2009 ജൂലൈയിലെ കോരിച്ചൊരിയുന്ന മഴക്കാലത്താണ് ഞങ്ങളുടെ തേക്കടി യാത്ര. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ദീര്‍ഘയാത്ര.. മുന്‍പ് പറഞ്ഞ പോലെ ഇതും മുന്‍കൂട്ടി തീരുമാനിച്ചുറച്ചു തയ്യാറെടുപ്പോടെയുള്ള ഒരു യാത്രയായിരുന്നില്ല. വിവാഹം കഴിഞ്ഞുള്ള ബന്ധു വീടുകളിലെ പറയെടുപ്പെല്ലാം കഴിഞ്ഞപ്പോളെക്കും ലീവെല്ലാം തീരാറായി. തിരിച്ചു പോകുന്നതിനു മുന്‍പേ ഒന്ന് റീ-ചാര്‍ജ് ചെയ്യാന്‍ ഒരു ചെറു യാത്ര പോകണമെന്ന് കരുതിയിരുന്നു. അങ്ങനെ ലീവ് തീരുന്ന അവസാന ആഴ്ചയില്‍ ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞു പെട്ടെന്നാണ് ഞങ്ങള്‍ യാത്രയാവുന്നത്.
വണ്ടി വളവനങ്ങാടി- വെള്ളാങ്ങല്ലുര്‍-തുമ്പുര്‍ വഴി ചാലക്കുടി-ആലുവ ദേശീയപാതയില്‍ കയറി. പെട്ടെന്ന് ഇടതു വശത്തെ സൈന്‍ ബോര്‍ഡു കണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ചോദിച്ചു- 'നമുക്ക് തേക്കടി വിട്ടാലോ?'.
ശരിക്കും അതൊരു സാഹസിക യാത്ര തന്നെയായിരുന്നു. ഡ്രൈവിങ്ങാണെങ്കില് പഠിച്ചു വരുന്നേയുള്ളൂ..ലൈസെന്‍സ് എടുത്തിട്ടു പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ ആയെങ്കിലും നാട്ടിലെ റോഡില്‍ ഓടിച്ചു വേണ്ടത്ര പരിചയം പോരാ..കൂടാതെ നല്ല മഴക്കാലവും. എന്തായാലും ഈ യാത്രയോടെ ഞാന്‍ നല്ലൊരു ഡ്രൈവറായി മാറുമെന്ന വിശ്വാസമെനിക്കുണ്ടായിരുന്നു.
വണ്ടി അങ്കമാലിയില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞു കാലടി റൂട്ടില്‍ പൊയ്ക്കൊണ്ടിരിക്കുന്നു..
ചില്ലുജാലകത്തില്‍ മഴ വീഴുന്നതിന്റെ ചറ പറ ശബ്ദം...
ഞാന്‍ ഷാനെ ഫോണില്‍ വിളിച്ചു തേക്കടിക്കുള്ള എളുപ്പവഴി ചോദിച്ചു. വ്യക്തമായ ഒരുത്തരം കിട്ടിയില്ല. അവന് അന്വേഷിച്ചിട്ട് വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.
മഴയ്ക്ക് ശക്തി കൂടുകയാണ്. റോഡില്‍ മഴവെള്ളം തളം കെട്ടിത്തുടങ്ങി..
വീട്ടിലേക്കു വിളിച്ചു പറഞ്ഞു; 'ഇന്നിനി നോക്കണ്ട, നാളെയെ വരൂ. ഞങ്ങള്‍ തേക്കടിക്ക് പൊയ്ക്കൊണ്ടിരിക്ക്യാ..'
അമ്മ ഞെട്ടിക്കാണും. അവിടെയെത്തിയിട്ടു വിളിക്കാന്‍ പറഞ്ഞു അമ്മ ഫോണ്‍ വെച്ചു.
വഴികളില്‍ ഇരുട്ട് വീണു തുടങ്ങി..
കോതമംഗലത്ത് നിന്നും നെടുങ്ങണ്ടം എത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. പിന്നെ കല്ലാര്‍, വണ്ടന്മേട് വഴി തെക്കടിക്ക് അടുത്തുള്ള കുമളിയിലെത്താം.
