Saturday, May 25, 2013

തഞ്ചാവൂര്‍ ക്ഷേത്രസ്മരണകളിൽ..

മധുരയിലെ മാട്ടുതാവണി ബസ്സ്റ്റാന്റ് വിട്ടതിനു ശേഷം പൊടിപറക്കുന്ന, ഇരുവശത്തും പൊടിമണ്ണ് നിറഞ്ഞ പാതയിലൂടെയാണ് ബസ് പൊയ്ക്കൊണ്ടിരുന്നത്. തഞ്ചാവൂര്‍ക്ക് ഏകദേശം ഇരുന്നൂറു കിലോമീറ്ററോളം ദൂരമുണ്ട്. കുഴികള്‍ നിറഞ്ഞ ഈ മണ്‍പാതയും ആടിക്കുലുങ്ങി നീങ്ങുന്ന ഈ ബസുമല്ലാതെ മനുഷ്യനിര്‍മ്മിതമായ യാതൊന്നും ഈ ചുറ്റുപാടെങ്ങുമില്ല. ദൂരെ മൊട്ടക്കുന്നുകളും അതിന്റെ താഴ്വാരങ്ങളില്‍ നരച്ചു കാണുന്ന പനകളും.. വീശിയടിക്കുന്ന ഈ ഉഷ്ണക്കാറ്റിന് കാതോര്‍ത്താല്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് നിന്ന് കുതിരക്കുളമ്പടികള്‍ കേള്‍ക്കാം. പെരുമ്പറനാദങ്ങളും ഹുങ്കാരങ്ങളും കേള്‍ക്കാം. ജാലകത്തിനരികിലെ ഈ ഇരിപ്പിടത്തിലിരുന്നു നോക്കുമ്പോള്‍ വഴിയോരക്കാഴ്ചകള്‍ വേഗത്തില്‍ പുറകിലോട്ടു ഓടിമറയുന്നു. നൂറ്റാണ്ടുകള്‍ പുറകിലേക്ക്.. ദക്ഷിണേന്ത്യ ഒന്നാകെ കാല്‍കീഴിലാക്കി പിന്നീട് കടല്‍ കടന്നു തെക്ക് ലങ്കയിലെക്കും തെക്ക്-കിഴക്ക് മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്കും പടനയിച്ച്‌ സാമ്രാജ്യം വിസ്തൃതമാക്കിയ ചോളരാജാക്കന്മാരുടെ സുവര്‍ണ്ണകാലത്തേക്ക്..

ഒരുപക്ഷെ മധുരയിലെയും തഞ്ചാവൂരിലെയും ജനപഥങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പെരുവഴിയാവാം ഇത്. ദൂരെ പാതയ്ക്ക് സമാന്തരമായി ഒഴുകുന്ന കാവേരിയില്‍ നിന്ന് തണ്ണീര്‍ക്കുടങ്ങളെന്തി കുടിലുകളിലേക്ക് നീങ്ങുന്ന സ്ത്രീകളുടെ ചെറിയ ചെറിയ കൂട്ടങ്ങള്‍ വഴിയില്‍ കണ്ടു. പത്തു നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ദ്രാവിഡീയ ക്ഷേത്ര/ശില്‍പ്പ കലകളുടെ മേന്മ ലോകത്തിനു മുന്നില്‍ വിളംബരം ചെയ്ത തഞ്ചാവൂര്‍ പെരിയകോവിലിന്റെ നിര്‍മ്മാണത്തിന് വേണ്ട പടുകൂറ്റന്‍ കല്ലുകള്‍ എത്തിച്ചിരുന്നത് കാവേരി വഴിയാണ്. ഇതിനു വേണ്ടി കാവേരിക്ക് വെട്ടിയ കൈവഴി തഞ്ചാവൂര്‍ നഗരത്തിനു അരഞ്ഞാണം കെട്ടിയപോലെ നഗരത്തിലൂടെ കോവിലിനു ചുറ്റും വളഞ്ഞുപുളഞ്ഞു ഒഴുകുന്നു.

തഞ്ചാവൂര്‍ നഗരത്തോട് അടുക്കുകയാണ്..
ബസിലിരുന്നു തന്നെ ദൂരെ ബ്രുഹദീശ്വരക്ഷേത്തിന്റെ മാനം മുട്ടെ നില്‍ക്കുന്ന വിമാനം [ഗോപുരം]കാണാം....



