Monday, October 4, 2010

നെഹ്‌റുട്രോഫി വള്ളംകളി- a visualogue

ആലപ്പുഴക്കാരുടെ വാട്ടര്‍ ഒളിമ്പിക്സ് 'നെഹ്‌റു ട്രോഫി വള്ളംകളി'യുടെ ചില കാഴ്ചകള്‍..



ചെറുവള്ളങ്ങളുടെ മത്സരം..





കാഴ്ചക്കാരുടെ ആവേശം: ഗാലറിയിലും കായലിലും..

കായലിനു മദ്ധ്യേയുള്ള നെഹ്‌റു പവലിയന്‍. [vip പവലിയന്‍]



ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം:
ലോകത്തിലെ ഏതെങ്കിലും ഒരു സ്പോര്‍ട്സ് ഇനത്തില്‍ ഒരു ടീമില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ മത്സരിക്കുന്നത് ഈ ഇനത്തിലാണ്!
ചിത്രത്തില്‍ വെള്ളംകുളങ്ങര ചുണ്ടന്‍.

ഒരു ചുണ്ടന്‍ വള്ളത്തിനു 120 മുതല്‍ 140 വരെ അടി വലിപ്പമുണ്ടാവും. 120ഓളം തുഴക്കാരും!



വള്ളംകളിക്ക് മുന്‍പ് നടക്കുന്ന ഘോഷയാത്ര. ചുണ്ടന്‍ വള്ളങ്ങളുടെ മാര്‍ച്ച്‌ പാസ്റ്റ്...


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ബഹുമാനാര്‍ത്ഥം 1952 ലാണ് പുന്നമടക്കായലില്‍ ആദ്യത്തെ വള്ളംകളി മത്സരം നടക്കുന്നത്. അതിനു ശേഷം 57 വര്‍ഷമായി ഇവിടെ മുടങ്ങാതെ എല്ലാ വര്‍ഷവും ഈ ജലമാമാങ്കം നടക്കുന്നു!



പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1952ഇല്‍ ജവാഹര്‍ലാല്‍ നെഹ്‌റു തിരു-കൊച്ചി സന്ദര്‍ശിക്കുകയുണ്ടായി. [അന്ന് കേരളം രൂപം കൊണ്ടിട്ടില്ല]. കോട്ടയത്ത് നിന്ന് എത്തിയ നെഹ്രുവിനെ ആലപ്പുഴക്കാര്‍ സ്വീകരിച്ചത് ചുണ്ടന്‍ വള്ളങ്ങളുടെ ഘോഷയാത്രയും വള്ളംകളി മത്സരവും സംഘടിപ്പിച്ചു കൊണ്ടായിരുന്നു. മത്സരശേഷം വിജയിയായ 'നടുഭാഗം ചുണ്ടന്‍' vip പവലിയനോട് അടുത്തപ്പോള്‍ ആവേശം അടക്കാനാവാതെ നെഹ്‌റു അതില്‍ ചാടിക്കയറി. ആലപ്പുഴ കളക്റ്റര്‍ ബോട്ടില്‍ കായല്‍ സവാരി നടത്താമെന്ന് നെഹ്രുവിനോട് പറഞ്ഞു നോക്കി. കൂടെയുണ്ടായിരുന്ന മകള്‍ ഇന്ദിരാഗാന്ധിയോടും മക്കളോടും, അന്തംവിട്ടു നില്‍ക്കുകയായിരുന്ന സെക്യൂരിറ്റിക്കാരോടും തന്നെ ബോട്ടില്‍ പിന്തുടരാന്‍ പറഞ്ഞ്‌ അദ്ദേഹം അവിടെ നിന്ന് ആലപ്പുഴ ജെട്ടി വരെ ഈ ചുണ്ടനില്‍ സവാരി ചെയ്തു. ഒരു സെക്യൂരിറ്റിക്കാരന്‍ മാത്രം എങ്ങനെയോ നെഹ്രുവിന്റെ കൂടെ വള്ളത്തില്‍ കയറിപ്പറ്റി.