കോതമംഗലത്ത് നിന്നും ഏതു റോഡിലൂടെ എങ്ങനെ നെടുങ്ങണ്ടം എത്തി എന്ന് ചോദിച്ചാല്‍ ഇപ്പോളും ഒരു ഐഡിയ ഇല്ല. റോഡില്‍ മറ്റു വണ്ടികളില്ല.. വളരെ ഇടുങ്ങിയ, മലകള്‍ ചുറ്റി പോകുന്ന, കുത്തനെ കയറ്റിറക്കങ്ങള്‍ ഉള്ള വഴികള്‍..
ഇടയ്ക്കു റോഡില്‍ പണി നടക്കുന്ന കാരണം ഒരു വലിയ എസറ്ററ്റിന്റെ ഇടുങ്ങിയ പൊട്ടിപ്പൊളിഞ്ഞ ഊടുവഴികളിലൂടെയുള്ള ഡയിവേര്‍ഷന്‍..കാളിയാര്‍ എസ്ട്ടറ്റായിരുന്നു ഇതെന്ന് പിന്നീട് മനസ്സിലാക്കി.
മെഹ്ദി ഹസ്സന്റെ പതിഞ്ഞ ഈണത്തിലുള്ള ഈ ഗസലിന് കാതോര്‍ത്ത് ഇരുളും വെളിച്ചവും ഇഴ നെയ്യുന്ന ഈ മലമ്പാതകളിലൂടെ എത്ര നേരം വേണമെങ്കിലും വിശ്രമമില്ലാതെ വണ്ടിയോടിക്കാന്‍ കഴിയുമെന്ന് തോന്നി..
തിരുവിതാംകൂര്‍ രാജാക്കന്മാരുടെയും അതിനു ശേഷം ബ്രിടിഷുകാരുടെയും വേനല്ക്കാലവസതികള്ക്ക് പണ്ട് മുതലേ പേര് കേട്ടിരുന്ന മൂന്നാറും കുട്ടിക്കാനവും പീരുമെടും ഉള്‍ക്കൊള്ളുന്ന ഇടുക്കി ജില്ല..
കായികാധ്വാനം കൊണ്ട് മലയോരകര്‍ഷകരും പിന്നെ പ്രായോഗിക രാഷ്ട്രീയത്തിന്റെ പിളര്‍പ്പ്-യോജിപ്പ് വിദ്യകള്‍ കൊണ്ട് കേരളാകോണ്ഗ്രെസ്സുകളും പൊന്നു വിളയിച്ച ഭൂമി..
വയനാട് കഴിഞ്ഞാല്‍ കേരളത്തിലേറ്റവും കൂടുതല്‍ നിത്യഹരിതവനങ്ങള്‍ തിങ്ങി നിറഞ്ഞ ഹരിതപ്രദേശം!
ചോലവനങ്ങളും നീലിമലക്കാടുകളും കൊണ്ട് കണ്ണിനെ കുളിരണിയിക്കുന്ന കേരളത്തിന്റെ സ്വിറ്റ്സേര്ലാന്ഡ്!
തൊടുപുഴ- ഗേറ്റ് വേ ഓഫ് ഇടുക്കി ഡിസട്രികറ്റ്. ഇടുക്കി ജില്ലയുടെ കവാടം.
വഴിയെക്കുറിച്ചുള്ള ധാരണക്കുറവും നല്ല ഇരുട്ടും കാരണം പിന്നെ നിര്‍ത്താതെയുള്ള യാത്രയായിരുന്നു രാത്രി 10 മണിയോടെ കുമളി എത്തുന്നത് വരെ..കുമളിയില്‍ നിന്നും 4 കിലോമീറ്റര്‍ മാത്രം അകെലയാണ് പെരിയാര്‍ വൈല്‍ഡ് ലൈഫ് സാന്ഗ്ചുറി.
പിന്തുടര്‍ന്ന പാത:
ഇരിഞാലകുട, ചാലക്കുടി, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, കോതമംഗലം, നേരിയമംഗലം, ചെറുതോണി, ഇടുക്കി, കട്ടപ്പന, കുമളി, തേക്കടി.