ബ്രുഹദീശ്വരക്ഷേത്രം കാണുക എന്നതായിരുന്നു യാത്ര പുറപ്പെടുമ്പോഴത്തെ ഒരേയൊരു ലക്‌ഷ്യം. അതിനു മുന്‍പ് തഞ്ചാവൂര്‍ നഗരത്തെകുറിച്ച് അവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ പോലും മനസ്സിലാക്കാന്‍ സമയപരിമിതി പോലും കഴിഞ്ഞിരുന്നില്ല. മധുരമീനാക്ഷിക്ഷേത്രം കണ്ടതിനു ശേഷം [മധുര പോസ്റ്റ്‌ ഇവിടെ] തഞ്ചാവൂര്‍ വഴി മടക്കം, ഇതായിരുന്നു പ്ലാന്‍.
പഴമയുടെ ഗന്ധം പേറുന്ന, ഏറെയൊന്നും പുതിയ നിര്‍മ്മിതികളില്ലാത്ത ഒരു ഇടത്തരം നഗരമാണ് തഞ്ചാവൂര്‍. നഗരഹൃദയത്തിലുള്ള തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് കൊമ്പ്ലെക്സിനു മുന്നില്‍ തന്നെയാണ് ബസ് സ്റ്റാന്റ്. ബസ് സ്ടണ്ടിനു വലതു വശത്ത്‌ കണ്ട ഡിസ്ട്രിക്റ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെക്കാന് ആദ്യം പോയത്. അവിടെ നിന്ന് ടൂറിസം ഡിപ്പാട്മെന്റിന്റെ തഞ്ചാവൂര്‍ മാപ്പും വാങ്ങി നേരെ ഹൊട്ടെലിലേക്ക്..
വെയിലാറിയതിനു ശേഷം നാല് മണിയോടെ ക്ഷേത്രം കാണാനിറങ്ങാം എന്ന് നിശ്ചയിച്ചു. അത് വരെ വിശ്രമം..

ബസ്സ്റ്റാന്റിനു മുന്നിലെ ടാക്സി സ്റ്റാന്റ് കടന്നു മുന്നിലുള്ള മെഡിക്കല്‍ കോളേജിന്റെ മുന്നിലൂടെ പോകുന്ന പ്രധാന വീഥിയിലൂടെ വലത്തോട്ടു നടന്നു. കോളേജ് കാമ്പസിന്റെ ഇടതു വശത്തെ മതിലിനോട് ചേര്‍ന്നുള്ള ഗാന്ധിജി റോഡ്‌ റെയില്‍വെ സ്റെഷനിലേക്ക് പോകുന്ന വഴിയാണ്. ഇവിടെ ആരും പറഞ്ഞു തരാതെ തന്നെ നമുക്ക് കോവിലിലെത്താം. വൈകുന്നേരങ്ങളില്‍ എല്ലാ വഴികളും ഒഴുകിയെത്തുന്നത് ഈ കോവിലിലേക്കാണ്. പിച്ചിപ്പൂവും കനകാംബരവും ചൂടിയ തമിഴ് പെണ്‍കൊടികള്‍, വെള്ള കുപ്പായവും ദോത്തിയും ധരിച്ച പുരുഷന്മാര്‍, സണ്‍ഗ്ലാസ്സും കാല്‍സ്രായിയുമിട്ട വിദേശികള്‍, കളിപ്പാട്ടങ്ങളുമായി കുട്ടികള്‍.. എല്ലാവരുമുണ്ട്‌ ഇക്കൂട്ടത്തില്‍. കോളേജിന്റെ വലതുവശത്ത്‌ സ്ഥാപിച്ചിരിക്കുന്ന രാജരാജചോളന്റെ പ്രതിമയുടെ മുന്നിലാണ് ഈ വഴി അവസാനിക്കുന്നത്. ഇടതുവശത്തെ അശോകസ്തംഭത്തോട് ചേര്‍ന്ന് കാണുന്നത് ചോളന്‍ ശിലൈ ബസ് സ്റൊപ്പ്. മധുര, തഞ്ചാവൂര്‍, ഗന്ഗായ്കൊണ്ട ചോളപുരം, ചിദംബരം, കാഞ്ചീപുരം, കുംഭകോണം [ചെന്നൈ റൂട്ട്] ഈ സ്ഥലങ്ങളെ കണക്റ്റ് ചെയ്തു പോകുന്ന ടൂറിസം മാപിലെ പ്രധാനദേശീയപാതയാണ് ഇത്. ടൂറിസം കോര്‍പ്പരേഷന്‍ ഈ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി പല പാകെജുകളും കൊടുക്കുന്നുണ്ട്. പിന്നീട് ചെയ്യാം എന്ന് മാറ്റിവെച്ച യാത്രകളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് ദക്ഷിണേന്ത്യയിലെ ചേര-ചോള-പാണ്ട്യ ഭരണകാലത്തെ ഈ പുരാതനജനപഥങ്ങളിലൂടെയുള്ള യാത്ര..