അതിനു ശേഷം ഡല്‍ഹിയില്‍ പോയ നെഹ്‌റു ആലപ്പുഴക്കാരെയും ചുണ്ടന്‍ വള്ളങ്ങളെയും മറന്നില്ല. അദ്ദേഹം അന്ന് വെള്ളിയില്‍ പണിതു കൊടുത്തയച്ച, അദ്ദേഹത്തിന്റെ കയ്യൊപ്പോട് കൂടിയ 'നെഹ്‌റു ട്രോഫി'യാണ് ഇന്നും ജേതാക്കള്‍ സമ്മാനമായി ഏറ്റുവാങ്ങുന്നത്. അന്ന് ട്രോഫിയുടെ നിര്‍മ്മാണചെലവ് ആയിരം രൂപ.
മരത്തിന്‍റെ ബെയ്സിന് മേല്‍ വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വെള്ളത്തിന്‍റെ ശില്പ്പമുള്ള ആ ട്രോഫിയില്‍, അദ്ദേഹത്തിന്റെ കയ്യൊപ്പിന് മുകളില്‍ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു.
"To the winner of the boat race which is a unique feature of community life in Travancore-Cochin"








ക്യാമറകള്‍ക്ക് വിരുന്നാകുന്ന ഇത് പോലെയുള്ള ആഘോഷങ്ങള്‍ കേരളത്തില്‍ അപൂര്‍വ്വം!





120ഓളം പേരാണ് ചുണ്ടന്‍ വള്ളത്തിലെ ഒരു ടീം. 5 പേര്‍ അമരത്തും, 5 പേര്‍ നിലക്കാരായും.. അമരത്തുള്ള 5 പേരാണ് ചിത്രത്തില്‍.

അല്‍പ്പം ചരിത്രം:
400 വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവിതാംകൂറിലെ ചെമ്പകശ്ശേരി [ഇന്നത്തെ അമ്പലപ്പുഴ], കായംകുളം, തെക്കുംകൂര്‍ [ചങ്ങനാശ്ശേരി], വടക്കുംകൂര്‍ [കോട്ടയം] തുടങ്ങി ഇന്നത്തെ ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍പ്പെട്ട നാട്ടു രാജ്യങ്ങള്‍ തമ്മില്‍ ആലപ്പുഴയിലെ കുട്ടനാട്ടില്‍ വെച്ച് അടിക്കടി യുദ്ധങ്ങള്‍ നടന്നിരുന്നു. ഒരിക്കല്‍ യുദ്ധത്തിലെ പരാജയത്തിനു ശേഷം അതിന്റെ കാരണങ്ങള്‍ അനലൈസ് ചെയ്ത ചെമ്പകശ്ശേരി രാജാവ് പരാജയകാരണമായി കണ്ടെത്തിയത് തന്റെ നേവി ട്രൂപ്പിനെയാണ്. വള്ളങ്ങള്‍ക്കൊന്നും ഉഷാറ് പോര. പാള പോലെ വികസിച്ച്‌, ആമയെപ്പോലെ നീങ്ങുന്ന ഈ വള്ളങ്ങളും വെച്ച് യുദ്ധം ജയിക്കാനാവില്ല.

ഉടനെ രാജാവ് തന്റെ നേവി കമാണ്ടര്‍മാരെയും ചീഫ് എഞ്ചിനീയര്‍മാരെയുമെല്ലാം വിളിച്ചു കൂട്ടി കൂടുതല്‍ വേഗവും സീറ്റിംഗ് കപ്പാസിറ്റിയുമുള്ള ഒരു വള്ളത്തിന്റെ ഡിസൈന്‍ ആവശ്യപ്പെട്ടു. ഒരുപാട് നാളത്തെ അധ്വാനത്തിനും പരീക്ഷണത്തിനും ശേഷം അന്നാട്ടിലെ 'ബെസ്റ്റ് ബോട്ട് ആര്‍ക്കിടെക്റ്റ്' എന്ന് കേളികേട്ട 'കൊടുപ്പുന്ന വെങ്കിടനാരായണന്‍ ആശാരി'യുടെ ഡിസൈന്‍ രാജാവ് അപ്പ്രൂവ് ചെയ്തു. പിന്നീട് നടന്ന യുദ്ധത്തില്‍ ഈ പുതിയ വള്ളങ്ങളുടെ സഹായത്തോടെ ചെമ്പകശ്ശേരി രാജാവ് കായംകുളത്തെ തോല്‍പ്പിക്കുകയും ചെയ്തു.
അന്ന് ചെമ്പകശ്ശേരി രാജാവ് നിര്‍മ്മിച്ച, നൂറില്‍പ്പരം ആയുധമണിഞ്ഞ യോദ്ധാക്കളെ യുദ്ധോപകരണങ്ങള്‍ സഹിതം വേഗത്തില്‍ കടത്താന്‍ സാധിക്കുന്ന വള്ളങ്ങളാണ് ഇന്നത്തെ കുട്ടനാട്ടിലെ ജലരാജാക്കള്‍ എന്നറിയപ്പെടുന്ന 'ചുണ്ടന്‍ വള്ളങ്ങള്‍'.



