നിലമ്പൂര്‍ യാത്ര-2
രാവിലെ 10 മണിയോടെ നിലമ്പൂര്‍ പട്ടണത്തില്‍ പ്രവേശിച്ചു. അന്തരീക്ഷം മൂടിക്കെട്ടി നില്‍ക്കുകയാണ്. ഏതു സമയവും മഴ പെയ്തേക്കാം..
കാട്ടിലെ മഴ..മലമുകളിലെ വൃക്ഷത്തലപ്പുകളിലൂടെ ആര്‍ത്തിരമ്പി വരുന്ന മഴ..അതിന്റെ വന്യസൌന്ദര്യം!
ജോലി ദിവസങ്ങളില്‍ പുലര്‍ച്ചെ ബെഡില്‍ നിന്ന് എണീക്കാന്‍ മടിച്ചു അലാറം വീണ്ടും വീണ്ടും സ്നൂസ് ചെയ്ത് മടി പിടിച്ചു കിടക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിന്തകള്‍... കാഴ്ചകള്‍..സ്വപ്‌നങ്ങള്‍..
ജിബ്രാന്റെ കാല്‍പ്പനികത നിറഞ്ഞ വചനങ്ങള്‍ ഓര്‍ത്തുപോവുന്നു..
"I often picture myself living on a mountain top, in the most stormy country in the world. Is there such a place? If there is I shall go to it someday and turn my heart into pictures and poems.."
1842ഇല്‍ ബ്രിട്ടീഷ് ഭരണത്തിന്‍ മലബാറിലെ കളക്റ്റരായിരുന്ന എച്. വി. കൊണോലിയായിരുന്നു നിലമ്പൂരില്‍ തേക്ക് പ്ലന്റഷന് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ കീഴിലെ ഒരു ഫോറെസ്റ്റ് ഓഫീസര്‍ ആയിരുന്ന ചാത്തു മേനോന്റെ സഹായത്തോടെ നിലമ്പൂര്‍ പ്രദേശമാകെ അദ്ദേഹം തേക്ക് തോട്ടങ്ങള്‍ ഉണ്ടാക്കി. ചാലിയാര്‍ പുഴയ്ക്കു സമാന്തരമായി അരുവക്കോടില്‍ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന ആ തേക്കിന്‍ തോട്ടത്തിനു കനോല്ലി സായ്പ്പിന്റെ സ്മരണാര്‍ത്ഥം കനോല്ലി പ്ലോട്ട് എന്നാണു പേര്. നിലമ്പൂര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ അകലെ 2.31 ഹെക്ടറില്‍ കൊണോലി പ്ലോട്ട് വ്യാപിച്ചു കിടക്കുന്നു. ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്‍ടെഷന്‍ ആണിത്.
മലബാറിലെ പ്രമുഖ നദികളെയെല്ലാം ബന്ധിപ്പിച്ചു കനാല്‍ നിര്‍മ്മിച്ച് കായല്‍ ഗതാഗതത്തിലൂടെ പ്രദേശത്തിന്റെ വികസനത്തിന് തുടക്കം കുറച്ചത് കൊണോലി തന്നെ. വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായി പുഴയെയും [ചാലിയാര്‍] ബന്ധിപ്പിച്ചു കനാല്‍ നിര്‍മ്മിച്ചു. മധ്യകേരളത്തില്‍ കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറം മുതല്‍ മതിലകം, തൃപ്രയാര്‍, ചേറ്റുവ, ചാവക്കാട്, വഴി പൊന്നാനി വരെ നീണ്ടു കിടക്കുന്ന 'കനോലി കനാല്‍' നിര്‍മ്മിക്കാന്‍ ഉത്തരവിട്ടതും ഈ കൊണോലി സായ്പ്പ് തന്നെ.
നിലമ്പൂര്‍ പട്ടണത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ ഗൂഡല്ലുര്‍ പോകുന്ന വഴിയിലാണ് തേക്ക് മ്യൂസിയം- ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം! കേരള ഫോറെസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പസില്‍ 1995 ഇലാണ് ഈ മ്യൂസിയം തുടങ്ങുന്നത്. തേക്കിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ബാധിക്കുന്ന കീടങ്ങള്‍, രോഗങ്ങള്‍, വളപ്രയോഗങ്ങള്‍, മരം മുറിക്കല്‍ എന്നിവയെല്ലാം ചിത്രങ്ങളുടെയും ശബ്ദത്തിന്റെയും സഹായത്തോടെ ഇവിടെ വിവരിക്കുന്നു. കൂടാതെ ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങളും വസ്തുതകളും സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു.