രാജരാജചോളന്റെ പ്രതിമയുടെ മുന്നില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞതോടെ കാണായി ദൂരെ ബ്രുഹദീശ്വര ക്ഷേത്രത്തിന്റെ ഉയര്‍ന്ന ഗോപുരകവാടങ്ങള്‍. അവിടേക്ക് നയിക്കുന്ന രാജവീഥിയുടെ വലത് ഓരം ചേര്‍ന്ന് കച്ചവടക്കാരുടെയും കരകൌശലനിര്‍മ്മാതാക്കളുടെയും നീണ്ട നിര. ഭാരതത്തിന്റെ തനതായ കലാസൃഷ്ടികളുടെ മിനിയേച്ചര്‍ രൂപങ്ങള്‍ വിറ്റ് അന്നന്നത്തെ അപ്പം സമ്പാദിക്കുന്നവര്‍..

രാജരാജന്‍ ഗോപുരം

ദൂരെ റോഡില്‍ നിന്നേ തലയുയര്‍ത്തി നില്‍ക്കുന്ന പെരിയകോവിലിന്റെ പ്രവേശനഗോപുരം കാണാം. അതിനു പുറകില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പെരിയ കോവിലിന്റെ ശ്രീവിമാനം. ഈ രാജവീഥിയിലൂടെ നടക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പത്തെ ആസുരമായ പെരുമ്പറശബ്ദം കേള്‍ക്കുന്നില്ലേ.. ഇവിടെ വീശിയടിക്കുന്ന കാറ്റില്‍ പഴമയുടെ ഗന്ധമുണ്ട്. ഒരുപക്ഷെ ക്ഷേത്രസന്ദര്‍ശനത്തിനു വന്നിരുന്ന രാജാക്കന്മാര്‍ക്ക് സ്വാഗതമോതി പ്രവേശനകവാടത്തിന്റെ ഇരുവശത്തും പ്രൌഡിയോടെ നിന്നിരുന്ന ഗജകേസരികള്‍ക്ക്‌ പകരമായി ഇന്ന് സന്ദര്‍ശകര്‍ക്ക് അനുഗ്രഹമേകി പകരം ചില്ലറനാണയങ്ങള്‍ വാങ്ങുന്ന ഒരു വയസായ പിടിയാനയാണ് നില്‍ക്കുന്നത്!



കേരളം എന്ന് വിളിക്കുന്ന ഇന്നത്തെ ഭൂവിഭാഗങ്ങള്‍ ഭരിച്ചിരുന്നവരെ അന്ന് കേരള രാജാക്കന്മാര്‍ [ചേര രാജാക്കന്മാര്‍] എന്ന് വിളിച്ചിരുന്നു. അന്നത്തെ ചേരരാജാവ് ഭാസ്ക്കര രവിവര്‍മ്മനെ തോല്‍പ്പിച്ചാണ് രാജരാജചോളന്‍ ചോളസാമ്രാജ്യത്തെ വിപുലപ്പെടുത്തിയത്. ദക്ഷിണേന്ത്യയില്‍ ചേരസാമ്രാജ്യത്തിന്റെ പതനവും ചോളസാമ്രാജ്യത്തിന്റെ ഉദയത്തിന്റെയും നാളുകള്‍.. ചേരരാജാവിന്റെ മേല്‍ നേടിയ വിജയത്തിന്റെ പ്രതീകമായി ഈ ഗോപുരം കേരളാന്തക ഗോപുരം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