[ഇത് വന്ന വഴിയാണ്.. പോയ വഴി ഇപ്പോഴും ഒരു പൊക പോലെയാണ്.. വലിയ പിടിയില്ല]
തേക്കടിയിലെ കായലിലൂടെയുള്ള ബോട്ട് യാത്ര തന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ദിവസേന 5 സര്‍വീസ് ആണുള്ളത്. 7, 9.30, 11.30, 14.00, 16.00 എന്നിങ്ങനെയാണ് ബോട്ടിങ്ങിനുള്ള സമയം. രാവിലെ 7 മണിക്കുള്ള ആദ്യയാത്രയില്‍ തന്നെ ഇടം തേടണമെന്ന് തീരുമാനിച്ചു.
തേക്കടിയിലെ താമസ സൗകര്യങ്ങള്‍, വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ദൂരം, ബോട്ടിംഗ് ടിക്കറ്റ് റിസര്‍വേഷന്‍ കൌണ്ടര്‍ കോന്ടാക്റ്റ് നമ്പര്‍, ബോട്ടിംഗ്/എന്‍ട്രി ടിക്കറ്റ് നിരക്കുകള്‍, വൈല്‍ഡ് ലൈഫ് സങ്കേതത്തിലെ പക്ഷിമൃഗാദികള്‍, കാലാവസ്ഥ, തെക്കടിക്ക് അടുത്തുള്ള മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക. ഇവിടെയും...
പിറ്റേ ദിവസം രാവിലെ കുമളിപ്പട്ടണം- ഒരു ജാലകക്കാഴ്ച.
കുമളി- ചുറ്റിലും പരന്നു കിടക്കുന്ന എലക്കാടുകള്ക്ക് നടുവിലെ ഒരു ചെറുപ്പട്ടണം. ഏലം സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയാണെങ്കില്‍ അവരുടെ കൊട്ടാരമാണ് കുമളി. കേരളത്തിലെ സുഗന്ധവ്യഞ്ജനവ്യാപാരത്തിന്റെ കേന്ദ്രം! ഏലം കൂടാതെ കാപ്പിയും കുരുമുളകുമാണ് ഇവിടത്തെ മറ്റു പ്രധാന വിളകള്‍. ടൂറിസത്തെ ആശ്രയിച്ചാണ് ഇവിടത്തെ ജനങ്ങള്‍ പ്രധാനമായും ജീവിക്കുന്നത്. കൂടാതെ മലയോരങ്ങളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ധാരാളം. കാപ്പി, ഏലം, തേയില എന്നൊക്കെ എഴുതി വെച്ച കടകള്‍ കുമളിപ്പട്ടണത്തില് ഒരുപാട് കാണാം. കൂട്ടത്തില്‍ കേരളത്തിന്റെ തനതു കര-കൌശല ഉല്‍പ്പന്നങ്ങളും.. പ്രധാനമായും വിദേശികളെ ഉന്നം വെച്ചാണ് ഇവിടെ കച്ചവടം.
തൊണ്ണൂറുകളിലെ ടൂറിസം വികസനത്തോടെ ഒരുപാട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുമളിയില്‍ നടന്നിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നഗരത്തിന്റെ സ്വാഭാവിക സൗന്ദര്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
കുമളിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് തേക്കടിയിലെ 'പെരിയാര്‍ ടൈഗര്‍ റിസര്വ്വി'ന്റെ ചെക്ക് പോസ്റ്റ്. അവിടെനിന്നും പാസ് എടുത്തു വീണ്ടും യാത്ര..
ഇരുവശവുമുള്ള മരങ്ങള്‍ക്കിടയിലൂടെയുള്ള വീതി കുറഞ്ഞ വണ്‍വേയിലൂടെ കുറച്ചു സഞ്ചരിച്ചാല്‍ കടവിലെത്താം. 20 കിലോമീറ്റര്‍ സ്പീഡ് ലിമിറ്റ് വെച്ചിട്ടുണ്ട്. ചുറ്റുപാടുമുള്ള വന്യ ജീവികള്‍ക്കും(?)കിളികള്‍ക്കും ശല്യമുണ്ടാക്കണ്ട എന്ന് കരുതിയാണ് ഈ നിയന്ത്രണങ്ങള്‍.