വലതു വശത്ത് കാണുന്ന ടിക്കറ്റ് കൌണ്ടറില്‍ നിന്നും ടിക്കറ്റ് എടുത്ത് മുളങ്കാടുകള്‍ തണല്‍ വിരിക്കുന്ന ടാറിട്ട വീഥിയിലൂടെ മുകളിലേക്ക് നടക്കാം..
കൊണ്ടറിനോട് ചേര്‍ന്ന് വലതു വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യമുണ്ട്.
വീഡിയോ ക്യാമറ അനുവദനീയമല്ല എന്ന് എഴുതി വെച്ചിട്ടുണ്ടെങ്കിലും ഒരു ന്യൂലി മാരീഡ് കപ്പിള്‍സ് അവരുടെ വെഡിംഗ് ആല്‍ബത്തില്‍ അഭിനയിക്കുന്ന കാഴ്ച ഞാനിവിടെ കണ്ടു. ഫീസ് അടച്ചാല്‍ ആല്‍ബം ഷൂട്ടിങ്ങിനും ഇവിടെ അനുവാദം കിട്ടും.
ഭൂമിയുടെ രക്ഷകനായി വൃക്ഷത്തെ കാണിക്കുന്ന ശില്‍പം! ശില്‍പ്പത്തെ ചുറ്റി 2 വഴികള്‍ സമാന്തരമായി മുകളിലേക്ക് പോകുന്നു. ഇടതുവശത്തെ വഴിയിലൂടെ അല്പം നടന്നു ചെന്നെത്തുനത് മ്യൂസിയത്തിന്റെ വാതില്‍ക്കല്‍..
സന്ദര്‍ശകര്‍ക്ക് സ്വാഗതമോതി മ്യൂസിയത്തിന്റെ കവാടത്തെ അലങ്കരിക്കുന്ന 55 വര്‍ഷം പ്രായമുള്ള ഒരു തേക്ക് മരത്തിന്റെ വേരുപടലം..
35 മീറ്ററില്‍ കൂടുതലാണ് നിലമ്പൂര്‍ കാടുകളിലെ തേക്ക് മരങ്ങളുടെ ശരാശരി ഉയരം. കൂടുതല്‍ ആഴത്തില്‍ പോകുന്ന ഒരു തായ് വേര് ഇല്ലാതെ കൂടുതല്‍ പന്തലിച്ചു വളരുന്ന ഈ വേര്പടലമാണ് ഈ അതികായന്മാരെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്. ദുബായിലെ ബുര്‍ജ് ഖലീഫ ടവറിനു ഫൌണ്ടേഷന്‍ സ്ലാബ് കൊടുത്തിരിക്കുന്നത് 7000-ഇല്‍ പരം ചതുരശ്രമീറ്ററില്‍ കൂടുതല്‍ ആണെന്നോര്‍ക്കുക.
മണ്ണൊലിപ്പും ഉരുള്‍ പൊട്ടലുകളും വൃക്ഷങ്ങള്‍ തടുക്കുന്നതെങ്ങനെ എന്നതിന് നല്ലൊരു ഉദാഹരമാണ് ഈ വേരുപടലത്തിന്റെ പ്രദര്‍ശനം. മണ്ണും മരവും തമ്മിലുള്ള ദൃഡബന്ധത്തിന്റെ ദൃഷ്ടാന്തം!
ഏതെങ്കിലും ഒരു ഇനത്തില്‍ പെട്ട സസ്യ/വൃക്ഷത്തിന് മാത്രമായി ഒരു മ്യൂസിയം ഒരുക്കിയിരിക്കുന്നത് ലോകത്ത് തന്നെ അപൂര്‍വമാണ്. തേക്ക് കൃഷിയുമായി നിലമ്പൂരിനുള്ള ചരിത്രപരമായ ബന്ധം തന്നെയാണ് ഈ ഉദ്യമത്തിന് പിന്നില്‍. നിലമ്പൂര്‍ കാടുകളിലും അതിന്റെ തെക്കു-കിഴക്ക് ഭാഗമായ പറമ്പിക്കുളം വന്യജീവി മേഖലയിലും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ സ്വാഭാവികമായി വളര്‍ന്നു വന്ന തേക്ക് മരങ്ങളാണ് കണ്ണിമാറ തേക്ക്. മലയാറ്റൂര്‍ മേഖലയിലും വളര്‍ന്ന 3 മീറ്ററില്‍ കൂടുതല്‍ ചുറ്റളവുള്ള തേക്കിന്‍ തടികളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്.