കേരളാന്തകഗോപുരം

കേരളാന്തകഗോപുരം ദ്രാവിഡീയ ക്ഷേത്രനിര്‍മ്മാണവിധിപ്രകാരം ശ്രീവിമാനരീതിയില്‍ അഞ്ചു നിലകളിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രവേശനഗോപുരത്തോട് ചേര്‍ന്ന് കാണുന്ന അസാമാന്യവീതിയുള്ള, ഇരുപതു അടിയിലേറെ ഉയരമുള്ള കന്മതിലിലാണ് ഗോപുരത്തിന്റെ ഭാരം വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. [ശ്രീവിമാനരീതിയില്‍ ഗോപുരങ്ങള്‍ പണിതിരിക്കുന്ന ക്ഷേത്രങ്ങളിലെല്ലാം ഈ വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മധുരമീനാക്ഷിക്ഷേത്രഗോപുരങ്ങള്‍, കേരളത്തില്‍ സമാനകാലത്ത് പണിതതെന്ന് കരുതപ്പെടുന്ന പത്മനാഭസ്വാമിക്ഷേത്രം, തിരുവഞ്ചിക്കുളംക്ഷേത്രം എന്നിവ ഉദാഹരണങ്ങളാണ്]
ഒറ്റക്കല്ലില്‍തീര്‍ത്ത മതിലിലെ ഈ വലിയ കരിങ്കല്‍പാളികള്‍ തമ്മില്‍ ബോള്‍ & ലോക്ക് സങ്കേതം ഉപയോഗിച്ച് ഇന്റര്‍ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഗോപുരത്തോട് അടുക്കുന്ന ഉയര്‍ന്ന വിതാനത്തിലെത്തുമ്പോള്‍ ഈ കരിങ്കല്‍ പാളികള്‍ മെര്‍ജ് ചെയ്തു ഒറ്റനിര്‍മ്മിതിയാകുന്നു. ബോള്‍ & ലോക്ക് സംവിധാനമുപയോഗിച്ച് ഈ കൂറ്റന്‍ ശിലകള്‍ ഇന്റര്‍ലോക്ക് ചെയ്തിരിക്കുന്ന, പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഭാഗങ്ങള്‍ ഈ കന്മതിലില്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പുരാതനഭാരതീയ തച്ചുശാസ്ത്രത്തിന്റെ മികവു വിളിച്ചോതുന്ന സിമെട്ട്രി..!
ഈ കൂറ്റന്‍ കന്മതിലുകളും വീതിയുള്ള ബെയ്സും നിര്‍മ്മിതിയുടെ ഭാരം പങ്കുവെക്കുന്നത് കൊണ്ട് ഫൌനടെഷന്റെ ആഴം പരമാവധി കുറച്ചു ചെയ്തിരിക്കുന്നു. ആധുനികകാലത്തെ സ്കൈ സ്ക്രാപ്പറുകളില്‍ ചെയ്യുന്ന പോലെ ആഴമേറിയ ഫൌണ്ടേഷനും ബെയ്സ്മെന്റ്റ് നിലകളുമോന്നും ഇവിടെ ചെയ്യേണ്ട ആവശ്യമില്ല.

ഈ ഗോപുരത്തിന്റെ മുന്‍വശത്ത്‌ പല രീതിയില്‍ ശിവരൂപങ്ങള്‍ കൊത്തിയിരിക്കുന്നു. ശിവന്‍ രുദ്രതാണ്ഡവ രൂപത്തില്‍, പാര്‍വതിയോടൊപ്പം, ഭിക്ഷാടകരൂപത്തില്‍ എന്നിങ്ങനെ..

ഈ ഗോപുരത്തിന്റെ പുറകു വശത്ത്‌ ശ്രീകൃഷ്ണലീലകള്‍ കൊത്തിയിരിക്കുന്നു. കൂടാതെ മഹാ വിഷ്ണു, ഹിരണ്യകശിപുവുമായുള്ള വിഷ്ണുവിന്റെ യുദ്ധം ചിത്രീകരിക്കുന്ന ശില്‍പ്പങ്ങളും ഉണ്ട്. മുകള്‍ ഭാഗത്ത് ശിവന്റെയും വിഷ്ണുവിന്റെയും ശില്‍പ്പങ്ങള്‍.. ശിവനും വിഷ്ണുവിനും തുല്യമായി സമര്‍പ്പിച്ചിരിക്കുന്ന പ്രധാനകവാടം.

പ്രവേശനഗോപുരമായ രാജഗോപുരം കടന്നു പ്രവേശിക്കുന്നത് രാജരാജന്‍ ഗോപുരം. രാജരാജചോളന്റെ ഭരണകാലത്ത് തന്നെയാണ് ഈ ഗോപുരവും നിര്‍മ്മിച്ചത്. പ്രവേശനകവാടത്തെക്കാള്‍ ഉയരമുള്ള ഈ ഗോപുരത്തിന് ചില പ്രത്യേകതകളുണ്ട്. മൂന്നാള്‍ പൊക്കത്തിലുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത ദ്വാരപാലകന്മാര്‍ ഗോപുരത്തിന്റെ ഇരുവശങ്ങളിലും കാവല്‍ നില്‍ക്കുന്നു.



ഈ കൂറ്റന്‍ ശില്പ്പത്തിന്റെ മുകള്‍വശത്തെ കൈകള്‍ ദൈവം സര്‍വവ്യാപിയാണ് എന്ന തത്വത്തെ സൂചിപ്പിക്കുന്നു. വലതുകയ്യുടെ ഉയര്‍ത്തിപിടിച്ച ചൂണ്ടു വിരല്‍ ദൈവം ഒന്നേയുള്ളൂ എന്ന സന്ദേശം നല്‍കുന്നു.

രാജരാജഗോപുരം കടന്നു വിശാലമായ മുറ്റത്തു പ്രവേശിക്കുന്നതോടെ പ്രധാനനിര്‍മ്മിതിയായ ബ്രുഹദീശ്വര ക്ഷേത്രശ്രീകോവിലിന്റെ ഭീമാകാരരൂപം കണ്മുന്നില്‍ ദൃശ്യമാകും.