ഈ യാത്രക്കിടയില്‍ വന്യമൃഗങ്ങളുടെയും പക്ഷികളുടെയും കോണ്‍ക്രീറ്റില്‍ തീര്‍ത്ത ചില പ്രതിമകളും ചിത്രങ്ങളുമെല്ലാം കാണാം. മനുഷ്യനെ കൊതിപ്പിക്കാന്‍..!
പേടിക്കണ്ട. അങ്ങനെയുള്ള ഒരു ജാതി ജീവികളെയും നിങ്ങള്‍ക്കിവിടെ നേരില്‍ കാണാനാവില്ല. :-)
തടാകക്കരയിലെ കൂറ്റന്‍ വൃക്ഷച്ചില്ലകള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുന്നു..
ഇതാ നമ്മള് കടവിലെത്തി.
സമയം 6.30ആയതേയുള്ളൂ. ഇനിയും കുറച്ചു സമയം കൂടെ കഴിഞ്ഞാലെ ടിക്കറ്റ് കൊടുത്ത് തുടങ്ങൂ. ഇവിടെ കായലിനു സമാന്തരമായി പോകുന്ന ഈ കൂറ്റന്‍ മരങ്ങള്‍ തണല്‍ വിരിക്കുന്ന വഴിയിലൂടെ കാഴ്ചകള്‍ കണ്ടു അല്‍പ്പം നടക്കാം..
ബോട്ടിന് വേണ്ടി കാത്തിരിക്കുന്ന സഞാരികള്‍ക്ക് വിശ്രമിക്കാനും ചുറ്റി നടന്നു കാണാനുമായി ഇവിടെ മനോഹരമായ ഒരുദ്യാനമുണ്ട്.
മരങ്ങള്‍ക്കിടയിലൂടെ ഇവിടെ നിന്ന് നോക്കിയാല്‍ ദൂരെ കടവും അവിടെ സഞാരികളെ കാത്തു കിടക്കുന്ന ബോട്ടുകളും കാണാം..
സഞാരികളെയും കാത്ത്..
ബോട്ടില്‍ കയറുമ്പോള്‍ ഞങ്ങള്‍ തനിച്ചായിരുന്നു. ആളുകളൊക്കെ വന്നു തുടങ്ങുന്നേയുള്ളൂ..
മുകള്‍ ഡെക്കില്‍ 75 പേര്‍ക്കാണ് ഇരിപ്പിടമുള്ളത്. താഴെയും 75 പേര് അടക്കം ബോട്ടില്‍ ആകെ 150 പേര്. കായലിന്റെ മൊത്തത്തിലുള്ള ഒരു ദൃശ്യം കിട്ടാനും ചിത്രങ്ങള്‍ എടുക്കാനുമുള്ള സൗകര്യത്തിനു മുകള്‍ ഡെക്കില്‍ സീറ്റ് തരപ്പെടുത്തുന്നതാണ് നല്ലത്!
7 മണിയോടെ സഞ്ചാരികള്‍ കൂട്ടമായി വന്നു തുടങ്ങി. കൂടുതല്‍ വിദേശികളും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.
സ്രാങ്ക് എന്ന് വിളിപ്പേരുള്ള ബോട്ടിന്റെ സൂപ്പര്‍വൈസര്‍ വന്നു എല്ലാവരുടെയും ഇരിപ്പിടമെല്ലാം ശരിയെന്നു ഉറപ്പു വരുത്തി.
ഞങ്ങളുടെ ബോട്ട് യാത്ര തുടങ്ങുകയാണ്.
അങ്ങനെ 150ഓളം വരുന്ന ഞങ്ങള്‍ ബോട്ട് യാത്രക്കാര്‍ ജീവിതം ഡ്രൈവറുടെ കയ്യില്‍ പണയം വെച്ചു യാത്ര തുടങ്ങി.
ബോട്ട് പുറപ്പെടുമ്പോള്‍ സിനിയുടെ ചോദ്യം;
'രണ്ജേട്ടാ, ബോട്ട് മുങ്ങ്യാല് നമ്മളെന്തു ചെയ്യും?!'
സിനിയുടെ ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇതിനു മുന്‍പും ഞാന്‍ തുറിച്ചു നോക്കി നിന്നിട്ടുണ്ട്.
ഓഫീസിലേക്ക് പോവുന്ന എന്നെ യാത്രയാക്കി ഫ്ലാറ്റിന്റെ വാതിലില്‍ നിന്ന് 'ഇവടെ ഭൂമികുലുക്കം വന്നാല്‍ നമ്മളെന്തു ചെയ്യും..?!'