തേക്ക് തടിയില്‍ തീര്‍ത്ത ഉരുവും പത്തായപ്പുരയും തേക്ക് തൂണുകളും ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കോഴിക്കോട് നഗരത്തിനു ലോകഭൂപടത്തില്‍ സ്ഥാനം കൊടുത്ത ഉരുവിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത് നിലമ്പൂര്‍ കാട്ടിലെ തേക്കിന്‍ തടികളാണ്.
തെക്കിനേ കുറിച്ചുള്ള വിവരങ്ങളടങ്ങിയ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരമുള്ള ഒരു മിനി ലൈബ്രറി ഇവിടെയുണ്ട്. ദൃശ്യ-ശ്രാവ്യ സൌകര്യങ്ങളുള്ള ഡോക്യുമേന്റരികള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മിനി തിയേറ്ററും 2 നിലകളുള്ള ഈ കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ തേക്ക് മരങ്ങളുടെ വിന്യാസവും അവയുടെ ഇനം തിരിച്ചുള്ള വിവരങ്ങളുമടങ്ങിയ പ്രദര്‍ശനം.
മ്യൂസിയത്തിന്റെ വിശദമായ വിവരണത്തിന് നിരക്ഷരന്റെ ബ്ലോഗ് കാണുക.
മ്യൂസിയത്തിന്റെ ബാക്ക് സൈഡ് വ്യൂ.
തടാകക്കരയിലൂടെ ചുറ്റിവളഞ്ഞു പോകുന്ന കരിങ്കല്ല് പാകിയ നടവഴി ചെന്നെത്തുന്നത് ജൈവവിഭവ ഉദ്യാനത്തിന്റെ കവാടത്തിലാണ്.
കവാടം കടന്ന് ഉദ്യാനത്തിലേക്ക്..
പൂന്തോട്ടത്തിനു നടുവിലൂടെ 800 മീറ്ററോളം നീളത്തില്‍ നടപ്പാത ചുറ്റി വളഞ്ഞു പോകുന്നു. ഇതിനു ഒരു വശത്ത് കുറ്റിചെടികളും മുളങ്കാടുകളും വലിയ തേക്ക് മരങ്ങള്‍ ഉള്‍പ്പെടെ പലജാതി വൃക്ഷങ്ങളും വളര്‍ന്നു നില്‍ക്കുന്നു. പലജാതി പക്ഷികളുടെയും ഇഴജന്തുക്കളുടെയും വാസസ്ഥാനമാണിത്.
50 സ്പീഷീസില്‍ പെട്ട നാടന്‍ മരങ്ങളും നീലഗിരിക്കുന്നുകളിലെ ഇലപൊഴിയും കാടുകളില്‍ മാത്രം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന 136 തരം അപൂര്‍വയിനം വൃക്ഷങ്ങളും ഇക്കൂട്ടത്തിലുണ്ട്. നിലമ്പൂരിലെ കാലാവസ്ഥ ഇത്തരം വൃക്ഷങ്ങള്‍ക്ക് അനുയോജ്യമാണ്. ഇവയുടെ നാടന്‍/ശാസ്ത്രീയനാമങ്ങള്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി വൃക്ഷങ്ങളില്‍ പതിച്ചിരിക്കുന്നു.
58 തരം പക്ഷികളെ-നാടനും ദേശാടകരും- ഈ വലിയ പൂന്തോട്ടത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 150ഇല്‍ പരം സ്പീഷീസില്‍ പെട്ട ഔഷധ സസ്യങ്ങളുടെ ഒരു ഉദ്യാനവും ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
ഗ്രീന്‍ ഹൗസില്‍ വെള്ളം സ്പ്രേ ചെയ്തു താപനില താഴ്ത്തി ഇവിടെ ഓര്‍ക്കിഡുകളെ സംരക്ഷിക്കുന്നു. 60 വിദേശ ഇനങ്ങളടക്കം നൂറോളം തരം ഓര്‍ക്കിഡുകള്‍ ഇവിടെ പരിപാലിക്കപ്പെടുന്നു.