കിലോമീറ്റെരുകള്‍ക്ക് അപ്പുറം ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്ന് രാവിലെ കണ്ട ഗോപുരം. പത്തു നൂറ്റാണ്ടുകളുടെ പ്രകൃതി ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച, ഇനിയും അത്ര തന്നെ കാലം നിലനില്‍ക്കാന്‍ ശേഷിയുള്ള, പൂര്‍ണ്ണമായും കരിങ്കല്ലില്‍ കൊത്തിയ അസാമാന്യ ഭാരമുള്ള ഈ നിര്‍മ്മിതിക്ക് ഫൌണ്ടേഷന്‍ കൊടുത്തിരിക്കുന്നത് വെറും ഏഴു അടി താഴ്ച്ചയിലാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാമോ?

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര ഗോപുരമാണിത്. 216 അടിയാണ് [66 മീറ്റര്‍] ഗോപുരത്തിന്റെ ഉയരം.
ഈ രണ്ടു ഗോപുരങ്ങള്‍ കടന്നാല്‍ കാണുന്ന വിശാലമായ ചതുഷ്കോണാക്രുതിയിലുള്ള അങ്കണത്തിന്റെ മധ്യഭാഗത്ത് ആദ്യം നന്ദിമണ്ഡപവും പുറകില്‍ പ്രധാനഗോപുരമായ ക്ഷേത്രത്തിന്റെ ശ്രീവിമാനം നിലനില്‍ക്കുന്ന ബ്രുഹദീശ്വരമണ്ഡപവും. ഇതിന്റെ വലത് വശത്തായി ദക്ഷിണാമൂര്‍ത്തി മണ്ഡപവും ഗണപതിമണ്ഡപവും വരാഹിയുടെയും ഹനുമാന്റെയും കോവിലുകളും.. ഇടതു വശത്ത്‌ നടരാജമണ്ഡപം, ബ്രഹണ്യാഗി മണ്ഡപം, കരുവുരാര്‍ മണ്ഡപം, മുരുകന്‍ കോവില്‍ തുടങ്ങിയവയും.

ചിത്രത്തില്‍ ഇടതുവശത്ത്‌ നന്ദിമണ്ഡപവും പ്രവേശനകവാടങ്ങളായ രാജഗോപുരവും [കേരളാന്തക ഗോപുരം] രാജരാജന്‍ ഗോപുരവും. ക്ഷേത്രസമുച്ചയത്തിനു അകത്തു ബ്രുഹദീശ്വരക്ഷേത്രത്തിനു മുന്നില്‍ നിന്നുള്ള ദൃശ്യം.

1,30,0000 ടണ്‍ കല്ല്‌ കൊണ്ടാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കല്ലില്‍ നിര്‍മ്മിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമാണിത്.


രാജഭരണകാലത്ത് നിത്യപൂജക്കുള്ള നൂറുകണക്കിന് ബ്രാഹ്മണപുരോഹിതര്‍ കൂടാതെ 400 ദേവദാസികള്‍, 57 സംഗീതന്ജ്ഞര്‍ ,കണക്കുകള്‍ സൂക്ഷിക്കുന്ന ഗുമസതര്‍,നര്‍ത്തകര്‍, ശില്‍പ്പികള്‍, കരകൌശലവസ്തുക്കളുടെ നിര്‍മ്മാതാക്കള്‍,
പൂ കച്ചവടക്കാര്‍, പാല്‍-നെയ്‌ കച്ചവടക്കാര്‍ ഇങ്ങനെ ആയിരത്തിലധികം പേര്‍ ക്ഷേത്രത്തെ ആശ്രയിച്ചു ജീവിച്ചിരുന്നതായി ഇവിടത്തെ ശിലാലിഖിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
റോമന്‍ ഭരണാധികാരികള്‍ക്ക് കൊളോസിയം എന്ന പോലെയായിരുന്നു ചോളരാജാക്കന്മാര്‍ക്ക് ഈ കോവിലും. രാജഭരണകാലത്തെ സുപ്രധാനചടങ്ങുകള്‍, പൊതുപരിപാടികള്‍, ഘോഷയാത്രകള്‍, യാഗങ്ങള്‍, കലാപരിപാടികള്‍ എന്നിവക്കെല്ലാം വേദിയായിരുന്നു ഇവിടം.



പരമ്പരാഗതമായി കല്ലില്‍ ശില്‍പ്പവേല ചെയ്യുന്നവരുടെ പിന്തുടര്‍ച്ചക്കാര്‍ ഇന്നും തന്ചാവൂരിലുണ്ട്. ചെറിയ ചെറിയ ക്ഷേത്രംപണികളും വിഗ്രഹം കൊത്തലുമായി അവര്‍ കാലം കഴിക്കുന്നു. കരിങ്കല്ലില്‍ കവിതവിരിയിച്ച ഒരു തലമുറയുടെ പിന്തുടര്‍ച്ചക്കാര്‍ എന്ന കീര്‍ത്തി ഇവര്‍ക്ക് തണലാകുന്നില്ല. കാഴ്ചക്കാരുടെയും അധികാരികളുടെയും കണ്ണില്‍ സമൂഹത്തിന്റെ പുറമ്പോക്കില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍..!