മഴക്കോളുണ്ട്.
ചെറുതായി മഴ ചാറുന്നു..
പ്രകൃതിയുടെ അഭൗമസൗന്ദര്യം!
കുട്ടിക്കാലത്ത് വായിച്ചു കേട്ട കഥകളിലെ മാലാഖമാര്‍ വിഹരിക്കുന്ന പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘമാലകള്ക്കിടയിലൂടെയാണ് ഞങ്ങളുടെ യാത്ര..
ഒരു നിമിഷം എല്ലാം മറന്നു പോവുന്നു.
മനസ്സിപ്പോള്‍ സ്വസ്ഥമാണ്. ജീവിതത്തിലെ തിരക്കുകളില്‍ നിന്നെല്ലാം മാറി ഈ കായല്‍ പരപ്പിലൂടെ ഒഴുകി നടക്കുമ്പോള്‍ വല്ലാത്തൊരു ഭാരക്കുറവ് അനുഭവപ്പെടുന്നു.
ജീവിതത്തിന്റെ ദ്രുതതാളത്തിനു അയവ് വരുന്നു..
കായലില്‍ ഉടനീളം ഉയര്‍ന്നു നില്ക്കുന്ന മരക്കുറ്റികള്‍ തേക്കടിയുടെ ടിപിക്കല്‍ കാഴ്ചയാണ്. മുന്‍പുണ്ടായിരുന്ന സ്വാഭാവിക വനത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്. ഇവയില്‍ ഇപ്പോളും വളര്‍ന്നു കൊണ്ടിരിക്കുന്ന പൊടിപ്പുകള്‍ ഉള്ള ചില്ലകളോട് കൂടിയവയും ഉണ്ട്. തേക്കടിയിലെ മുഖ്യ ആകര്‍ഷണമായ 'സ്നൈക്ക് ബേര്‍ഡ്സ്'(ചേരക്കോഴി) പുലര്‍കാല വേളകളില്‍ ഈ മരക്കുറ്റികളില്‍ ഇരിക്കുന്നത് മനോഹരമായ കാഴ്ച്ചയാണ്.
വളഞ്ഞും പുളഞ്ഞും പോകുന്ന കായല്‍പരപ്പിലൂടെ 1 മണിക്കൂറോളം യാത്ര ചെയ്തു മുല്ലപ്പെരിയാര്‍ ഡാമിന്റെ വളരെയടുത്തു വരെ ബോട്ട് പോകും. 20 -25 മിനുട്ട് കൂടി യാത്ര ചെയ്താല്‍ ഡാം കാണാം!
യാത്രക്കാരെല്ലാം പല തരത്തിലുള്ള പ്രവൃത്തികളില്‍ മുഴുകിയിരിക്കുകയാണ്.
ചിലര്‍ ടെക്കില്‍ നിന്ന് മനോഹരമായ കായലിന്റെയും വനത്തിന്റെയും പശ്ചാത്തലത്തില്‍ ചിത്രങ്ങള്‍ എടുക്കുന്നു.
ചിലര്‍ കായല്‍ക്കരയില്‍ വെള്ളം കുടിക്കാനെത്തുന്ന ജീവികള്‍ക്കായി സൂക്ഷ്മനിരീക്ഷണം നടത്തുന്നു.
മറ്റു ചിലര്‍ അവരവരുടെ സീറ്റുകളില്‍ തന്നെയിരുന്നു യാത്ര മുഴുവന്‍ വിഡിയോയില്‍ പകര്‍ത്തുന്നു..
താഴെ ഡെക്കില്‍ നിന്ന് കുഞ്ഞിനോടൊപ്പം പോസ് ചെയ്യുന്ന ഒരമ്മ! (സംശയിക്കണ്ട..പോസ് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല..)
