.
നാട്ടുകാരുടെ കണ്ണിലുണ്ണിയായ നിലംപതിയിലെ അന്‍സാരി, അല്‍പ്പം തണ്ണിയുടെ ബലത്തില്‍ വിനോദയാത്രക്ക് വന്ന പത്തുനൂറു പെണ്‍കിടാങ്ങളെയും വാഹനങ്ങളില്‍ തിക്കിതിരക്കി വന്ന മറ്റു ടൂരിസ്ട്ടുകളെയും സാക്ഷി നിര്‍ത്തി നിറഞ്ഞൊഴുകുന്ന വെള്ളചാട്ടത്തിനു കുറുകെ, വഴുക്കലുള്ള പാറയിലൂടെ അള്ളിപ്പിടിച്ച്‌ സാഹസികയാത്ര നടത്തിയ സ്പോട്ട്...ശേഷം കിലുക്കത്തില്‍ ജഗതിയെ പൊതിഞ്ഞു കെട്ടി ആസ്പത്രിയില്‍ നിനും കൊണ്ട് വന്ന പോലെയാണ് അന്‍സാരിയെയും കൊണ്ട് വന്നത് എന്നാണ് കണ്ടു നിന്ന ശ്രീജനൊക്കെ പറഞ്ഞത്. ചര്‍മ്മത്തിന്റെ ഭാഗങ്ങളൊന്നും പൊതിക്കെട്ടിനു വെളിയില്‍ കാണാനുന്ടായിരുന്നില്ല.
സംഭവം നടന്നിട്ട് പത്തു വര്‍ഷത്തോളമായെങ്കിലും 'ചാര്‍പ വെള്ളച്ചാട്ടം' ഉള്ളിടത്തോളം കാലം പടിയൂര്‍കാര്‍ അന്‍സാരിയെയും ഈ സംഭവത്തെയും മറക്കാന്‍ വഴിയില്ല. അതുപോലെ പല്ല് പോയ മോണ കാട്ടിയുള്ള അന്‍സാരിയുടെ ചിരി കാണുമ്പോള്‍ നാട്ടുകാര്‍ ചാര്‍പ വെള്ളചാട്ടത്തെയും ഓര്‍മ്മിക്കും!

വാഴച്ചാല്‍ ഉദ്യാനത്തിന്റെ ചെക്ക്‌ പോസ്റ്റില്‍ സൂക്ഷിച്ചിരിക്കുന്ന രെജിസ്റ്ററില്‍ വിവരങ്ങള്‍ എല്ലാം കൊടുത്തു. യാത്രക്കാര്‍ കൊണ്ടുപോകുന്ന പ്ലാസ്റ്റിക് ബാഗുകളുടെയും കുപ്പികളുടെയും എണ്ണം അവര്‍ രേഖപ്പെടുത്തുന്നുണ്ട്. തിരിച്ചു വരുമ്പോഴും ഈ കുപ്പി/ ബാഗുകള്‍ അവരെ കാണിച്ചു ബോധ്യപ്പെടുത്തണം. ഇത്തരം കരുതലുകളുടെ ഫലമായി ഈ മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.വാഴച്ചാല്‍ ചെക്ക്പോസ്റ്റ്‌ കഴിഞ്ഞു 6 കിലോമീറ്റര്‍ അകലെ ചാലക്കുടി പാലത്തിനു കുറുകെ പഴയ ഇരുമ്പ് കൈവരി പിടിപ്പിച്ച ഒരു ഭീമന്‍ പാലമുണ്ട്. അതിന്റെ കരയില്‍ ചില ആദിവാസി സമൂഹങ്ങളുടെ ചില കുടിലുകള്‍ മുന്‍പ് കണ്ടിട്ടുണ്ട്. ഈറ്റ ചേര്‍ത്തു കെട്ടിയ ചെറിയ ചങ്ങാടങ്ങളില്‍ ഇവര്‍ തുഴഞ്ഞു പോകുന്നത് ഈ ഭാഗത്തെ സ്ഥിരം കാഴ്ചയായിരുന്നു. ആ ആദിവാസി കുടിലുകളില്‍ ചെന്ന് അവരുടെ അനുവാദത്തോടെ ആ ജീവിതങ്ങളുടെ ചില നേര്‍കാഴ്ചകള്‍ പകര്‍ത്തുക എന്ന അല്‍പ്പം സാഹസികമായ ഉദ്ദേശ്യത്തോടെയായിരുന്നു ഞങ്ങളുടെ യാത്ര.മോഹന്‍ലാല്‍ കിടന്ന പോലെ വള്ളി കൊണ്ട് മൂന്നു മരത്തിലായി കെട്ടി കിടക്കേണ്ടി വരുമോ എന്നായിരുന്നു ഹനീഷിന്റെ ചിന്തകള്‍..പാലം കടന്നു റോഡിന്‍റെ ഇടതു വശത്ത്‌ കൂടെ പാലത്തിന്റെ അരികിലൂടെ താഴെ അരുവിയിലേക്കുള്ള കാട്ടുപാത കാണാം. അതിലൂടെ നടന്നു താഴെ നദീതീരം വരെയെത്തി. പക്ഷെ അവിടെ മുന്‍പ് കണ്ട കുടിലുകളെല്ലാം പൊളിച്ചുമാറ്റിയിരിക്കുന്നു. അവര്‍ അടുപ്പ് കൂട്ടിയതിന്റെ അടയാളങ്ങളും ചില മുളക്കമ്പുകളും അവിടെയെല്ലാം ചിതറിക്കിടപ്പുണ്ട്. തിരിച്ചു കയറാം..