യുദ്ധത്തില്‍ പരാജയപ്പെട്ട കായംകുളം രാജാവ് ഈ പുതിയ ചുണ്ടന്‍വള്ളങ്ങളുടെ നിര്‍മ്മാണരഹസ്യം മനസ്സിലാക്കുന്നതിനായി ഒരു ചാരനെ ചെമ്പകശ്ശേരിയിലേക്ക് അയച്ചതായി ഒരു കഥയുണ്ട്. ചെമ്പകശ്ശേരി ദേശത്തെത്തിയ ഈ ചാരന്‍ മൂത്താശാരിയുടെ മകളെ ലൈനടിച്ച്‌ കല്യാണം കഴിച്ചു. വിവാഹശേഷം വള്ളങ്ങളുടെ നിര്‍മ്മാണരഹസ്യം മനസ്സിലാക്കിയതോടെ ചാരന്‍ കായംകുളത്തേക്കു മുങ്ങി വിവരം രാജാവിന് കൈമാറി.
എന്നാല്‍ അടുത്ത യുദ്ധത്തില്‍ പുതിയ വള്ളങ്ങളുമായി വന്ന കായംകുളം രാജാവിന് ജയിക്കാനായില്ല. ചുണ്ടന്‍ വള്ളങ്ങളുടെ തച്ചുശാസ്ത്രം മനസ്സിലാക്കാനും അത് അനുകരിക്കാനും അത്രയും ബുദ്ധിമുട്ടായിരുന്നു എന്നത് തന്നെ കാരണം! വര്‍ഷങ്ങളോളം ആശാന്റെ കീഴിലെ പരിശീലനത്തിനും അത്യധ്വാനത്തിനും ശേഷം മാത്രമേ ഇന്നും ചുണ്ടന്‍ വള്ളങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവ് സ്വായത്തമാക്കാന്‍ ഒരാള്‍ക്ക്‌ സാധിക്കൂ..



ആലപ്പുഴയിലെ പല ഗ്രാമങ്ങളും ഇന്ന് പുതിയ ചുണ്ടന്‍ വള്ളങ്ങളുടെ പണിപ്പുരയിലാണ്. ആനാരി പുത്തന്‍ ചുണ്ടന്‍, ഇത്തവണ [2010] നാലാം സ്ഥാനം നേടിയ പട്ടാറ ചുണ്ടന്‍ ഇവയെല്ലാം അടുത്ത കാലത്ത് പണിതിറക്കിയ ചുണ്ടന്‍ വള്ളങ്ങളാണ്. ആഞ്ഞിലി മരത്തിന്റെ കാതലാണ് ചുണ്ടന്‍ വള്ളങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. 6 ലക്ഷത്തോളം രൂപ ചിലവുണ്ട് ഇന്ന് ചുണ്ടന്‍ വള്ളങ്ങളുടെ നിര്‍മ്മാണത്തിന്.



ചുണ്ടന്‍വള്ളങ്ങള്‍ പണിയുന്നവരുടെ പ്രഥമപരിഗണന എങ്ങനെ വള്ളത്തിനു കൂടുതല്‍ നീളം കൊടുക്കാനാവും എന്നത് തന്നെയാണ്. കൂടുതല്‍ തുഴക്കാരെ കൊള്ളിച്ച് വള്ളത്തിന്റെ വേഗത കൂട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. 135' നീളമുള്ള നടുഭാഗം ചുണ്ടന്റെ പേരിലായിരുന്നു ലോകത്തിലേറ്റവും വലിയ റെയ്സിനു ഉപയോഗിക്കുന്ന ജലയാനത്തിന്റെ പേരിലുള്ള ഗിന്നെസ് റക്കോഡ്‌. അതിനുശേഷം 2007ഇല് ‍പുതുക്കിപ്പണിത 'വള്ളംകുളങ്ങര ചുണ്ടനാ'യി ഏറ്റവും വലിയ ചുണ്ടന്‍ വള്ളം. [നീളം 140', 42.7 മീറ്റര്‍]. 2008ഇല്‍ നിര്‍മ്മിച്ച ആദ്യത്തെ ഉരുക്ക് ചുണ്ടന്‍ 'എരീസ് പുന്നമട ചുണ്ടന്‍' പിന്നീട് ഈ ഗിന്നെസ് റെക്കോഡ് തിരുത്തി. 141 തുഴക്കാരെ ഉള്‍പ്പെടുത്തി 144 അടി നീളത്തില്‍ ഈ ചുണ്ടനായി പിന്നീട് കുട്ടനാട്ടിലെ ജലരാജാവ്.