പുലര്‍കാലവേളയിലെ 7 മണിയുടെ ആദ്യ ട്രിപ്പാണ് കായല്‍യാത്രക്ക് ഏറ്റവും പറ്റിയത്. ഈ സമയത്താണ് ആനയടക്കമുള്ള മൃഗങ്ങള്‍ കൂട്ടമായി വെള്ളം കുടിക്കാന്‍ തീരത്തെത്തുന്നത്. ആനകളെ കൂടാതെ മാനുകള്‍ [sambar deer], ചില ജാതി മുള്ളന്‍പന്നികള്‍, കാട്ടുപന്നികള്‍, ചീങ്കണ്ണികള്‍, കാട്ടുപോത്തുകള്‍ എന്നിവയെയും ഭാഗ്യം [നല്ല കാഴ്ച്ചശക്തിയും] ഉണ്ടെങ്കില്‍ തീരത്ത് വെള്ളം കുടിക്കുന്നത് കാണാം. [ചീങ്കണ്ണികള്‍ വെള്ളം കുടിക്കുമോ എന്ന് ഉറപ്പില്ല..]
ഇവിടെ നിന്നും 400 മീറ്റര്‍ മാത്രം അകലെയാണ് മുല്ലപ്പെരിയാര്‍ ഡാം. തെക്കടിയിലേത് ഒരു മനുഷ്യനിര്‍മ്മിത ജലാശയമാണ്. പെരിയാറിലെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന ഈ ഭാഗത്തെ മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണമാണ് ഇവിടെ ഇങ്ങനെയൊരു ജലാശയമുണ്ടാകാന് കാരണം.
ബോട്ട് അപകടമുണ്ടായ സ്ഥലവും ഏകദേശം ഇതിനു അരികെയാണ്.
'വന്നല്ലോ വനമാല..'
കായലില്‍ പെട്രോളിംഗ് നടത്തുന്ന വനം വകുപ്പിന്റെ ബോട്ട്.
കായല്‍ സഞ്ചാരം കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചു കടവിലിറങ്ങാന്‍ പോകുകയാണ്. കായലില്‍ നിന്നുള്ള ബോട്ട് കടവിന്റെ ഒരു ദൃശ്യം.
മടക്കയാത്ര..
കായല്പരപ്പിലെ ഈ പുലര്കാലയാത്രയും ദൃശ്യാനുഭാവങ്ങളുമെല്ലാം ഇനി ഓര്‍മ്മയുടെ താളുകളിലേക്ക്..
യാത്ര തുടരും..
ജീവിതയാത്ര അവസാനിക്കുന്നില്ല..
ക്യാമറ: കാനോണ്‍ 450D
21 comments:
രണ്ജീ ..,
വളരെ നന്നായിരിക്കുന്നു കൂട്ടുകാരാ ....തുടരുക ....
മനോഹരമായ ചിത്രങ്ങളും നല്ല വിവരണങ്ങളും... തേക്കടി യാത്ര വളരെ ആസ്വാദ്യകരമായി.
ആശംസകൾ!
യാത്ര ഇഷ്ടമായെന്നു അറിയിച്ചതില്‍ സന്തോഷമുണ്ട്.
അലി, ഷാന്‍, നന്ദി.
ആഹാ... നല്ല കാഴ്ച്ചകള്‍ നല്ല രസൂള്ള സ്ഥലം.
***തേക്കടി കൊടുക്കുന്നോ..!!!***
ഇതൊക്കെ കണ്ടാല്‍ ജീവിതത്തിന്റെ ദ്രുതതാളത്തിന് അയവ് വരാതിരിക്കുന്നതെങ്ങനെ ?! മനോഹരമായ ചിത്രങ്ങള്‍ .മഴച്ചിത്രങ്ങള്‍ ശരിക്കും കൊതിപ്പിച്ചു. മെഹ്ദി ഹസ്സന്റെ ഗസ്സലൊക്കെ കേട്ട് മഴയത്തൊരു യാത്ര...ഹോ ആലോചിച്ചാല്‍ത്തന്നെ മഴ നനഞ്ഞതുപോലെയാകും.
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ആദ്യായിട്ട് തേക്കടിക്ക് പോയത്. പിന്നീടൊരിക്കല്‍ക്കൂടെ പോയിട്ടുണ്ട്. ഇനിയും പോകണമെന്നുണ്ട് പക്ഷെ ഈ ബോട്ടില്‍ പോകാന്‍ പേടിയുണ്ട്.
രഞ്ജിയുടെ മെയില്‍ ഐ.ഡി. manojravindran@gmail.com ലേക്ക് അയക്കാമോ ?