ക്ഷേത്രത്തിന്റെ പ്രകാരങ്ങളിലുള്ള ചോളഭരണകാലത്തെ ചുമര്‍ചിത്രകള്‍.

പുരാതനകാലത്തെ ചുമര്‍ചിത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്ന ഡി-സ്റ്റക്കോ എന്ന സാങ്കേതികവിദ്യ ലോകത്ത് ആദ്യമായി നടപ്പിലാക്കിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ്. 1980ഇല്‍ ഈ ക്ഷേത്രത്തിലാണ് അവര്‍ ഇത് വിജയകരമായി പൂര്‍ത്തിയാക്കിയത്. ചില പ്രത്യേകരാസവസ്തുക്കളും ബൈന്റര്‍ വസ്തുക്കളും വെള്ളവും ചേര്‍ന്ന മിശ്രിതം ചുമരുകളിലും മുകല്‍ത്തട്ടുകളിലും പാളികളായി ചെര്‍ക്കുന്നതിനെയാണ് സ്റ്റക്കോ എന്ന് പറയുന്നത്. ചുമരുകളിലെ കോട്ട്‌ ചെയ്ത പാളികള്‍ നീക്കുന്ന പ്രവര്‍ത്തനമാണ് ഡി-സ്റ്റക്കോ. നായക് ഭരണകാലത്ത് നിറം മങ്ങിയ ഈ ചുമര്‍ചിത്രങ്ങള്‍ക്ക് മീതെ ചിത്രങ്ങള്‍ വരച്ചിരുന്നു. ഡി-സ്റ്റക്കോ പ്രോസേസ് വഴി നായക് ചിതങ്ങള്‍ ഫൈബര്‍ ഗ്ലാസ്‌ ബോർഡുകളിലേക്ക് മാറ്റി സൂക്ഷിക്കുകയും യഥാര്‍ത്ഥ ചോള ചുമര്‍ചിത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.

ആയിരം വര്‍ഷം പഴക്കമുള്ള ചോളരാജഭരണകാലത്തെ ചുമര്‍ചിത്രങ്ങള്‍ക്ക് മേലെ സൂപ്പര്‍ഇമ്പോസ് ചെയ്തിരുന്ന പതിനാറു നായക് ചിത്രങ്ങള്‍ ഈ രീതിയില്‍ വേര്‍തിരിച്ചിട്ടുണ്ട്. നാനൂറു വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന ഈ നായക് ചിത്രങ്ങള്‍ തന്ജാവുര്‍ മ്യൂസിയത്തിലെ ഒരു പവലിയനില്‍ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്.

ഫൈബര്‍ ഗ്ലാസ്‌ ബോര്‍ഡില്‍ പുനര്‍സൃഷ്ടിച്ച ത്രിപുരാന്തകന്റെ ചിത്രം.[pic courtesy:the hindu website]



ശിലാഫലകങ്ങളിലും ചെമ്പ് തകിടുകളിലും തന്റെ ഭരണകാലത്തെ ചരിത്രം ഭാവിതലമുറകള്‍ക്ക് വേണ്ടി ആലേഖനം ചെയ്തു സൂക്ഷിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ ചോളരാജാവാണ് രാജരാജചോളന്‍. അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങള്‍, പൊതുഭരണസംവിധാനങ്ങള്‍, അദ്ദേഹം പിന്തുടര്‍ന്നിരുന്ന നീതിന്യായവ്യവസ്ഥ, കൃഷിക്കും ജലസേചനത്തിനും വേണ്ടി സ്വീകരിച്ച നൂതനമാര്‍ഗ്ഗങ്ങള്‍, സാമാന്യജനത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി കൈക്കൊണ്ട മാനവികതയിലൂന്നിയ പ്രവര്‍ത്തന പരിപാടികള്‍ എല്ലാം ഈ ശിലാഫലകങ്ങളില്‍ ഉള്‍ക്കൊള്ളുന്നു. ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ജനപ്രിയനായ ഒരു ഭരണാധികാരിയായാണ് രാജരാജചോളന്‍ കണക്കാക്കപ്പെടുന്നത് . പതിനൊന്നാം നൂറ്റാണ്ടിലെ ഭരണസംവിധാനങ്ങള്‍, സമൂഹം, മനുഷ്യന്‍, പ്രകൃതി എന്നിവയെകുറിച്ചെല്ലാം വ്യക്തമായ വിവരങ്ങള്‍ ചരിത്രകാരന്മാര്‍ക്ക്‌ കിട്ടിയത് ഈ ഫലകങ്ങളിലൂടെയാണ്.