ആലപ്പുഴ ജില്ലയിലെ ഹൌസ് ബോട്ടുകളടക്കം എല്ലാ വള്ളങ്ങളും ബോട്ടുകളും നെഹ്‌റു ട്രോഫിയുടെ ദിവസം പുന്നമടക്കായലിലുണ്ടാവും!
ഒന്നര കിലോമീറ്റര്‍ നീളമുള്ള ട്രാക്കിന്റെ ഇരുകരകളിലുമായി..
ഈ ട്രാക്ക് 10 മീറ്റര്‍ വീതിയുള്ള 4 പാതകളായി വിഭജിച്ച്‌ അതിലാണ് വള്ളങ്ങള്‍ മത്സരിക്കുന്നത്.

ഈ കാഴ്ച കേരളത്തിനു മാത്രം സ്വന്തം!
പച്ചപ്പാര്‍ന്ന തെങ്ങുകളുടെ പശ്ചാത്തലത്തില്‍ കുതിക്കുന്ന ഓടിവള്ളങ്ങള്‍..



ഓണത്തിനിടക്ക് പൂട്ടുകച്ചവടം!
വള്ളംകളിയുടെ ബഹളങ്ങളില്‍ നിന്നെല്ലാം മാറി അല്‍പ്പസമയം തനിച്ച്.. ഒരു കാശ്മീര്‍ മോഡല്‍ സവാരി.



മത്സരത്തില്‍ ജയിക്കാനാവാതെ വന്നാല്‍ പല വള്ളങ്ങളും തുഴക്കാര്‍ മുക്കുകയാണ് പതിവ്!

പിന്നെ പണിയാവുന്നത് പൊലിസുകാര്‍ക്ക്..



മാനം കറുത്തു..മഴ പെയ്യുമോ..?!

തുഴയലില്‍ സ്ത്രീകളും പിന്നിലല്ല. കൂട്ടിനു വിദേശവനിതകളും..

അല്‍പ്പം പരസ്യം പിടിക്കാന്‍ രാഷ്ട്രീയക്കാരും!





ഇനി അടുത്ത വര്‍ഷത്തെ മത്സരത്തിനായുള്ള കാത്തിരിപ്പ്..

ആലപ്പുഴപട്ടണം- വള്ളംകളി ദിവസത്തെ ചില നഗരക്കാഴ്ചകള്‍..







കായല്‍ക്കാഴ്ചകള്‍..
മഴ...
വള്ളംകളിയുടെ തലേ ദിവസം ആലപ്പുഴക്കാരന്‍ സുഹൃത്തുമൊന്നിച്ച് കെട്ടുവള്ളത്തില്‍ കള്ളടിക്കാന്‍ പോയപ്പോള്‍ പകര്‍ത്തിയ കാഴ്ചകള്‍..




[ക്യാമറ: കാനോന്‍ s2is]

അടുത്ത യാത്ര 2010 ഗ്രാന്‍പ്രി ഫോര്‍മുല വണ്‍ കാര്‍ റെയ്സിങ്ങിന്റെ വിശേഷങ്ങളുമായി ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലേക്ക്..

5 comments:

Unknown said...

കലക്കി തകര്‍ത്തു :-)
ഇതെവിടൊക്കെ നിന്നാ ഇതൊക്കെ എടുത്തത്? ഓടി നടക്കുവാരിന്നോ!!

ഏതാ ക്യാമറ?

Muralee Mukundan , ബിലാത്തിപട്ടണം said...

വളരേ ലൈവ്വായ ഫോട്ടൊകളും അതിനൊത്ത വിവരണങ്ങളും.....!

siya said...

വള്ളംകളി തൊട്ടു അടുത്ത് നിന്ന് കണ്ടപ്പോലെ,ഞാന്‍ ആ വള്ളത്തില്‍ ഒന്ന്‌ കൈ തൊട്ടപോലെ തോന്നി .. ,വിവരണവും ,ചിത്രങ്ങളും അതി മനോഹരം

മനു അഥവാ മാനസി said...

nannayittundu ranjichettaaa

നിരക്ഷരൻ said...

രഞ്ജീ - കിടു പടങ്ങൾ. നെഹ്രൂവുമായി ബന്ധപ്പെട്ടിട്ടുള്ള ചരിത്രവും, ചുണ്ടൻ വള്ളത്തിന്റെ ചരിത്രവുമൊക്കെ ആയപ്പോൾ ശരിക്കും കൊഴുത്തു.

എന്ന്...

ഇതുവരെ നെഹ്രു ട്രോഫി വള്ളം കളിയും തൃശൂർ പൂരവും കാണാത്ത ഒരു തെണ്ടി :)

ഒപ്പ്..