ഇനി പേടിക്കേണ്ട നിരക്ഷരന്.
ഇപ്പോളവിടെ ആവശ്യത്തിനു സുരക്ഷ ഏര്പ്പടാക്കുന്നുണ്ട്.
ഞങ്ങള്‍ പോയിക്കഴിഞ്ഞ് 2 മാസത്തിനുള്ളിലാണ് അവിടെ അപകടം നടക്കുന്നത്. ഞങ്ങള്‍ പോയ ബോട്ടില്‍ സേഫ്റ്റിയുമായി ബന്ധപ്പെട്ട യാതൊന്നും കാണാനോ കേള്‍ക്കാനോ ഉണ്ടായിരുന്നില്ല. ആ ബോട്ടിന്റെ പകുതി മാത്രം ബയിസുള്ള അപകടം നടന്ന ബോട്ടില്‍ 2 ഡക്ക് ഡിസൈന്‍ ചെയ്തു 75ഇല് കൂടുതല്‍ പേരെ കയറ്റിയാല്‍ അത് ഇത്ര നാളും മറിയാതെ ഓടിയതിലാണ് അത്ഭുതം!
അഭിപ്രായങ്ങള്‍ക്ക് നന്ദി.
Great Travelogue and Great pictures Ranji. BTW this is Saji Antony... I am posting through my Daughters Blog..
Explore , Dream & Discover !!
രഞ്ജിത്തിന്റെ യാത്രാ വിവരണങ്ങളുടെ ടൈറ്റില്‍ ക്യാപ്ഷന്‍
സൂചിപ്പിക്കുന്ന മട്ടിലുള്ള ആസൂത്രിതമായ സാവകാശത്തിലായിരുന്നില്ല
സൈലന്റ് വാലി, തേക്ക്ടി യാത്രകള്‍ എന്നു തോന്നുന്നു.
ആ തിടുക്കം കാണാനുണ്ട് എഴുത്തിലും.
മധുവിധു യാത്രയില്‍ പ്രണയം ഇഴ ചേര്‍ന്നില്ല :(
തേക്കടിക്ക് എപ്പോള്‍ തിരിച്ചു എന്നും
സ്വന്തം നാട്ടില്‍ നിന്നും എത്രസമയം യാത്ര ചെയ്തു എന്നും ഒന്നും പറയാതെ ഒരു ഒരുപ്പോക്ക് ...
നവ വധുവിനേയും കൂട്ടിയുള്ള ഈ സാഹസിക യാത്രയില്‍ കുമിളിയിലെ പുലര്‍ക്കാലം വരെ എവിടെ തങ്ങി മാഷേ ..?
കാറിലോ ..??
ഇനിയും യാത്രചെയ്യുന്നവര്‍ക്ക് മാര്‍ഗ്ഗ ദര്ശിയാകട്ടേ അനുഭവങ്ങള്‍ ..
- ബോട്ട് പുറപ്പെടുമ്പോള്‍ സിനിയുടെ ചോദ്യം;
'രണ്ജേട്ടാ, ബോട്ട് മുങ്ങ്യാല് നമ്മളെന്തു ചെയ്യും?!' -
എന്താ ചെയ്യാ ..?
പുതുപെണ്ണിനെപ്പോലും നോക്കാതെ നീ എസ് എല്‍ ആര് ക്യാമറയുമായി
മുകള്‍ തട്ടിലേക്കോടും ....
പരിഭ്രാന്തികലര്ന്ന നിമിഷങ്ങളുടെ ചില ഒടുക്കത്തെ സ്നാപ്സ് ...
ഏറ്റവും അവസാനം മുങ്ങുക നിന്റെ ക്യാമറയാകും ...
ഞാനിതു പറയാന്‍ കാരണം ഹണിമൂണ്‍ യാത്രയുടെ
ഭ്രമിത വശ്യതയില്‍ പോലും നീ വളരെ ഡീറ്റൈല്‍ ആയി ചിത്രങ്ങള്‍
എടുത്തിരിക്കുന്നു എന്നതാണ് !