ക്ഷേത്ത്രത്തിനു സമീപം കാലപ്പഴക്കത്തില്‍ ക്ഷതങ്ങള്‍ നേരിട്ട, പത്തു നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജരാജചോളന്റെ കാലത്തെ ശിലാഫലകങ്ങള്‍.

ക്ഷേത്രനിര്‍മ്മാണത്തിന് വേണ്ടി രാജാവും രാജ കുടുംബാങ്ങളും മാത്രമല്ല സാധാരണ പൌരന്മാരും നല്‍കിയ സംഭാവനകളും ഈ ശിലകളില്‍ ആലേഖനം ചെയ്തു സൂക്ഷിച്ചിരിക്കുന്നു.

കിരീടാവകാശിയായിരുന്ന തന്റെ സഹോദരന്‍ ആദിത്യകരികാലനെ രാജ്യദ്രോഹികള്‍ ചതിയില്‍ കൊലപ്പെടുത്തിയ സംഭവങ്ങള്‍ 'ഉദയാര്‍ക്കുടി രേഖകള്‍' എന്നറിയപ്പെടുന്ന ലിഖിതങ്ങളില്‍ രാജരാജ ചോളന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചിദംബരത്തെ കാറ്റുമാന്നാര്കൊവിലിലാണ് ഈ ശിലാഫലകങ്ങള്‍. ബ്രാഹ്മണഹത്യ പാപമായി കരുതപ്പെട്ടിരുന്നത് കൊണ്ട് തന്റെ സഹോദരനെ കൊലപ്പെടുത്തിയ ബ്രാഹ്മണരെ വധശിക്ഷക്ക് വിധിക്കാതെ അവരെ സ്ഥാനഭ്രാഷ്ടരാക്കി, സ്വത്തുക്കള്‍ കണ്ടുകെട്ടി കുടുംബസമേതം നാടുകടത്തിയ സംഭവങ്ങളെല്ലാം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. സഹോദരന്റെ മരണശേഷം തന്റെ അമ്മാവനായിരുന്ന ഉത്തമചോളനെ പതിനാറു വര്‍ഷത്തോളം രാജസ്ഥാനം എല്പ്പിച്ചതിനു ശേഷമാണ് രാജരാജചോളന്‍ ചോളസാമ്രാജ്യത്തിന്റെ രാജാവായി ഭരണം ഏറ്റെടുക്കുന്നത്.
പുരാതന റോമന്‍ രാജവംശങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് കൊട്ടാരകെട്ടുകളിലെ വഞ്ചനകളുടെയും ഉപചാപങ്ങളുടെയും ചാണക്യസൂത്രങ്ങളുടെയും ചരിത്രം പേറിക്കൊണ്ടാണ് ഈ കന്മതിലുകള്‍ നിലകൊളളുന്നത്. അല്ലെങ്കില്‍ രാജവംശങ്ങളുടെ ചരിത്രം എന്നാല്‍ മറ്റെന്താണ്?! [camera: Canon s2is]

19 comments:

Unknown said...

നല്ല ചിത്രങ്ങള്‍, വിശദീകരണവും.
ആശംസകള്‍!!

ranji said...

മുഗൾസാമ്രാജ്യത്തിന്റെ പൂന്തോട്ടനഗരി ഡൽഹി-ആഗ്ര വിശേഷങ്ങളുമായി അടുത്ത യാത്ര..

ranji said...

നന്ദി ഗന്ധർവരെ..
അഞ്ചു വർഷം മുൻപ് 2007ഇൽ നടത്തിയ യാത്രയുടെ വിവരണമാണ്.
വീണ്ടും ബ്ലോഗ്‌ പൊടിതട്ടിയെടുക്കുന്നു. :)

ASOKAN T UNNI said...



G O O D......!

Muralee Mukundan , ബിലാത്തിപട്ടണം said...

ചേരരാജക്കൾ ഉണ്ടാക്കിയ കേരളാന്തകഗോപുരത്തെകുറിച്ചും
മറ്റും ഇപ്പോഴാണ് ഞാനറിയുന്നത്...

ajith said...

ബ്ലോഗ് പൊടിതട്ടിയെടുക്കൂ
ഈ യാത്രാവിവരണവും ഫോട്ടോകളും അസ്സലായിട്ടുണ്ട്

ശ്രീ said...

നല്ല ചിത്രങ്ങളും വിവരണവും.

രണ്ടു വ‌ര്‍ഷം തഞ്ചാവൂര്‍ താമസിച്ചു പഠിച്ചിരുന്ന കാലത്ത് എല്ലാ ആഴ്ചയും പോകുമായിരുന്നു, ഇവിടെ.