8 മണിയായി. വീണ്ടും അതിരപ്പിള്ളി ഗേറ്റിലെത്തി ടിക്കറ്റ്‌ എടുത്തു. വെള്ളച്ചാട്ടത്തിലേക്ക് നയിക്കുന്ന കവാടത്തിനു അരികെ പവര്‍ പ്രൊജക്റ്റ്‌ വരുന്നതിനു എതിരെ സമരസമിതി കെട്ടിയ പന്തല്‍ കാണാം. നടക്കാം..വന്‍വൃക്ഷങ്ങള്‍ അതിരിടുന്ന കരിങ്കല്ല് പാകിയ കയറ്റിറക്കങ്ങളുള്ള വഴി.ഈ വഴിയില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍..

കയറ്റം കഴിഞ്ഞു നീണ്ട ഇറക്കമിറങ്ങി പാറക്കെട്ടുകള്‍ക്കു ഇടയിലൂടെ കുണുങ്ങി ഒഴുകുന്ന ചാലക്കുടി പുഴയിലേക്ക്.. ശാന്തമായ ഈ ഒഴുക്ക് കാണുമ്പോള്‍ ഇത്രക്കും ധീരമായ ഒരു കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണെന്ന് ആരെങ്കിലും പറയുമോ..?!
വലതു ഭാഗത്ത് കാണുന്ന കുത്തനെയുള്ള കരിങ്കല്ല് പാകിയ വഴിയിലൂടെ താഴോട്ടിറങ്ങാം. രാവിലത്തെ പ്രസരിപ്പില്‍ ക്ഷീണമൊന്നും തോന്നുന്നില്ല. ചിലയിടത്ത് വളഞ്ഞു പുളഞ്ഞു പോകുന്ന കല്പാത കുത്തനെയുള്ള ചില മണ്ണ് വഴികള്‍ കൊണ്ടുള്ള എളുപ്പവഴി വെച്ച് ചാടിക്കടക്കുകയും ചെയ്തു. താഴെ, വനം വകുപ്പിന്റെ ഗാര്‍ഡുമാര്‍ കാവലിരിക്കുന്ന ഈറ്റ കൊണ്ട് കെട്ടിയുണ്ടാക്കിയ കാവല്‍മാടം കാണാം.കുടിലിനു ചുറ്റും വീണ കരിയിലകള്‍ അടിച്ചുകൂട്ടി തീയിടുന്ന ജോലികളില്‍ വ്യാപൃതരാണ് ഗാര്‍ഡുമാര്‍.
വെള്ളചാട്ടത്തിന്റെ ശക്തമായ ഇരമ്പം കേള്‍ക്കുന്നില്ലേ.. മുന്നോട്ടു നടക്കാം.


കമാനാകൃതിയില്‍ നില്‍ക്കുന്ന വള്ളിപ്പടര്‍പ്പിനു താഴെകൂടി കടന്നു വെള്ളച്ചാട്ടത്തിനു നേരെ മുന്നിലുള്ള പാറക്കൂട്ടങ്ങളില്‍..

കാല്‍പ്പനികമായ ഒരു സ്വപ്നത്തിലേക്ക് മനസ്സ് മയങ്ങുന്നു..മാന്ത്രികമായ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണിലേക്കു, ശരീരത്തിലേക്ക് പകരുന്ന ജലത്തിന്റെ കുളിര്‍മ്മ..ആവേശം..എത്രകണ്ടാലും അനുഭവിച്ചാലും മതി വരാത്ത പ്രകൃതിയുടെ മായികദൃശ്യങ്ങള്‍.. എല്ലാ അവധിക്കാലവും ഞങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന എന്തോ ശക്തി ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ ഇനിയുമിനിയും ഇങ്ങോട്ട് വരും..

[camera: Canon 450D]

അടുത്ത യാത്ര തമിഴകത്തിന്റെ സാംസ്കാരികതലസ്ഥാനം, പാണ്ട്യ-ചോള-മറാത്ത രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന പുരാതനക്ഷേത്രനഗരി തഞ്ചാവൂരിലേക്ക്..