വിവിധവര്‍ണങ്ങളില്‍ പുഷ്പിച്ചു നില്‍ക്കുന്ന ആമ്പല്‍ക്കുളങ്ങള്‍ ..താമരക്കുളങ്ങള്‍..
ചിത്രശലഭങ്ങളുടെ പ്രജനനത്തെ സഹായിക്കുന്ന സീനിയപ്പൂക്കളുടെ പത്തോളം തോട്ടങ്ങള്‍ ഇവിടെയുണ്ട്. ആയിരക്കണക്കിന് ചിത്രശലഭങ്ങള്‍ ഈ പൂന്തോട്ടങ്ങളില്‍ പാറിക്കളിക്കുന്നത് ഹൃദയഹാരിയായ കാഴ്ചയാണ്.
ചിത്രമെടുക്കലില്‍ മുഴുകി പരിസരം മറന്നുളള നില്‍പ്പിനിടെ പുറകില്‍ നിന്നു മൊഴി:
'എക്സ്ക്യൂസ് മി'
സ്വാഭാവികമായി പൊന്തി വന്ന 'യെസ്, യു കാന്‍ കിസ് മി' എന്ന മറുമൊഴി കടിച്ചമര്‍ത്തി പിന്തിരിഞ്ഞു നോക്കുമ്പോള്‍ [കലാലയ ജീവിതത്തിന്റെ നല്ല കാലത്തെ ഓര്‍മിപ്പിക്കുന്ന ഈ നല്ല ശീലങ്ങള്‍ എന്ത് കൊണ്ടോ പൂര്‍ണ്ണമായി ഒഴിവാക്കാനാവുന്നില്ല] വാഴക്കൂമ്പിന്റെ നിറമുള്ള യൂണിഫോമണിഞ്ഞ ഒരുപാട് മാടപ്രാക്കളുടെ കൂടെ പുഞ്ചിരിയോടെ കുറച്ചു പെന്‍ഗ്വിന്‍സ്. നടവഴി തടഞ്ഞു കൊണ്ടാണ് എന്റെ നില്‍പ്പ്. അല്‍പ്പം ദൂരെ താഴേക്കു വളഞ്ഞു പോകുന്ന താമരക്കുളത്തിനു സമീപം നടക്കുന്ന ഷൂട്ടിലാണ് എല്ലാവര്ക്കും താല്പര്യം. ഏതെങ്കിലും താരത്തെ നേരിട്ട് കാണാമെന്ന ആര്‍ത്തിയാവാം, തിന വാരി വിതറിയത് കണ്ടിട്ടെന്ന പോലെ പ്രാവുകലെല്ലാം അങ്ങോട്ട് കുതിക്കുന്നു. നടക്കുന്നത് കല്യാണആല്‍ബത്തിലെ പാട്ട് സീന്‍ ഷൂട്ടിങ്ങാണെന്ന് അറിയുമ്പോള്‍ പോയ സ്പീഡില്‍ തന്നെ തിരിച്ചു വരും.
നമ്മുടെ ഷൂട്ട് തുടരാം..
പൂന്തോട്ടത്തിനു പ്രദക്ഷിണം വെച്ച് മ്യൂസിയത്തിന്റെ ഇടതു വശത്തെ വഴിയിലൂടെ ഗയ്റ്റിലെക്ക് മടക്കയാത്ര..
[ആഡ്യന്‍പാറ വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളുമായി നിലമ്പൂര്‍ യാത്ര തുടരും..]
ref : വില്യം ലോഗന്റെ മലബാര്‍ മാന്വല്‍ ഇവിടെ തുറക്കുക.
wikitravel
wikipedia
അനുബന്ധം:
തിരുവാതിര ഞാറ്റുവേല തുടങ്ങുകയാണ്.
ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ വീഴുന്ന ഓരോ ബീജവും മുള പൊട്ടുന്ന മണ്ണിലെ ഋതുവസന്തം!