Sneha said...

പൊടി നന്നായി തട്ടി തുടച്ച് വച്ചോ..:)

നല്ല ചിത്രങ്ങൾ. നല്ല വിവരണം. കൂടാതെ ചരിത്രവും മറ്റു വിവരങ്ങളും അറിയാനായി.

Unknown said...

നല്ല വിവരണം. തഞ്ചാവൂര്‍ മോഹം ഏറെക്കാലമായി ഉറങ്ങിക്കിടക്കുന്നു :(

Unknown said...

വളരെ നല്ല യാത്രാവിവരണം... അതിമനോഹരമായ ചിത്രങ്ങൾ..... ചരിത്രപരമായ അനേകം പുതിയ വിവരങ്ങൾ..... എല്ലാംകൊണ്ടും മേന്മയേറിയ വിവരണംതന്നെ... തുടരട്ടെ ഈ മനോഹരയാത്രകൾ...... ആശംസകൾ നേരുന്നു....

ലംബൻ said...

അതിമനോഹരമായ ചിത്രങ്ങള്‍.
അവിടെ എത്തിയ പോലെ..
വളരെ ഇഷ്ടപ്പെട്ടു.

Unknown said...


നല്ല ചിത്രങ്ങളും വിവരണവും

ആഷിക്ക് തിരൂര്‍ said...

നല്ല ചിത്രങ്ങളും വിവരണവും.
ആശംസകൾ ...
വീണ്ടും വരാം ....
സസ്നേഹം ,
ആഷിക് തിരൂർ

sandeep said...

"http://yathrakal.com/index.php?option=com_content&view=article&id=403:2011-01-05-20-24-24&catid=63:tamilnadu&Itemid=2"

ഈ മധുര മീനാക്ഷി ക്ഷേത്ര ത്തിനെ പറ്റിയുള്ള ചരിത്രം അപ്പടി പിശകാണല്ലോ സുഹ്രത്തെ. പറയപ്പെടുനത് നമ്മുടെ ഇന്തോളജി വീരന്മാരോന്നും ഈ ക്ഷേത്ര ചരിത്രം തൊടാൻ ധൈര്യപെടില്ല എന്നാണ്. കാരണം എന്തെന്ന് അറിയാമ്മോ ? അവരുടെ ആര്യൻ ദ്രാവിട്യൻ ചരിത്ര കഥകൾ മാറ്റി എഴുതപ്പെടും എന്നുള്ളത് കൊണ്ട് തന്നെയാണ് ഇത്.
www.lieswithlonglegs.com എന്ന് പുസ്‌തകം വായിക്കുക

ranji said...

ഈ കുറിപ്പ് ഇപ്പോഴാണ് കാണുന്നത് സന്ദീപ്‌.
ആര്യ ദ്രാവിഡ സംസ്കാരങ്ങളുടെ ആവിര്ഭാവവും ചരിത്രവുമൊന്നും ഞാൻ 'മധുര മീനാക്ഷി' പോസ്റ്റിൽ വിഷയമാക്കിയിട്ടില്ലല്ലോ. ക്ഷേത്രത്തിന്റെ നിര്മ്മാണശൈലിയും രീതികളുമാണ് അതിൽ പറഞ്ഞിട്ടുള്ളത്. 'ദ്രവീടിയൻ നിര്മ്മാണ ശൈലി' എന്നതാണ് വിവാദവിഷയമെങ്കിൽ മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളെ ദ്രവീടിയൻ ഭാഷകൾ എന്ന് വിളിച്ചു വരുന്ന പോലെ സൌത്തിലെ ക്ഷേത്രനിര്മ്മാണരീതി (കോവിൽ മോഡൽ) എന്നാണു അത് അര്തമാക്കുന്നത്. കുറച്ചു കൂടി വ്യക്തമാക്കിയാൽ ദ്രവീടിയൻ ശൈലിയിലെ ചോള ആര്കിടെക്ചർ സമ്പ്രദായം.
എന്താണ് ഉദ്ദേശിച്ചതെന്നു സന്ദീപ്‌ കുറച്ചുകൂടി വ്യക്തമാക്കാമോ.

Anonymous said...

യാത്രാവിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട്.ഒരു WordPress website vazhi E blog follow cheyan ethelum option undo..?My web address www.enlightenedseconds.wordpress.com..Thanks

പ്രവാഹിനി said...

വിവരണം മനോഹരം ചിത്രങ്ങൾ അതി മനോഹരം

രാമു said...

ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
(രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

Unknown said...

തഞ്ചാവൂർ ക്ഷേത്രത്തിന് സമീപം താമസിക്കാൻ ഏകദേശം 60 പേർ സൗകര്യം ഉണ്ടോ