രഞ്ജിത്തേ എനിക്കുറപ്പ് നീ എക്സ്പോഷര്‍ , വൈറ്റ് ബാലന്‍സ് , ഷട്ടര്‍ സ്പീഡ്
എന്നൊക്കെ പറഞ്ഞ് പാവം സിനിയെ ബോറടിപ്പിച്ചിരിക്കും :I
ആദ്യം പ്രണയിച്ചത് ക്യാമറയെ ആണല്ലോ ..
പച്ചപ്പുനിറഞ്ഞ ഫ്രയിമുകള്‍ കണ്ടാല്‍ എല്ലാം മറന്ന് ആര്ത്തികൂട്ടുന്ന നിനക്കൊപ്പം
പുള്ളിക്കാരി ഇത്തിരി പ്രാക്ടിക്കല്‍ ആയതില്‍ വിസ്മയിക്കാനൊന്നുമില്ല ..
മനോഹര ചിത്രങ്ങള്‍ ...
യാത്രാവിവരണം ഇത്തിരികൂടെ ഇമോഷണല്‍ ആയിക്കോട്ടെ ..
എല്ലാ ഭാവുകങ്ങളും ..
അടുത്തത് വെല്‍ പ്ലാന്റ് ട്രിപ്പ് ആയിരിക്കട്ടെ ..
മനോഹരമായ ചിത്രങ്ങളും നല്ല വിവരണവും-ന്നാലും ബോട്ട് യാത്രയില്‍ ആനക്കൂട്ടത്തെ കാണാന്‍ കഴിഞ്ഞില്ലല്ലോ.
ആശംസകള്‍
ജ്യോ,
ആനക്കൂട്ടത്തെ കണ്ടല്ലോ.. ചിത്രം കണ്ടില്ലേ.
pied piper ,
എഴുതിയത് കണ്ടു ചിരി വന്നു. നിര്‍ദ്ദേശങ്ങളെല്ലാം നല്ലതാണ്. സബ്ജെക്റ്റ് കൈവിട്ടു പോകരുതല്ലോ എന്ന് കരുതിയാണ് പ്രണയത്തില്‍ കോണ്സെന്ട്രറ്റ് ചെയ്യാതിരുന്നത്.
വീട്ടില്‍ നിന്ന് പുറപ്പെട്ട സമയവും എത്തിയ സമയവുമെല്ലാം ചില സൂചകങ്ങള്‍ വഴി കൊടുത്തിട്ടുണ്ടല്ലോ. പിന്നെ കൂടുതല്‍ ഡിസ്ക്രിപ്റ്റിവായി എഴുതിയിട്ടില്ല.
വിശദമായ വായനക്ക് നന്ദി piper , ജ്യോ, സജി.
തകര്‍പ്പന്‍ വിവരണവും ചിത്രങ്ങളും..
ഓ .. ഓരോ ചിത്രവും ഒന്നിനൊന്നു മനോഹരം !
അതി മനോഹരമായ പോസ്റ്റ്!
നിരക്ഷരൻ പോലും മയങ്ങിപ്പോയി!
അഭിനന്ദനങ്ങൾ!
നന്നായിരിക്കുന്നു രഞ്ജി,
തേക്കടിയിലേക്കുള്ള യാത്രയില്‍ ശരിയ്ക്കും മഴ നനഞ്ഞു.പല പ്രാവശ്യം മന:ക്കണ്ണില്ഊടെ കണ്ടിട്ടുള്ള സൈലന്റ്റ് വാലി ഒരിക്കല്‍ക്കൂടെ കാണാനായി.നന്ദി.
യാത്ര ഥുടരുക,
ആശംസകളോടെ
മനോഹരമായ പോസ്റ്റ്. ചിത്രങ്ങളെല്ലാം വളരെ സുന്ദരം
ranja....
nannayitund...
manassu niranju..
good use of language. you are a good photographer too..keep it up.
ജിമ്മി, ഒഴാക്കന്, ജയന് ഏവൂര്‍, ബ്രീസ്, ശിവ, മനോജ്,
യാത്ര ഇഷ്ടമായെന്നു അറിയിച്ചതിനു നന്ദി.
നന്നായിരിക്കുന്നു എഴുത്തും വിവരണങ്ങളും..യാത്ര തുടരുക.....
അടിപൊളി ചിത്രങ്ങളൂ വിവരണവും രഞ്ജിയേട്ടാ.....
Post a Comment