വര്‍ഷങ്ങള്‍ പഴക്കമുള്ള നിലമ്പൂരിലെ കണ്ണിമാറ തേക്ക് മരമാണ് മുന്നില്‍.
വൃക്ഷതലപ്പിലൂടെ വീശിയടിക്കുന്ന തണുത്ത കാറ്റ്..
കാറ്റില്‍ പുതുമണ്ണിനൊപ്പം തേക്കിന്‍ പൂവിന്റെയും നേര്‍ത്ത ഗന്ധം..
ഇടവപ്പാതി കാറ്റിലും മഴയിലും ആടിയുലയുന്ന വടവൃക്ഷത്തിന്റെ ഒരു ചിത്രമാണ് മനസ്സില്‍.
തായ്തടിയുടെ ലെവലില്‍ നിന്നും മുകളിലേക്കുള്ള ഒരു പേര്‍സ്പെക്റ്റിവ് വ്യൂ..
"..........!!"
18mm വൈഡ് ആംഗിള്‍ ലെന്‍സിന്റെ ഫ്രെയിമിലും വൃക്ഷത്തലപ്പുകള്‍ ഒതുങ്ങാതെ..
അതെ..
ക്യാമറയുടെ ഫ്രെയിം വിട്ടു വൃക്ഷം വളരുകയാണ്.
വേരുകള്‍ പാമ്പുകളെപ്പോലെ മണ്ണിലിഴഞ്ഞു ആഴങ്ങളെ തേടുന്നു..
കോടാലിയുടെ വായ്ത്തല വീണു മുറിവ് പറ്റിയ വേരുകള്‍ ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ പുതുജീവന്‍ തേടുന്നു..
ആരണ്യത്തിന്റെ ആകാശവും വിട്ടു അന്തരീക്ഷത്തിന്റെ അതിരുകള്‍ തേടി വൃക്ഷം വളരുകയാണ്.
പിന്നെ ഓസോണ്‍ പാളിയുടെ ദ്വാരങ്ങള്‍ക്കും മീതെ.. ഒരു വന്‍ കുടയായി..ഭൂമിക്കു മീതെ ഒരു ഹരിതകമ്പളം പോലെ..
നിലമ്പൂര്‍ -3യാത്ര
17 comments:
ഗംഭീരം ആയിരിക്കുന്നു...
വളരെ നന്നായി വിവരണം. നിലമ്പൂരില്‍ പോയതുപോലെ ഒരു തോന്നല്‍. നന്ദി രണ്‍ജി. ഇനിയും നല്ല നല്ല യാത്ര വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
നന്നായി കേട്ടോ....നല്ല ചിത്രങ്ങള്‍.....സസ്നേഹം
എഴുതുവാന്‍ കഴിവുണ്ടാവുക എന്നത് അനുഗ്രഹമാണെങ്കില്‍ എഴുതാന്‍ ആഗ്രഹമുണ്ടാവുക എന്നത് ഭാഗ്യമാണ്. നീ ഭാഗ്യവാനാണെന്ന് തോന്നുന്നു.
കഴിവിനേക്കാള്‍ ആഗ്രഹത്തിന്റെ പേരില്‍ എഴുതുന്ന ഒരുവന് പരിമിതികള്‍ ഉണ്ടാവുക തീര്‍ച്ചയാണ്. നീ തുടരണം
വളരെ നന്നാവുന്നുണ്ട്, സുക്ഷിക്കുക, നിനക്ക് ദൈവം നല്ലത് വരുത്തട്ടെ
അബ്ദുറഹ്മാന്‍ ബഹറൈന്‍ .
നന്ദി സിജു, മാത്യൂസ്, യാത്രികന്‍, റഹ്മാന്‍.
യാത്ര ഇഷ്ടമാവുന്നു എന്നറിയുന്നതില്‍ സന്തോഷം..
@ റഹ്മാന്‍,
സൂക്ഷിക്കുക എന്നത് 'take care' എന്ന അര്‍ത്ഥത്തിലാണോ? അതോ ഇരുട്ടടിയടിക്കാന്‍ പരിപാടിയിട്ടിട്ടുണ്ടോ? :-)
വളരെ നന്നായിട്ടുണ്ട് സചിത്രവിവരണം.
ചിത്രങ്ങല്‍ നല്ല മികവ് പുലര്‍ത്തുന്നു. ഇത്തരം യാത്രകള് കഴിഞ്ഞ തലമുറയ്ക്ക് അന്യമായിരുന്നു. ഇനിയും കൂടുതല്‍ യാത്രകളും വിവരണങ്ങളും ചിത്രങ്ങളും പ്രതീക്ഷിച്ചുകൊണ്ട്.
ഒരു ചെറിയ കാര്യം, 300 മി മി ഉള്ള wide angle lens എന്നത് തെറ്റായ പ്രയോഗമാണ്, 300 മി മി ഉള്ള ടെലി സൂം ലെന്‍സ് എന്നായിരിയ്ക്കും താങ്കള്‍ ഉദ്ദേശിച്ചത് എന്ന കരുതട്ടെ.
നന്നായിട്ടുണ്ട്, ചിത്രങ്ങള്‍ ഗംഭീരം
നന്ദി ചെറുവാടി.
ത്രുശ്ശുക്കാരന്‍, തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി; തിരുത്തിയിട്ടുണ്ട്.
നന്നായി വിവരണം
ഒന്ന് നടക്കാൻ(കറങ്ങാൻ) തോന്നി(വീൽ ചെയറിൽ)
ഫോട്ടോകൾ എന്റെ കാഴ്ച്ചയെ നിലമ്പൂർ കാടുകളിൽ തളച്ചിട്ടു
എന്നെങ്കിലും അവിടെ ഒന്ന് വരും.
ആശംസകൾ……
welcome to my place
ഉഗ്രന്‍ ചിത്രങ്ങള്‍.. നല്ല വിവരണവും...
ഒരു സംശയം,ചാലിയാര്‍ പുഴയെ കല്ലായി പുഴ എന്നു വിളിച്ചിരുന്നൊ?(ഒരു കല്ലായിപ്പുഴ കോഴിക്കൊട് ഉണ്ടല്ലോ, അതു കൊണ്ട് ചോദിച്ചാതാ).
മുമ്പു പൊയിട്ടുണ്ട്, പക്ഷെ അന്ന് ഇത്ര വിശദമായി കാണാന്‍ പറ്റിയില്ല.. അടുത്തല്ലെ, പിന്നെയും പോയി കാണാമെന്നു വിചാരിച്ചെങ്കിലും ഇതുവരെ പിന്നെ പോയില്ല..
എന്റെ ഒരു നിലമ്പൂര്‍ യാത്ര ഇവിടെയുണ്ട് ഇവിടെ
ആശംസകള്‍..
ചിത്രങ്ങള്‍ അതിമനോഹരം..
യാത്ര തുടരുക.
ഞങ്ങള്‍ പിന്നാലെയുണ്ട്..
(ഫോള്ളോ ചെയ്തൂന്ന്!)
ഒരു നിലമ്പൂര്‍ക്കാരന്‍.
ചിത്രങ്ങളും വിവരണങ്ങളും ഗംഭീരം!
യാത്രയിൽ കൂടെയുണ്ട്.. തുടരുക.
കൃഷ്ണകുമാര്‍, സാദിക്ക്, സഹ്യന്‍, നസീഫ്, നൗഷാദ്, അലി, വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.
@നസീഫ്,
മലപ്പുറം ജില്ലയില്‍ നിന്നും മാവൂരില്‍ വെച്ച് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്ന ചാലിയാര്‍ ബേപ്പൂരില്‍ വെച്ച് കടലില്‍ ചേരുന്നു. മനുഷ്യനിര്‍മ്മിതമായ ഒരു കനാല്‍ വഴി ചാലിയാറിനെയും കല്ലായി പുഴയെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നു. നിലമ്പൂര്‍ കാടുകളിലെ തടി ചാലിയാറില്‍ നിന്നും കല്ലായിയില്‍ എത്തിച്ചിരുന്നത് ഈ കനാല്‍ വഴിയാണ്. [ഈ കനാല്‍ 'കനോലി കനാലി'ന്റെ ഭാഗമാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്].
എന്തായാലും കല്ലായിപുഴ ചാലിയാറിന്റെ ഭാഗമല്ല. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. തിരുത്തിയിട്ടുണ്ട്.
ചിത്രങ്ങളും വിവരണവും അതിമനോഹരം...
Post a Comment